ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന് തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐപി) ചെയര്‍മാനുമായ ഇമ്രാന്ഖാന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദീര്‍ ട്രസ്റ്റ് കേസില്‍ ഇമ്രാന് രണ്ടാഴ്ചത്തെ ജാമ്യം ഹൈക്കോടതി അനുവദിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഇമ്രാനും ഭാര്യയും 50 ബില്യണ്‍ ഡോളര്‍ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇമ്രാന്റെ അറസ്റ്റിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ വ്യാപകമായി കലാപം പൊട്ടിപുറപ്പെടുകയും മൂവായിരം പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സൈനിക വാഹനങ്ങളുള്‍പ്പെടെ അഗ്നിക്കിരയാക്കിയിരുന്നു. വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. വ്യാഴാഴ്ച പാകിസ്ഥാന് സുപ്രീംകോടതി ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയില്‍ ലാഹോര്‍ പോലീസ് ഇമ്രാനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദിലേക്ക് പുറുപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നിരവധി കേസുകള്‍ ഇമ്രാനെതിരെ പഞ്ചാബ് പ്രവിശ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനായി ഒരുങ്ങുന്നതെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി കേസുകള്‍ ഇമ്രാനെതിരെയുള്ളതായി സംയുക്ത അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാജ്യത്താകെ 121 കേസുകള്‍ ഇമ്രാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12 കേസുകള്‍ ലാഹോറിലും 14 കേസുകള്‍ ഫൈസലാബാദിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ ഇമ്രാനും പാര്‍ട്ടിക്കാരും നുണയന്മാരാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് പറഞ്ഞു. അറസ്റ്റിനുശേഷം തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നതായി ഇമ്രാന് ആരോപിച്ചു. തന്നെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് ശൗചാലയം പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: