ന്യൂദല്‍ഹി: ഒന്നാമത് ഇന്തോ-യൂറോപ്യന്‍ യൂണിയന് ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള മൂന്നംഗ കേന്ദ്ര മന്ത്രിസഭാ പ്രതിനിധി സംഘം നാളെ ബല്‍ജിയത്തിലേക്ക് യാത്ര തിരിക്കും. മെയ് 16ന് ബ്രസ്സല്‍സിലാണ് സമ്മേളനം. കേന്ദ്ര മന്ത്രിമാരായ ഡോ. എസ്. ജയശങ്കര്‍, പിയുഷ് ഗോയല്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
വ്യാപാര, സാങ്കേതിക, സുരക്ഷാ മേഖലകളില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ദ് ലെയര്‍ എന്നിവര്‍ സംയുക്തമായി 2022 ഏപ്രിലില്‍ രൂപം കൊടുത്തതാണ് ഇന്തോ-ഇയു ട്രേഡ് ആന്റ് ടെക്നോളജി കൗണ്‍സില്‍. ബ്രസ്സല്‍സ് സമ്മേളനത്തിന്റെ ഡിജിറ്റല്‍ ഗവര്ണന്സ് ആന്റ് ഡിജിറ്റല്‍ കണക്റ്റിവിറ്റി, സ്ട്രാറ്റജിക് സാങ്കേതിക വിദ്യകള്‍, ഗ്രീന്‍ ആന്റ് ക്ലീന്‍ ടെക്നോളജി, വ്യാപാര – നിക്ഷേപ മേഖലകള്‍ മുതലായ സെഷനുകളില്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കും.
യൂറോപ്യന്‍ കമ്മിഷന് വൈസ് പ്രസിഡന്റുമാരായ മാര്ഗെരതെ വെസ്റ്റി ജസ്, വലെയ്സ് ഡോംബ്രൊവ്സ്കിസ് എന്നിവര്‍ സെഷനുകള്‍ നയിക്കും. ബല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ദ് ക്രു, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ദ് ഡെയര്‍ എന്നിവരുമായും ഇന്ത്യന്‍ മന്ത്രിതല സംഘം പ്രത്യേക ചര്‍ച്ച നടത്തും.
ല്യുവനില്‍ പ്രവര്‍ത്തിക്കുന്ന സെമികണ്ടക്ടര്‍ രംഗത്തെ പ്രമുഖ ഗവേഷണ വികസന കേന്ദ്രമായ ഐഎംഇസിയും രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: