കോട്ടയം: കോട്ടയം, ഇടുക്കി പത്തനംതിട്ട. കൊല്ലം പാലക്കാട്, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളുടെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഇപ്പോള്‍ പതിവായി. കോട്ടയത്തെ എരുമേലി, കോരുത്തോട്, മുണ്ടക്കയം മേഖലകളിലാണ് ആക്രമണം പതിവ്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ്. എരുമേലി പഞ്ചായത്തില്‍ നാലിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടുക്കിയില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.
ഏക്കറുകണക്കിന് കൃഷിയിടം ഇതിനോടകം നശിപ്പിച്ചു. കാട്ടാനയെ പേടിച്ച് രാത്രികാലത്ത് വീടുവിട്ടു പോകേണ്ട സ്ഥിതിയാണ്. ഇതോടൊപ്പമാണ് മലയണ്ണാനും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കാപ്പിക്കുരുവും ചക്കയും ഓമക്ക(പപ്പായ) യുമെല്ലാം മലയണ്ണാന്‍ തിന്നുകയാണ്.
ഒന്നര വര്‍ഷത്തിനിടെ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത് പതിനഞ്ചോളം പേര്‍ക്കാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഇല്ലാതാക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയും ഉണ്ടാകുന്നില്ല. കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരം തുച്ഛവും. ഇതു ലഭിക്കണമെങ്കില്‍ നാളുകള്‍ പിടിക്കും. കൃഷിയിടങ്ങളില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് അപായം ഉണ്ടായാല്‍ കര്‍ഷകന്‍ പെട്ടുപോകും. പിന്നെ കേസില്‍ പെട്ട് ഭൂമി തന്നെ ഉപേക്ഷിച്ച് നാടുവിടേണ്ട അവസ്ഥയിലാകും.
എരുമേലിയില്‍ വനമേഖലയുടെ ഭാഗമായ കോയിക്കക്കാവ് ആശാന്‍കോളനി ഭാഗത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ വളര്‍ത്തുനായയും ആടും ചത്തു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. പുലിയോ കടുവയോ ആയിരിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നുമില്ലെന്നാണ് വനപാലകര്‍ പറയുന്നത്. പമ്പാവാലി, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, കണമല തുടങ്ങി സ്ഥലങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം പതിവാണ്. വളര്‍ത്തുനായ്‌ക്കള്‍, ആട്, മുയല്‍ എന്നിവയാണ് ആക്രമിക്കപ്പെടുന്നത്.
ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ രണ്ട് മാസം മുമ്പ് ആനക്കൂട്ടം ദിവസങ്ങളോളം കഴിഞ്ഞത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എസ്റ്റേറ്റിലെ മണിക്കല്‍ ഡിവിഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒമ്പത് പശുക്കള്‍, അമ്പതോളം വളര്‍ത്തുനായ്‌ക്കള്‍ എന്നിവ ചത്തു. ഇത് പുലിയുടെ ആക്രമണത്താലാണെന്ന് സംശയം ഉയര്‍ന്നിരുന്നു. വനത്തിനുള്ളില്‍ മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതും ആവാസ മേഖലയുടെ വ്യാപ്തിയില്‍ കുറവ് വന്നതും ഇവയൊക്കെ നാട്ടിലേക്ക് ഇറങ്ങാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: