തിരുവനന്തപുരം: കുടുംബത്തിനുള്ള പ്രാധാന്യം ഇല്ലാതാകുന്നത് മൂല്യച്യുതിയുടെ അടയാളമാണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. ശാന്തിഗിരി ആശ്രമത്തില്‍ ഇരുപത്തിനാലാമത് നവഒലി ജ്യോതിര്‍ദിന ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘വെസ്റ്റ് ഈസ് ബെസ്റ്റ്’ എന്ന മിഥ്യാധാരണയില്‍പരമ്പരാഗതമായ ശൈലികളെല്ലാം മാറ്റുകയാണ്. കുടുംബം, വ്യക്തി, സമൂഹം ഈ മൂന്ന് തലങ്ങളിലും അടിസ്ഥാനപരമായ മാറ്റം വരുത്തിയാല്‍ മാത്രമെ ലോകനന്മ സാധ്യമാകൂ എന്ന് കരുണാകര ഗുരു മനസ്സിലാക്കി. അതുകൊണ്ടാണ് സമൂഹത്തില്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഗുരു നിഷ്‌കര്‍ഷിച്ചതും അതിനായി പരിശ്രമിച്ചതുമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക നവോത്ഥാനത്തിന്റെ ആദ്യ ചുവടുവയ്പാണ് ഗുരു ശാന്തിഗിരിയില്‍ ചെയ്തത്. ഗുരുവിന്റെ ലക്ഷ്യം നേരിന്റെ വഴികാട്ടുക എന്നതായിരുന്നു. തന്നെത്തേടിവരുന്ന പാവപ്പെട്ടവര്‍ക്ക് ആദ്യം അന്നം നല്‍കുക എന്ന മാനവികതയുടെ ബാലപാഠമാണ് ഗുരു ലോകത്തിന് പകര്‍ന്നത്.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. സഹീറത്ത് ബീവി, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍തിരുമല എന്നിവര്‍ സംസാരിച്ചു.
ആശ്രമത്തിലെത്തിയ ഗവര്‍ണറെ സ്വാമി ജ്യോതിര്‍പ്രഭ, സ്വാമി വിവേക് എന്നിവര്‍ ചേര്‍ന്ന് താമരപ്പൂവ് നല്കി സ്വീകരിച്ചു. സ്പിരിച്വല്‍ സോണിലെ പ്രാര്‍ത്ഥനാലയത്തില്‍ ആരാധനയില്‍ പങ്കെടുത്ത ശേഷം താമരപര്‍ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: