ഇസ്ലാമാബാദ്: പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ചാണ് പോലീസ് ഇമ്രാനെ പിടികൂടിയത്. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്ഐആറുകളില്‍ ജാമ്യം തേടി കോടതിയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. നൂറു കണക്കിന് പാക് പോലീസ് റേഞ്ചേഴ്സ് എത്തിയാണ് ഇമ്രാനെ പിടികൂടിയത്. പല തവണ ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. അമ്പതിലേറെ കേസുകളാണ് ഇമ്രാനെതിരേ ഉള്ളത്. അഴിമതി, ഗൂഢാലോചന കേസുകളാണ് അധികവും.
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ പാകിസ്ഥാന് തെരഞ്ഞെടുപ്പ് കമ്മീഷനു പുറത്തു പ്രതിഷേധിച്ചതിന് ഇമ്രാന് ഖാനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷയും ലാഹോര്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. പിന്നീട് ഹൈക്കോടതി താത്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു.
ഇമ്രാന് ഖാനെ അയോഗ്യനാക്കിയതായി പാകിസ്ഥാന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ നിരവധി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇമ്രാന് ഖാനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വസീറാബാദില്‍ ഒരു റാലിക്കിടെ വധശ്രമമുണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റതിനാല്‍ ഇമ്രാന് ഖാന് ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: