ലഖ് നോ: പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.
എന്നാല്‍ വന്യജീവിസംരക്ഷണ നിയമപ്രകാരം സാരസക്കൊക്കുകളെ വ്യക്തികള്‍ക്ക് കൈവശംവെയ്ക്കാന്‍ പാടില്ലെന്നതിനാല്‍ യോഗി സര്‍ക്കാര്‍ അതിനെ വന്യജീവി സങ്കേതത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരും കൂടിയ പക്ഷിയാണ് സാരസ കൊക്കുകള്‍. ആറടിയോളം വരെ പൊക്കംവെയ്ക്കും. ഉത്തര്‍പ്രദേശിലെ തണ്ണീര്‍ത്തടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സാരസക്കൊക്കുകള്‍ ഉള്ളത്. ഇതും യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗിയെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേഷ് യാദവ് മൗനം പാലിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം തണുത്തിരിക്കുകയാണ്.
അഖിലേഷ് യാദവിന്റെ സുഹൃത്താണ് മുഹമ്മദ് ആരിഫ്. അതിനാല്‍ തുടക്കത്തില്‍ പ്രതിഷേധത്തിനിറങ്ങിയ അഖിലേഷ് യാദവ് വന്യജീവി സംരക്ഷണ നിയമം എതിരാകുമെന്നറിഞ്ഞതോടെ മെല്ലെ പിന്‍വാങ്ങുകയായിരുന്നു.
സാരസകൊക്കുമായുള്ള മുഹമ്മദ് ആരിഫിന്റെ വാര്‍ത്ത വൈറലായതോടെയാണ് രണ്ടാഴ്ച മുന്‍പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാരസകൊക്കിനെ വീണ്ടെടുത്ത് വന്യജീവി സങ്കേതത്തിലേക്ക് അയച്ചത്. പക്ഷി റായ് ബറേലിയിലെ സമസ് പൂര് വന്യജീവി സങ്കേതത്തിലാണിപ്പോള്‍.
സംരക്ഷണവും അനുകമ്പയും രണ്ടും രണ്ടാണ്. ആപത്തില്‍പ്പെട്ട പക്ഷിയെ നിങ്ങള്‍ക്ക് രക്ഷിയ്ക്കാം. പക്ഷെ അതിന് ഉത്തരവാദപ്പെട്ടവരുടെ പക്കല്‍ തിരികെ ഏല്‍പ്പിക്കേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. വന്യജീവികള്‍ വന്യസ്വഭാവം കാണിക്കും. കൊക്ക് ഒരു വന്യജീവിയാണ്. ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക.- വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ സാരസ് കൊക്കുകളുടെ സംരക്ഷണപദ്ധതിക്ക് നേതൃത്വം നല്കുന്ന സമീര്‍ കുമാര്‍ സിന്‍ഹ ചോദിക്കുന്നു. കൊക്കിനെ സംരക്ഷിക്കാന്‍ താല്പര്യമുണ്ടെങ്കില് പക്ഷികളുടെ ആവാസവ്യവസ്ഥയായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. – സിന്‍ഹ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: