തിരുവനന്തപുരം: മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന് വെളിപ്പെടുത്തി നടന് ടിനി ടോം. ആലപ്പുഴയില്‍ കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലാണ് ടിനിയുടെ വെളിപ്പെടുത്തല്‍. തനിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്. ഇപ്പോള്‍ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം പറഞ്ഞു.
തന്റെ മകനു സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചിട്ടുണ്ട്. പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളുവെന്നും ഭയമാണെന്നും ടിനി പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: