തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ എഐ കാമറ വിവാദമായതിന് പിന്നാലെ, പിഴ ഉടന്‍ ഈടാക്കേണ്ടതില്ലെന്ന് നിര്‍ദേശം. നേരത്തെ ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്ന കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മില്‍ അന്തിമ ധാരണ പത്രം തയാറാക്കാത്ത സാഹചര്യത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്നത്.
പരിപാലനച്ചിലവ് സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്താത്തതാണ് ധാരണപത്രം വൈകാന്‍ ഇടയാക്കുന്നത്. വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.
എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ കെൽട്രോൺ വെട്ടിലായി.
പിഴ ചുമത്താതെ നോട്ടീസ് പ്രിന്റെടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്ന് കെൽട്രോണ്‍ നിലപാട് സ്വീകരിച്ചു. എന്നാൽ കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്‍ തന്നെ ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിലപാടെടുത്തു. ഇതോടെ തമ്മിൽ തർക്കമായി. ധാരണാ പത്രം ഒപ്പിടാനുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: