ദുബായ്: ട്രാഫിക് നിയമങ്ങൾ കർക്കശമാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനോടനുബന്ധിച്ച് നടത്തിയ വ്യാപക പരിശോധനയിൽ ആയിരക്കണക്കിന് നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ബസിൽ യാത്ര ചെയ്യാൻ ടിക്കറ്റിന് പകരം ഉപയോഗിക്കുന്ന നോൽകാർഡ് ഇല്ലാത്തതിന്നും പാർക്കിങ്ഫീസ് നൽകാതെ പൊതുപാർക്കിങ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട 1193 നിയമലംഘനങ്ങൾ പിടികൂടി പിഴയിട്ടതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ആറു ദിവസങ്ങളിലായി 40,000 പരിശോധനകളാണ് നടത്തിയത്. പൊതുഗതാഗത നിയമങ്ങളോടും നിയന്ത്രണങ്ങളോടുമുള്ള ദുബായ് നിവാസികളുടെ പ്രതികരം മനസ്സിലാക്കാനായിട്ടാണ് ആർടിഎ ഇത്തരത്തിൽ വ്യാപക പരിശോധനകൾ സംഘടിപ്പിച്ചത്.
ദുബായ് പോലീസ്, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവയുൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തിയതെന്ന് ആർടിഎയിലെപാസഞ്ചർ ട്രാസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ ബലൂഷി പറഞ്ഞു.
ദുബായ് അമേരിക്കൻ അക്കാദമി, അൽ ഖെയിൽ ഗേറ്റ്, അൽ ഖൂസ്, മജിലിസ് അൽ ഖരീഫ, ബുർജ് അൽ അറബ് ഹോട്ടൽ, അൽ വാസൽ സ്ട്രീറ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനനടത്തിയത്.
ലോകശ്രദ്ധയാകർഷിച്ച ദുബായിയുടെ പ്രതിച്ഛായയ്ക്ക് പ്രതികൂലമാകുന്ന സാമൂഹ്യ വിപത്തുക്കളും നിയമലംഘനങ്ങളും കണ്ടെത്താനായി വർഷാവസാനംവരെ പരിശോധന കാമ്പയിനുകൾ നടത്തുമെന്നും അൽ ബലൂഷി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: