ഒരു മാസത്തോളം നീണ്ടുനിന്ന അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോവുകയാണ്. നിലവില്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും ജെഡിഎസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. പ്രധാനമായും ഏറ്റുമുട്ടുന്നത് ബിജെപിയും കോണ്‍ഗ്രസ്സുമാണ്. ബിജെപി ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുമ്പോള്‍, അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വരികയാണെങ്കില്‍ പിന്തുണ വാഗ്ദാനം ചെയ്ത് വന്‍നേട്ടം കൊയ്യാമെന്നാണ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെയും മകന് എച്ച്.ഡി.കുമാരസ്വാമിയുടെയും പാര്‍ട്ടിയായ ജെഡിഎസ് മോഹിക്കുന്നത്. ഈ തന്ത്രം മുന്‍കാലങ്ങളില്‍ ജെഡിഎസ് സമര്‍ത്ഥമായി പയറ്റിയിട്ടുള്ളതുമാണ്. ആകെയുള്ള 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. ഭരിക്കാന്‍ വേണ്ടത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ്. ഭരണത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുടെ ബലത്തിലും ഭൂരിപക്ഷം നേടാനാവുമെന്ന ആത്മവിശ്വാസമാണ് ബിജെപിക്കുള്ളത്. ദക്ഷിണേന്ത്യയില്‍ ഭരണത്തില്‍ വരാന്‍ സാധ്യതയുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ നിലനില്‍പ്പിന്റെ പ്രശ്നമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ കാണുന്നത്. മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുലിന് അയോഗ്യത വരികയും, എംപി സ്ഥാനം നഷ്ടമാവുകയും ചെയ്തതിനെ തുടര്‍ന്ന് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിച്ചുകയറി മാനം രക്ഷിക്കാന്‍ കോണ്‍ഗ്രസ് നോക്കുന്നുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലെയും ഭരണം പോയപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ചരിത്രം കര്ണാടകയ്ക്കുള്ളതാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.
മതപരമായ സംവരണം പാടില്ലെന്ന ഭരണഘടനാ തത്വം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിങ്ങള്‍ക്കുള്ള നാല് ശതമാനം പിന്നാക്ക സംവരണം ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കി ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ ആനുകൂല്യം നേടാനാണ് കോണ്‍ഗ്രസ്സ് തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച പരാതി സുപ്രീംകോടതിയിലെത്തിയപ്പോള്‍ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്ത് കേരളം മാത്രമാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്കുന്ന സംസ്ഥാനമെന്നും, അത് നിയമവിരുദ്ധമാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഈ തീരുമാനത്തിനെതിരെ ഒരു വിധിയുണ്ടായാല്‍ നേട്ടം കൊയ്യാമെന്ന് കോണ്‍ഗ്രസ്സും മറ്റും കരുതിയിരുന്നെങ്കിലും പരാതികളില്‍ വാദം കേള്‍ക്കുന്നത് ഇനി അവധിക്കാലത്തിനുശേഷം മറ്റൊരു ബെഞ്ചിലാവുമെന്നത് ഈ മോഹത്തിന് തിരിച്ചടിയായി. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ്സ് മതപരമായ ധ്രുവീകരണത്തിനു ശ്രമിച്ചപ്പോള്‍ സംസ്ഥാനത്ത് പൊതുസിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചത് ജനവികാരത്തെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ബിജെപിക്ക് തിരിച്ചടിയാവുമെന്ന വിചാരത്തില്‍ സീറ്റുകിട്ടാത്ത ചില നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേക്കേറിയതിന് വലിയ പ്രചാരമാണ് ചില മാധ്യമങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസ്സ് വിട്ട് നിരവധി നേതാക്കള്‍ ബിജെപിയിലെത്തിയത് പരമാവധി മറച്ചുപിടിക്കാനും ശ്രമിച്ചു. എന്നാല്‍ സമ്മര്‍ദ്ദ രാഷ്ട്രീയത്തിനു വഴങ്ങാതെ പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ബിജെപി ചെയ്തത്. ബിജെപി വിട്ട ജഗദീഷ് ഷെട്ടാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മറ്റും ചിത്രം സ്വന്തം ഓഫീസില്‍നിന്ന് മാറ്റാന്‍ പോലുമുള്ള ധൈര്യമുണ്ടായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനിന്നത് നരേന്ദ്ര മോദിയും അമിത് ഷായും തന്നെയാണ്. ദേശീയ പ്രശ്നങ്ങളുയര്‍ത്തി വന്‍ ജനാവലിയെ ആകര്‍ഷിച്ച് ഇരുവരും മുന്നേറിയപ്പോള്‍ പ്രതിരോധിക്കാനാവാതെ കോണ്‍ഗ്രസ് കുഴങ്ങി. നിവൃത്തിയില്ലാതെ നരേന്ദ്ര മോദിയെ വ്യക്തിപരമായി കടന്നാക്രമിച്ചും, വിഘടനവാദ സ്വഭാവമുള്ള പ്രസ്താവനകള്‍ നടത്തിയും പിടിച്ചുനില്‍ക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത്. പുറമേക്ക് ഒറ്റക്കെട്ടാണെന്ന് ഭാവിക്കുമെങ്കിലും സിദ്ധരാമയ്യയെയും ശിവകുമാറിനെയും കേന്ദ്രീകരിച്ചുള്ള അധികാര വടംവലി കോണ്‍ഗ്രസ്സില്‍ ശക്തമാണ്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നോ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവില്‍ വരുമെന്നോ അഭിപ്രായസര്‍വെകള്‍ പ്രവചിച്ചതിന് ചില ദേശീയ മാധ്യമങ്ങള്‍ വലിയ പ്രചാരം നല്കി. എന്നാല്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുന്ന അഭിപ്രായ സര്‍വെകള്‍ പരമാവധി മൂടിവച്ചു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍ നെഹ്റു കുടുംബത്തിന്റെ പരാജയം ആവര്‍ത്തിച്ചുറപ്പിക്കുമെന്നും, കേന്ദ്രത്തില്‍ അധികാരത്തില്‍ വരാമെന്ന മോഹം ഇനി എന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരുമെന്നും ഉള്ളതിനാല്‍ വലിയ ആശങ്കയാണ് കോണ്‍ഗ്രസ്സിന്. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ ചരിത്രം ആവര്‍ത്തിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും ഈ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ബിജെപിക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: