ആതിര.വി.വി
ബെംഗളൂരു: കര്‍ണാടകയില്‍ 2018ല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതില്‍ സിദ്ധരാമയ്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി ഡോ. കെ. സുധാകര്‍. സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമത നീക്കത്തില്‍ സിദ്ധരാമയ്യയ്ക്കും പങ്കുണ്ടെന്നും ഇക്കാര്യം അദ്ദേഹത്തിന് നിഷേധിക്കാന്‍ സാധിക്കില്ലെന്നും സുധാകര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
അന്നത്തെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായിരുന്നു ഡോ. കെ. സുധാകര്‍. 2018ല്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ ഭരണകാലത്ത് എംഎല്‍എമാര്‍ തങ്ങളുടെ ആശങ്കകളുമായി അന്നത്തെ ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യയുടെ അടുത്ത് പോയപ്പോഴെല്ലാം നിസ്സഹായതോടെയായിരുന്നു അദ്ദേഹം മറുപടി പറഞ്ഞിരുന്നത്. പലകാര്യങ്ങളിലും അദ്ദേഹം നിശബ്ദത പാലിച്ചിരുന്നു. ഈ സര്‍ക്കാരില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും തന്റെ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ തന്നെ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പലപ്പോഴായി പറയാറുണ്ടായിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാമെന്നും ഇതിന് ശേഷം ഒരു ദിവസം പോലും എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്കാറുണ്ടായിരുന്നുവെന്നും ട്വീറ്റില്‍ സുധാകര്‍ വെളിപ്പെടുത്തി. തങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയും അനുഭാവികളെയും സംരക്ഷിക്കുന്നതിനായി തങ്ങളില്‍ ചിലര്‍ക്ക് കോണ്‍ഗ്രസ് വിട്ട് ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടത് അനിവാര്യമായി വന്നുവെന്നും സുധാകര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഈ നീക്കത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സിദ്ധരാമയ്യയ്ക്ക് പങ്കില്ലെന്നത് അദ്ദേഹത്തിന് നിഷേധിക്കാന്‍ ആകുമോയെന്നും സുധാകര്‍ വെല്ലുവിളിച്ചു.
സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച സുധാകര്‍ കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു.
ചിക്കബല്ലാപുരയില്‍ നിന്നാണ് സുധാകര്‍ മത്സരിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സുധാകറിന്റെ മുന്‍ സഹായി കൂടിയായ പ്രദീപ് ഈശ്വര്‍ എന്ന യുവനേതാവാണ് മണ്ഡലത്തില്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. 10,642 വോട്ടുകള്‍ക്കാണ് പ്രദീപ് ഈശ്വര്‍ സുധാകറിനെ പരാജയപ്പെടുത്തിയത്.
2018-19ല്‍ സംഭവിച്ചത്
2018-19ലെ കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി രാഷ്ട്രീയ അസ്ഥിരതയുടെ കാലഘട്ടമായിരുന്നു. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് (104 സീറ്റുകള്‍ക്ക്) ശേഷം ബി.എസ്. യെദിയൂരപ്പ രണ്ട് ദിവസം മുഖ്യമന്ത്രിയായിരുന്നു. എന്നിരുന്നാലും, രണ്ട് ദിവസത്തിനുള്ളില്‍, കോണ്‍ഗ്രസ്-ജെഡിഎസ് (120 സീറ്റുകള്‍) സഖ്യം രൂപീകരിച്ചു, അദ്ദേഹത്തെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുത്തി.
എന്നാല്‍ കര്‍ണാടക പോലെ കയ്പേറിയ ഒരു രാഷ്ട്രീയ യുദ്ധഭൂമിയില്‍ ഇത്തരത്തിലുള്ള ഒരു മാറ്റം ശാശ്വതമായിരുന്നില്ല. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള 14 മാസത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി 2019ല്‍ കര്‍ണാടക നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസിന്റെ 13 എംഎല്‍എമാരും ജനതാദളിലെ (സെക്കുലര്‍) മൂന്ന് പേരും രാജിവച്ചു. സ്പീക്കര്‍ അയോഗ്യരാക്കിയ ഈ 16 എംഎല്‍എമാരും പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഇവരില്‍ ഭൂരിഭാഗവും 2019ലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ മന്ത്രിമാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: