അജയ് മേനോന്
2016ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിക്കുകയുണ്ടായി. എന്തിനായിരുന്നു അത്? നമ്മുടെ സാമ്പത്തിക നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായി കള്ളപ്പണവും വ്യാജ കറന്‍സികളും നടമാടുന്ന സമയത്തായിരുന്നു സര്‍ക്കാരിന്റെ ധീരമായ വിളംബരം ഉണ്ടായത്.
എന്തുണ്ടായി?
ആര്‍ക്കാണ് നൊന്തത്? ആരാണ് സങ്കടപ്പെട്ടത്? ഉത്തരം ലളിതം. കള്ളപ്പണം സ്വരൂപിച്ചവരും, നികുതി വെട്ടിച്ച് അനധികൃതമായി ധനം സ്വരൂപിച്ചവരും മാത്രം. നേരായ വഴിയില്‍ സഞ്ചരിച്ചിരുന്ന സകലരേയും അത് ബാധിച്ചതേയില്ല, അവര്‍ സത്യസന്ധമായി സ്രോതസുകള്‍ വെളിപ്പെടുത്തി നോട്ടുകള്‍ മാറ്റി വാങ്ങുകയും ചെയ്തു. പിന്നെ പ്രതിപക്ഷത്തിന്റെ അലമുറയും കഴുതരോദനവും മാത്രം ബാക്കിയായി. നാടിന്റെ നന്മക്കായി ഇത്തരം രോദനങ്ങളെ അവഗണിക്കുകയേ മാര്‍ഗമുള്ളു. പ്രതിപക്ഷം ഭരിക്കുന്ന സമയത്ത് ചെലവു ചുരുക്കലെന്ന പേരില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കറന്‍സി അച്ചടിച്ചിരുന്നുവെന്ന സത്യം സാമ്പത്തിക വിദഗ്ധര്‍ക്കു പോലും അറിവില്ലായിരിക്കാം. തുടര്‍ന്നാണ് മൂല്യക്കൂടുതലുള്ള നോട്ടുകളുടെ വ്യാജന് മറുനാടുകളില്‍ നിന്നും ഇന്ത്യക്കകത്തേക്ക് ചേക്കേറിയത്. എന്നാല്‍, അതിന്റെ ഭവിഷ്യത്ത് എന്താണെന്ന് സാധാരണക്കാര്‍ പോലും മനസിലാക്കിയിരിക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ അസ്ഥിവാരം തകര്‍ക്കാന്‍ അത്തരം ക്ഷുദ്രശക്തികള്‍ ശ്രമിക്കുകയും അതില്‍ കുറേയൊക്കെ വിജയിക്കുകയുമുണ്ടായി. പക്ഷെ, നമ്മുടെ ധീരനായ പ്രധാനമന്ത്രിയുടെ നേരിട്ടിടപെടല്‍ മൂലം നമ്മുടെ രാജ്യത്തെ രക്ഷിക്കാനായി. ചാക്കുകണക്കിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കള്ളപ്പണക്കാര്‍ ഉപേക്ഷിച്ചത്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലുള്ളവര്‍ക്ക് ആ സത്യം അറിയാം. അങ്ങനെ ധീരമായ നോട്ടു നിരോധനത്തിലൂടെ നമ്മുടെ സര്‍ക്കാര്‍ രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷിച്ചു.
മറുമരുന്ന്?
ഏതു സല്‍പ്രവര്‍ത്തിക്കും ചില നീക്കുപോക്കുകള്‍ അനിവാര്യമാണ്. ഇന്ത്യയില്‍ ഏതു നോട്ട് നിരോധിച്ചാലും അന്താരാഷ്ട്ര നാണ്യ വിനിമയ വിപണിയില്‍ ഇന്ത്യയുടെ നാണയ മൂല്യത്തെ അത് ബാധിക്കുന്നു, താല്ക്കാലികമായിട്ടെങ്കിലും. അതുകൊണ്ടുതന്നെ ആഗോള തലത്തില്‍ നോട്ടുനിരോധനം കൊണ്ട് ഉണ്ടായേക്കാവുന്ന താല്‍ക്കാലിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനായിട്ടാണ് താല്‍ക്കാലികമായി തന്നെ മൂല്യാധിക്യമുള്ള രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകള്‍ അച്ചടിച്ചു വിട്ടത്. അത് ഫലം ചെയ്യുകയും ചെയ്തു.
ഇനിയെന്ത്?
രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുന്നതിനെക്കുറിച്ച് എന്താണിത്രമാത്രം ആവലാതിപ്പെടാനുള്ളത്? 2016 ല്‍ കള്ളപ്പണം തടയുന്നതിനുവേണ്ടി മോദി സര്‍ക്കാര്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിവലിക്കുകയുണ്ടായി. അതുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് കള്ളപ്പണക്കാര്‍ക്ക് മാത്രം. മോദി സര്‍ക്കാര്‍ അതുമാത്രമല്ല ചെയ്തത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കി ധനവിനിമയം സുതാര്യമാക്കി. കള്ളപ്പണക്കാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. ഇതിന് വേറൊരു വശം കൂടിയുണ്ട്. വിദേശത്തു നിന്ന് കള്ളനോട്ടുകള്‍ വരുന്നത് മിക്കവാറും 1000, 2000 തുടങ്ങിയ മൂല്യമേറിയ നോട്ടുകളായാണ്. മൂല്യം കുറഞ്ഞ നോട്ടുകള്‍ അപ്രകാരം അച്ചടിച്ചാല്‍ നമ്മുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ കൂടുതല്‍ സമയവും അധ്വാനവും വേണം. സര്‍ക്കാര്‍ അതുകൊണ്ടുതന്നെയാണ് മൂല്യമേറിയ നോട്ടുകള്‍ നിരോധിച്ചത്.
ഓണ്‍ലൈന്‍ വിനിമയം സുതാര്യം
പിന്നെ, ഓണ്‍ലൈന്‍ വിനിമയങ്ങള്‍ക്ക് കരുത്തേറിയതോടെ നമ്മുടെ സാമ്പത്തിക നില കൂടുതല്‍ സുതാര്യവും സുരക്ഷിതവുമായി. 2016 നു ശേഷം 2000 ത്തിന്റെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ മനസിലാക്കാം, മൂല്യമേറിയ നോട്ടുകള്‍ നമ്മുടെ സമ്പദ്വ്യവസ്ഥക്ക് ആവശ്യമുള്ളതല്ല എന്ന്. മിക്കവാറും വലിയ സാമ്പത്തിക വിനിമയങ്ങള്‍ ബാങ്കു വഴിയാണ് നടക്കുന്നത്. അതാണ് സുതാര്യവും. പിന്നെ സാധാരണക്കാരന്റെ പോക്കറ്റില്‍ മൂല്യമേറിയ നോട്ടുകള്‍ കൊണ്ടെന്ത് പ്രയോജനം. ആയുസിലൊരിക്കല്‍ വീടു വെക്കാനോ മക്കളുടെ വിവാഹത്തിനോ മറ്റുമാണ് കൂടുതല്‍ പണം വേണ്ടിവരുന്നത്. അത് മിക്കവാറും ബാങ്ക് ലോണോ അഥവാ ബാങ്കു വഴിയോ ആയിരിക്കും നടത്തുന്നത്. അതിന് ആയിരത്തിന്റേയും രണ്ടായിരത്തിന്റേയും ചാക്കുകെട്ട് കൊണ്ടുനടക്കേണ്ട കാര്യമില്ലല്ലോ. മാത്രമല്ല, ഓണ്‍ലൈന്‍ വഴി ഒരുവിധം എല്ലാ വിനിമയങ്ങളും നടത്താമെന്നിരിക്കെ സത്യസന്ധനായ ഒരാള്‍ക്ക് വേവലാതി വേണ്ട. കള്ളപ്പണം സൂക്ഷിക്കാന്‍ മൂല്യമേറിയ നോട്ടുകള്‍ ആണ് സൗകര്യം. കള്ളനോട്ടടിക്കുന്നവര്‍ക്കും അതു തന്നെ സ്വീകാര്യം.
ബാക്കിപത്രം
രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചത് എന്തുകൊണ്ടും സുതാര്യമായ സമ്പദ്വ്യവസ്ഥക്ക് നല്ലതു തന്നെ. പിന്നെ, അച്ചടിനോട്ടിന് ഒരായുസുണ്ട്. 2016 ല്‍ അടിച്ച നോട്ടുകളുടെ ആയുസും അവസാനിച്ചിരിക്കുന്നു. കടലാസല്ലേ, തേയ്മാനം വരുമല്ലോ. 2000 ന്റെ നോട്ടു പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരു കഷ്ടവുമില്ല. കൈക്കൂലിക്കാര്‍ക്കും അനധികൃത മാര്‍ഗങ്ങളിലൂടെ സമാഹരിച്ച പണം സൂക്ഷിക്കുന്നതിനും മൂല്യാധിക്യമുള്ള കറന്‍സികള്‍ ഉതകും. അവര്‍ക്കാണ് അത്തരത്തിലുള്ള നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ അശനിപാതമാകുന്നത്. മാത്രമല്ല, മാര്‍ച്ച് 23 ലെ കണക്കുകള്‍ പ്രകാരം മൊത്തം കറന്‍സിയുടെ കേവലം പത്തു ശതമാനം മാത്രമേ 2000ത്തിന്റെ കറന്‍സിയായി പ്രചാരത്തിലുള്ളു. കാലഹരണപ്പെട്ട നോട്ടുകള്‍ പിന്‍വലിച്ചല്ലേ തീരൂ. അഞ്ചു വര്‍ഷമാണ് ഒരു അച്ചടി നോട്ടിന്റെ ആയുസ്. ഇപ്പോള്‍ ഏഴു വര്‍ഷത്തോളം പഴക്കമുള്ള ആ വയസ്സന് നോട്ടുകള്‍ക്ക് ഇനി വിശ്രമം കൊടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: