മലപ്പുറം ജില്ലയിലെ താനൂരില്‍ പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ ബോട്ടപകടത്തില്‍ ഇരുപത്തിരണ്ട് പേര് മരിക്കാനിടയായ സംഭവം കരളലയിക്കുന്നതാണ്. ആഴക്കൂടുതലുള്ള സ്ഥലത്ത് അവധി ദിനത്തില്‍ പരിധിയിലധികം ആളുകളെ കയറ്റിയ ഉല്ലാസബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ക്കാണ് ജീവന് നഷ്ടമായത്. മരിച്ചവരില്‍ 15 പേര് കുട്ടികളാണെന്നത് ദുരന്തത്തിന്റെ ദാരുണ മുഖമാണ് കാണിക്കുന്നത്. ബോട്ടിലുണ്ടായിരുന്നത് 40 പേരാണ്. പ്രതികൂല അന്തരീക്ഷമായിരുന്നിട്ടും രക്ഷാപ്രവര്‍ത്തനം നടത്താന്‍ അഗ്നിശമന സേനയും നാട്ടുകാരും മറ്റും കാണിച്ച ധീരതയാണ് മറ്റു യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാതിരുന്നത്. ഇത്തരം അപകടങ്ങളുണ്ടാവുമ്പോള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൊതുവെ കാണപ്പെടാറുള്ള അനാസ്ഥയില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റും സ്ഥലത്തെത്തിയത് നല്ലതുതന്നെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപാ വീതം സഹായധനം പ്രഖ്യാപിച്ചതും, സാങ്കേതിക വിദഗ്ദ്ധര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനവുമൊക്കെ സ്വാഗതാര്‍ഹം തന്നെ. താനൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നതും, പരിക്കേറ്റവര്‍ കിടക്കുന്ന ആശുപത്രിയിലും, ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്ന മദ്രസ്സയിലും മുഖ്യമന്ത്രി എത്തിയതും ശ്രദ്ധേയമാണ്. ഈ ജാഗ്രത തുടരുമെന്ന് പ്രത്യാശിക്കാം.
താനൂരിലെ ബോട്ടപകടം കേരളത്തില്‍ ആദ്യത്തേതല്ല. അവസാനത്തേതുമാവില്ല. നിരവധി പേരുടെ ജീവനെടുത്ത ബോട്ടപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടായിട്ടുണ്ട്. മഹാകവി കുമാരനാശന്‍ ഉള്‍പ്പെടെ 24 പേരുടെ മരണത്തിനിടയാക്കിയ പല്ലന ബോട്ടപകടം ഒരു തുടക്കമായി കാണാം. 1980 ല്‍ കണ്ണമാലി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് 29 പേരാണ് മരിച്ചത്. 2007 ല്‍ തട്ടേക്കാട് ബോട്ടപകടത്തില്‍ 15 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. 2002 ല്‍ വേമ്പനാട് കായലില്‍ നടന്ന കുമരകം ബോട്ടപകടത്തില്‍ ജീവന് നഷ്ടമായത് 29 പേര്‍ക്കാണ്. 2009 ലെ തേക്കടി ബോട്ടപകടത്തില്‍ 45 വിനോദസഞ്ചാരികളാണ് മരിച്ചത്. കടുത്ത നിയമലംഘനങ്ങളും കുറ്റകരമായ അനാസ്ഥയുമാണ് ഈ അപകടങ്ങളിലേക്ക് നയിച്ചത്. ഓരോ അപകടം നടക്കുമ്പോഴും നിയമലംഘനങ്ങളും പുറത്തുവരാറുണ്ട്. അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതായി ഭാവിക്കും. അനുശോചനം രേഖപ്പെടുത്തും. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിക്കും. അന്വേഷണം പ്രഖ്യാപിക്കും. നിയമലംഘനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടിയും, കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചുമൊക്കെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാറുണ്ടെങ്കിലും അവയൊക്കെ ശീതീകരണിയില്‍ വിശ്രമിക്കും. ആര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടാവാറില്ല. അപകടങ്ങള്‍ക്ക് ഉത്തരവാദികളായവരുടെ രാഷ്ട്രീയ-ഭരണ പിന്തുണയും പണത്തിന്റെ സ്വാധീനവുമാണ് ഇതിന് കാരണം. തട്ടേക്കാട് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമസ്ഥന് ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നുവല്ലോ. ആ നേതാവിന് ഒന്നും സംഭവിച്ചില്ല. തേക്കടി ബോട്ടപകടത്തിന്റെ ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തുകപോലുമുണ്ടായില്ല. കുമരകം ബോട്ടപകടത്തെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പായില്ലെന്നത് അതിന് നേതൃത്വം നല്‍കിയയാള്‍തന്നെ പറയുകയുണ്ടായി.
താനൂരിലെ ബോട്ടപകടത്തിന്റെ കാര്യത്തിലും പുറത്തുവരുന്നത് നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്രയാണ്. മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ നൗകയാക്കി മാറ്റിയത്. ചട്ടം ലംഘിച്ച് നിര്‍മിച്ച ഈ ബോട്ടിന് പിഴയീടാക്കി സര്‍വീസ് നടത്താന്‍ അനുമതി നല്കുകയായിരുന്നുവത്രേ. പരിധിയില്‍ കൂടുതല്‍ ആളെ കയറ്റിയതാണ് ബോട്ടു മുങ്ങാന്‍ കാരണമായത്. മലപ്പുറം ജില്ലാ വികസന സമിതിയോഗത്തില്‍ ബോട്ട് ദുരന്തമുണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നുവെന്നാണ് അറിയുന്നത്. നിയമം പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. ഒരു നടപടിയുമുണ്ടായില്ല. ഇതാണ് ഇപ്പോഴത്തെ അപകടത്തിലേക്ക് നയിച്ചത്. കേരളത്തിലെ എല്ലാ ബോട്ടുദുരന്തങ്ങളുടെ കാര്യത്തിലും ഇത്തരം നിയമലംഘനങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്താനാവും. ബോട്ടുടമകളുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും സ്വാധീനത്തില്‍പ്പെട്ട് ജനങ്ങളുടെ ജീവന് അധികൃതര്‍ യാതൊരു വിലയും കല്‍പ്പിക്കാതിരിക്കുകയാണ്. ഏതെങ്കിലും ഒരു അപകടത്തിലെ നിയമലംഘനങ്ങള്‍ പുറത്തുവരുമ്പോള്‍ അതിനെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കും. എന്നാല്‍ അതുപോലുള്ള മറ്റ് ഡസന്‍ കണക്കിന് നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. അണിയറയില്‍ ഒരു ദുരന്തത്തിനുള്ള സാഹചര്യം രൂപപ്പെടുകയായിരിക്കും. താനൂരിലേതുപോലുള്ള ബോട്ടപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാവുന്നതാണ്. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മതി. അപകടങ്ങളുണ്ടാകുമ്പോഴല്ല, അതിനുമുന്‍പു തന്നെ പരിശോധന നടത്തി നടപടികളുണ്ടാവണം. ഇത് മാത്രമാണ് ബോട്ടപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്നുപാധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: