കാതമണ്ഡു: വിനോദസഞ്ചാരത്തിന്റെ പ്രത്യേക വര്‍ഷമായി 2025 മാറുമെന്ന് നേപ്പാള്‍.നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പോഡലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ വന്‍ തകര്‍ച്ച നേരിട്ട വിനോദസഞ്ചാര മേഖല സാവധാനം കരകയറുകയാണ്.
2023-ന്റെ തുടക്കം മുതല്‍ പ്രതിമാസം ഒരു ലക്ഷത്തോളം വിനോദസഞ്ചാരികള്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്നുണ്ട്. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2023-ന്റെ ആദ്യ നാല് മാസങ്ങളില്‍ നേപ്പാള്‍ 3.26 ലക്ഷം വിദേശ വിനോദ സഞ്ചാരികളുടെ വരവ് രേഖപ്പെടുത്തി.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നിയമത്തില്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ജനപ്രിയമാക്കുകയും അതിനനുസരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.
ഏഴ് പ്രവിശ്യകളിലും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തും. പര്‍വതാരോഹകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
സിനിമാ ചിത്രീകരണത്തിലൂടെ പ്രശസ്തമായ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഫിലിം ടൂറിസം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുകയും വിപുലീകരിക്കുകയും സാഹസിക വിനോദസഞ്ചാരത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.
നേപ്പാളിന്റെ കല, സംസ്കാരം, ഭാഷ, സാഹിത്യം എന്നിവ അന്താരാഷ്ട്ര രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതില്‍ വിദേശ പൗരന്മാര്ക്കുള്ള പങ്ക് പരിഗണിച്ച് സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ ‘സമര്മത പ്രത്യേക ബഹുമതി’ നല്കി ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: