തമിഴ് നായികാ താരം ഐശ്വര്യ രാജേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഫര്‍ഹാനാ’. ഒരു നാള് കൂത്ത്, മോണ്‍സ്റ്റര്‍ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകന്. നെല്‍സണ്‍ വെങ്കടേശന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരക്കുന്നത്. ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഒപ്പം തമിഴകത്ത് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിവാദങ്ങളും സമരങ്ങളും അരങ്ങേറി. ഈ പാശ്ചാത്തലത്തില്‍ മെയ് 12ന് ‘ഫര്‍ഹാനാ’ പ്രദര്‍ശനത്തിനെത്തുകയാണ്.
സ്ത്രീ പ്രാധാന്യമുള്ള സിനിമയില്‍ മലയാളി താരം അനുമോളും സംവിധായകന് സെല്‍വരാഘവനും, ജിത്തന് രമേഷ്,ഐശ്വര്യ ദത്ത എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എല്ലാവരെയും ആകര്‍ഷിക്കുന്ന, രസിപ്പിക്കുന്ന നിലവാരമുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറ ശില്പികള്. സമൂഹത്തില്‍ സ്ത്രീകള്‍, പ്രത്യേകിച്ച് ഐ ടി കമ്പനികളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളും മുസ്ലിം പെണ്‍കുട്ടികളും നേരിടുന്ന വൈകാരികമായ പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം എന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്.
തന്റെ ‘ ഫര്‍ഹാനാ ‘ യെ കുറിച്ച് സംവിധായകന് നെല്‍സണ്‍ വെങ്കടേശന് പറയുന്നു…
‘ ഒരു സിനിമക്ക് എഴുത്താണ് (കഥ) പ്രധാനം എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. എന്റെ മൂന്നാമത്തെ സിനിമ വളരെ വ്യതസ്തമായിരിക്കണം എന്ന് തീരുമാനിച്ചു. ‘ ഫര്‍ഹാനാ’ യുടെ കഥ എഴുതുമ്പോള്‍ ഞാനറിയാതെ തന്നെ അത് ആത്മാവുള്ള ഒരു കഥയായി മാറുകയായിരുന്നു. ചെന്നൈ നഗരത്തിലെ പുതുപ്പേട്ടയില്‍ വളര്‍ന്നവനാണ് ഞാന്‍ . വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന കടകള്‍ നിര നിരയായിട്ടുള്ള തെരുവിലാണ് വീട്.
മുസ്ലിംകള് അധികം താമസിക്കുന്ന പ്രദേശമാണത്. മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പമാണ് വളര്‍ന്നത്. അതു കൊണ്ട് ഞാന്‍ എടുക്കുന്ന സിനിമയുടെ കഥാ പാശ്ചാത്തലം എന്തു കൊണ്ട് ഞാന്‍ വളര്‍ന്ന അനുഭവ പാശ്ചാത്തലമായിക്കൂടാ? ആ സംസ്ക്കാര പാശ്ചാത്തലമായിക്കൂടാ? എന്ന ചിന്തയില്‍ നിന്നുമാണ് ‘ ഫര്‍ഹാനാ ‘ ജന്മമെടുക്കുന്നത്. ഞാന്‍ മതവുമായി ബന്ധപ്പെട്ട സിനിമയെടുക്കുന്നു. മത വികാരത്തെ വൃണപ്പെടുത്താന്‍ പോകുന്നു എന്നൊക്കെ വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്റെ സുഹത്തുക്കളെ കുറിച്ചുളള സിനിമയാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഇത് മതവുമായി ബന്ധപ്പെട്ട സിനിമയല്ല… മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട വൈകാരികമായ സിനിമയാണ് എന്ന് ഞാന്‍ തീര്‍ത്തു പറയുന്നു.’
ധീരന് അധികാരം ഒന്ന്, അരുവി, കൈതി എന്നിങ്ങനെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രശസ്തമായ ഡ്രീം വാര്യര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്.ആര്. പ്രകാശ് ബാബു, എസ്.ആര്.പ്രഭു എന്നിവരാണ് ‘ഫര്‍ഹാനാ’ നിര്‍മ്മിക്കുന്നത്. ഗോകുല്‍ ബിനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന് പ്രഭാകര്‍ സംഗീത സംവിധാനവും സാബു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സി.കെ.അജയ് കുമാറാണ് പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: