പിണറായി വിജയന്
മുഖ്യമന്ത്രി
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. സാങ്കേതികമായി മൂന്നാം വര്‍ഷത്തിലേക്കാണ് ഈ സര്‍ക്കാര്‍ കടക്കുന്നതെങ്കിലും 2016 ല്‍ നമ്മള് ഏറ്റെടുത്ത വികസന-ക്ഷേമ പദ്ധതികളുടെ തുടര്‍ച്ച എട്ടാം വര്‍ഷത്തിലേക്കു കടക്കുകയാണ്. ഭവനപദ്ധതികളിലൂടെയും പട്ടയങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലൂടെയും റോഡ്-സ്കൂള്‍-ആശുപത്രി വികസനങ്ങളിലൂടെയും പെന്ഷന് വിതരണത്തിലൂടെയും എല്ലാം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഇടങ്ങളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ആസൂത്രിതമായ കര്‍മ്മ പദ്ധതിയാണു പ്രാവര്‍ത്തികമാവുന്നത്. ഒരു വിഭാഗവും സര്‍ക്കാരിന്റെ കരുതലിനു പുറത്താവുന്നില്ല എന്നുറപ്പുവരുത്തുകയാണ്. അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. 2016 മുതല്‍ക്കിങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ മൂന്നര ലക്ഷത്തോളം വീടുകള്‍, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങള്‍, പാവപ്പെട്ടവര്‍ക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, തുടങ്ങി എന്തെല്ലാം. ഇപ്പോഴാകട്ടെ അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാനായി പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്.
നൂതന സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് വ്യവസായം എന്നീ മേഖലകളില്‍ മുന്നേറ്റം കൈവരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ഗ്രഫീന്‍ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാസമാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നടന്നത്. 1,500 കോടി രൂപയാണ് അതിന്റെ നിര്‍മ്മാണത്തിനു ചെലവു വരിക. ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന 4 സയന്‍സ് പാര്‍ക്കുകളാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്.
കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തി. നിസാനും എയര്‍ബസ്സും ടെക്മഹീന്ദ്രയും ടോറസ്സും ടാറ്റാ എലക്സിയും സഫ്രാനും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാന്‍ നമുക്കു സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവര്‍ഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്.
ഇടതുപക്ഷം ആധുനിക സാങ്കേതികജ്ഞാനത്തിനു മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്ന പ്രചാരണവും തിരുത്തി. ഇന്റര്‍നെറ്റ് അവകാശമാണെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായി എല്ലാവര്ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന കെ-ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 82 ഉം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 171 ഉം കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 28 ഉം ഉള്‍പ്പെടെ 281 ഐ ടി കമ്പനികളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. 2016 മുതല്‍ 2022 വരെയുള്ള ആറു വര്‍ഷം കൊണ്ട് ഐ ടി പാര്‍ക്കുകളിലെ കയറ്റുമതി 9,753 കോടിയില്‍ നിന്ന് 17,536 കോടിയായി ഉയര്‍ന്നു. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന് ഹബ്ബുകളിലൊന്ന് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. രാജ്യത്ത് ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.
കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. അതിന്റെ ഫലമായാണ് 2018 ലെ പ്രളയം, 2019 ലെ അതിവര്‍ഷം, 2020 മുതലുള്ള കോവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021-22 ല്‍ 4.64 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ നമ്മുടെ കാര്‍ഷികമേഖലയ്ക്കു കഴിഞ്ഞത്. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നമ്മള് അടുക്കുന്നു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയില്‍ വലിയ പങ്കുവഹിക്കുന്ന റബ്ബര്‍ മേഖലയിലെ സുപ്രധാനമായ ഒരിടപെടലായിരുന്നു റബ്ബര്‍ വിലസ്ഥിരതാ ഫണ്ട്. അതിനുപുറമെ, 1,050 കോടി രൂപ ചിലവിട്ട് കേരള റബ്ബര്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കോട്ടയത്ത് സ്ഥാപിക്കുകയാണ്.
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിവര്‍ത്തനം നടത്തുകയാണ്. ഈ പുതിയ തലമുറയ്ക്കുകൂടി സ്വീകാര്യമാവുന്ന വിധത്തില്‍ ഇതിനോടകംതന്നെ 900 ത്തിലധികം സര്‍ക്കാര്‍ സേവനങ്ങളെ ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുണ്ട്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബജറ്റാണ് ഈ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. 1,136 കോടി രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാവുകയാണ്. നാഷണല്‍ ഹൈവേ വികസനം കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമായിരുന്നിട്ടുകൂടി ഇതിനായി 5,580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.
6,500 കോടി രൂപ ചെലവിലും 625 കിലോമീറ്റര്‍ നീളത്തിലും തിരുവനന്തപുരത്തെ പൂവാര്‍ മുതല്‍ കാസര്‍ഗോട്ടെ കുഞ്ചത്തൂര്‍ വരെ തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാവുകയാണ്. 3,500 കോടി രൂപ ചെലവിലും 1,251 കിലോമീറ്റര്‍ നീളത്തിലും തിരുവനന്തപുരത്തെ പാറശ്ശാല മുതല്‍ കാസര്‍ഗോട്ടെ നന്ദാരപടവ് വരെ മലയോര ഹൈവേ ഒരുങ്ങുകയാണ്. കേരളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ ഉപകരിക്കുന്നതും 200 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതുമായ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ ശ്രദ്ധേയമായ പദ്ധതിയാണ്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് അവയവമാറ്റിവയ്ക്കലില്‍ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനുപകരിക്കും. നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അതിനായി രാജ്യത്തിനു തന്നെ വഴികാട്ടിയാവുന്ന നിരവധി മുന്‍കൈകളാണ് ക്രമസമാധാന പാലനത്തില്‍ കേരളത്തില്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: