ഷില്ലോങ്: മേഘാലയയില്‍ രണ്ട് എഎല്‍എമാരുള്ള പീപ്പിള്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ലയിച്ചു. ഇതോടെ അറുപതംഗ നിയമസഭയില്‍ എന്‍പിപിയുടെ അംഗബലം 28 ആയി ഉയര്‍ന്നു. 10ന് സോഹിയോങ് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം. എന്‍പിപി, ബിജെപി, യുഡിപി, എച്ച്എസ്പിഡിപി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന മേഘാലയ ഡെമോക്രാറ്റിക് അലയന്‍സാണ് ഭരണമുന്നണി. പിഡിഎഫ് കൂടി വരുന്നതോടെ സഖ്യത്തിന് 47 എംഎല്‍എമാരാകും.
പിഡിഎഫ് പ്രസിഡന്റ് ഗവിന്‍ മില്ലിയെം, വര്‍ക്കിങ് പ്രസിഡന്റ് ബന്ദിഡോര് ലിങ്ദോ എന്നിവരുടെ നേതൃത്വത്തിലാണ് പിഡിഎഫ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം എന്‍പിപിയില്‍ ചേര്‍ന്നത്. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ലയനമെന്ന് ലിങ്ദോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആസാമുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളില്‍ പരിഹാരം കാണാമെന്നും ഖാസി ഭാഷയെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി കൊണ്‍റാഡ് കെ സങ്മ ഉറപ്പ് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നയം, തൊഴിലുറപ്പ് നയം, നിയമനങ്ങളിലെ സുതാര്യത, 2016ലെ മേഘാലയ മൈനര്‍ മിനറല്‍സ് കണ്സെഷന് റൂള്‍സ്, വൈദ്യുതി ലഭ്യത, ലഹരി ഉപഭോഗം തടയല്‍ തുടങ്ങിയവയുടെ നടപ്പാക്കലും ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയിലുണ്ടെന്ന് ലിങ്ദോ ചൂണ്ടിക്കാട്ടി.
പിഡിഎഫിന്റെ വരവ് എന്‍പിപിയെ കൂടുതല്‍ കരുത്തരാക്കുമെന്ന് എന്‍പിപി നേതാവും മുഖ്യമന്ത്രിയുമായ സങ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: