ന്യൂദല്‍ഹി: ദേശീയ സാങ്കേതിക വിദ്യാവാരാചരണത്തിന്റെ ഭാഗമായി നിതി ആയോഗ് ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രൊജക്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്, എസ്. തേജസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രൊജക്ട് അവതരിപ്പിച്ചത്.
ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നു വിതരണം നടത്തുന്നതായിരുന്നു ഇവരുടെ പ്രൊജക്ട്. മെന്ററും അധ്യാപികയുമായ ഗായത്രി മണിക്കുട്ടിയുടെ പിന്തുണയില്‍ അടല്‍ തിങ്കറിങ് ലാബിലൂടെയാണ് വിദ്യാര്‍ഥികള്‍ ഈ പ്രൊജക്ട് വികസിപ്പിച്ചെടുത്തത്. അടല്‍ ഇന്നവേഷന്‍ മിഷന് കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക വിദ്യാലയമാണിത്.
പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെ മരുന്നുകളും മറ്റും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇവര്‍ അവതരിപ്പിച്ചത്. ഒന്നരക്കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഡ്രോണാണ് ഇതിനായി ഉപയോഗിക്കുന്നത്.
മരുന്നുകള്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ മുളയും കയറും ഉപയോഗിച്ചുള്ള ഒരു കൂടും ഇതിനൊപ്പം ഘടിപ്പിക്കുന്നു. 75 മീറ്റര്‍ മുകളില്‍ നിന്നു വരെ സുരക്ഷിതമായി മരുന്നുകള്‍ ഡ്രോണില്‍ നിന്ന് താഴേക്കിടാന്‍ സാധിക്കും. മുള, ചണം, ചകിരി എന്നിവ കൊണ്ട് കൂട് നിര്‍മിക്കുന്നതിനാല്‍ ഇവ പ്രകൃതിക്കും ദോഷമുണ്ടാക്കുന്നില്ല. ഈ പ്രൊജക്ടിന് നേരത്തെ യുഎസില്‍ നിന്ന് രണ്ട് പേറ്റന്റുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: