വടക്കേ ഇന്ത്യയിലെ യാദവ, ജാട്ട് സമൂഹങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ക്ക് ചരിത്രാതീത കാലം മുതലുള്ള പഴക്കമുണ്ട്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന രണ്ട് ജാതി ഗ്രൂപ്പുകള്‍ എന്ന നിലയില്‍ യുപിയില്‍ യാദവരും ഹരിയാനയില്‍ ജാട്ടുകളും പ്രബലരാണ്. ഇരു സമുദായങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന നിരവധി നേതാക്കള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുണ്ട്. അതേപോലെ തന്നെ ഇരുസമുദായങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നവര്‍ കായിക മേഖലകളിലുമുണ്ട്. രാഷ്ട്രീയക്കാരും കായിക മേഖലയും ഒന്നാകുന്ന സാഹചര്യങ്ങളില്‍ ജാതി അടിസ്ഥാനമാക്കിയുള്ള ഭിന്നതകളും തര്‍ക്കങ്ങളും പരാതികളും ഉണ്ടാവാറുമുണ്ട്. റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയെ തകര്‍ത്ത പുതിയ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍ രണ്ട് യാദവ-ജാട്ട് നേതാക്കളുടെ ഗുസ്തിയാണെന്നത് പരസ്യമായ രഹസ്യമാണ്.
കോണ്‍ഗ്രസ് നേതാവും ഹരിയാനയില്‍ നിന്നുള്ള ജാട്ട് പ്രമുഖനുമായ ദീപേന്ദര്‍സിങ് ഹൂഡയും യുപിയില്‍ നിന്നുള്ള ലോക്സഭാംഗമായ ബ്രിജ് ഭൂഷണ് സിങും തമ്മില്‍ റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പദവിക്കായി ഒരു ദശാബ്ദമായി തുടരുന്ന ഭിന്നതകളുടെ ബാക്കി പത്രമാണ് ദല്‍ഹിയിലെ ജന്തര്‍മന്തിറില്‍ നടക്കുന്ന കായികതാരങ്ങളുടെ സമരമെന്നാണ് ഉയരുന്ന ആക്ഷേപം.
2011ലെ റെസ്ലിങ് ഫെഡറേഷന് ഇലക്ഷനിലാണ് സംഭവ വികാസങ്ങളുടെ തുടക്കം. ജമ്മു കശ്മീര്‍ സ്വദേശിയായ ഗുസ്തിതാരം ദുഷ്യന്ത് ശര്‍മ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഹരിയാന റെസ്ലിങ് ഫെഡറേഷന് ദല്‍ഹി ഹൈക്കോടതിയില്‍ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. വീണ്ടും ഇലക്ഷന് നടത്താനായിരുന്നു കോടതി നിര്‍ദ്ദേശം. കോണ്‍ഗ്രസ് നേതാവും ഹരിയാനയിലെ ജാട്ട് വിഭാഗത്തിന്റെ പ്രതിനിധിയുമായിരുന്ന ദീപേന്ദര്‍സിങ് ഹൂഡയ്ക്ക് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ തലപ്പത്തെത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഹരിയാന ഫെഡറേഷന്റെ കേസ് പോലും. എന്നാല്‍ അന്നത്തെ സമാജ് വാദി പാര്‍ട്ടി എംപിയും അയോധ്യാ, ഗോണ്ടാ മേഖലകളിലെ റെസ്ലിങ് അഖാഡകളുടെ തലവനുമായിരുന്ന പ്രബല യാദവ നേതാവ് ബ്രിജ്ഭൂഷണ് സിങിനും റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ തലപ്പത്തേക്ക് മോഹമുണ്ടായി. ബ്രജ് ഭൂഷണ് എസ്പി നേതാവ് മുലായം സിങിനെ കാണുകയും ആവശ്യമറിയിക്കുകയും ചെയ്തു. മുലായം നേരിട്ട് ദേശീയ രാഷ്ട്രീയത്തിലെ അന്നത്തെ സര്‍വ്വശക്തനായ അഹമ്മദ് പട്ടേലിനെ വിളിച്ച് ആവശ്യം സാധിച്ചെടുത്തു. ദീപേന്ദര്‍സിങ് ഹൂഡയോട് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അഹമ്മദ് പട്ടേല്‍ നിര്‍ദ്ദേശിച്ചു. ഏറെ വിഷമത്തോടെയാണ് ഹൂഡ പത്രിക പിന്‍വലിച്ചത്. തുടര്‍ന്ന് 2011ല്‍ ബ്രജ്ഭൂഷണ്‍ സിങ് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ തലപ്പത്തേക്കെത്തി. 2015ലും 2019ലും ബ്രജ്ഭൂഷണ്‍ വിജയം ആവര്‍ത്തിച്ചു. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബ്രജ്ഭൂഷണ്‍ ബിജെപിയിലെത്തുകയും പിന്നീട് എംപിയായി വിജയിക്കുകയും ചെയ്തു. 2011ലും 215ലം 2019ലും ദീപേന്ദര്‍സിങ് ഹൂഡ ഹരിയാന റെസ്ലിങ് ഫെഡറേഷന് അധ്യക്ഷനായും വിജയിച്ചുകൊണ്ടേയിരുന്നു. ബ്രജ്ഭൂഷണ്‍ സിങിന്റെ കീഴില്‍ റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ വലിയ നേട്ടങ്ങളാണ് നേടിയെടുത്തത്. നിരവധി അന്താരാഷ്ട്ര മെഡലുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു. എന്നാല്‍ അവ ഭൂരിപക്ഷവും നല്‍കിയത് ഹരിയാനി റെസ്ലര്മാരായിരുന്നു എന്നതും ശ്രദ്ധേയം. അന്താരാഷ്ട്ര വേദികളിലേക്ക് റെസ്ലര്‍മാരെ തെരഞ്ഞെടുക്കുന്നതടക്കം പലതും ബ്രജ്ഭൂഷണും ഹരിയാന ഫെഡറേഷനും തമ്മിലുള്ള ഭിന്നതയില്‍ കലാശിച്ചു.
റിയോ ഒളിംപിക്സിലേക്ക് റെസ്ലിങിന് ആളെ അയക്കുന്നതുമായി ബന്ധപ്പെട്ട് 2016ല്‍ വലിയ തര്‍ക്കങ്ങള്‍ തന്നെ ഫെഡറേഷനിലുണ്ടായി. ഒളിംപിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറും നര്‍സിങ് യാദവും തമ്മിലായിരുന്നു പ്രശ്നം. സുശീല്‍ റിയോയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും ഫെഡറേഷന് നിശ്ചയിച്ചത് നര്സിങിനെയാണ്. സുശീല്‍ ഹരിയാനയില്‍ നിന്നും നര്‍സിങ് യുപിയില്‍ നിന്നുമായിരുന്നു. ഈ വിഷയവും പതിവു പോലെ ദല്‍ഹി ഹൈക്കോടതിക്ക് മുന്നിലെത്തുകയും നര്‍സിങിനെ വിടാനുള്ള ദേശീയ ഫെഡറേഷന് തീരുമാനത്തിന് കോടതി അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ നര്‍സിങ് ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടു. തന്റെ ഭക്ഷണത്തില്‍ ലഹരി കലര്‍ത്തിയത് ഹരിയാനയും സുശീല്കുമാറും ആണെന്ന് നര്‍സിങ് ആരോപിച്ചിരുന്നു. 2020ല്‍ ഇന്ത്യന്‍ ലോഗോയ്ക്ക് പകരം സ്പോണ്‍സറുടെ ലോഗോ വെച്ചതിന് ഹരിയാന ഗുസ്തി താരം വിനേഷ് പോഗാട്ടിനെ ദേശീയ ഫെഡറേഷന് സസ്പെന്റ് ചെയ്തതും പ്രശ്നങ്ങള്‍ രൂക്ഷമാക്കി. ടോക്കിയോ ഒളിംപിക്സില്‍ സഹതാരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ തയ്യാറാവാതിരുന്ന വിനേഷിന്റെ നടപടിയും വിവാദമായിരുന്നു. ഹരിയാന ഫെഡറേഷനും ദേശീയ ഫെഡറേഷനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത് 2021 നവംബറില്‍ കൊണ്ടുവന്ന പുതിയ സെലക്ഷന് റൂളാണ്. മെഡല്‍ ജേതാക്കളടക്കം നാഷണല്‍സിലും ട്രയല്‍സിലും പങ്കെടുത്തുവേണം വരേണ്ടതെന്ന റൂള്‍ കര്‍ശനമാക്കി. ഓരോ സംസ്ഥാനത്തിനും ക്വാട്ടയും നടപ്പാക്കി. എന്നാല്‍ ഹരിയാന ഫെഡറേഷന് ഇതിനെ എതിര്‍ത്തു. ഈ തര്‍ക്കത്തിനൊടുവില്‍ ബ്രജ്ഭൂഷണ്‍ സിങ് 2022 ജൂലൈയില്‍ ദീപേന്ദര്‍സിങ് ഹൂഡയുടെ ഹരിയാന റെസ്ലിങ് ഫെഡറേഷനെ പിരിച്ചുവിട്ടു.
പുതിയ സെലക്ഷന് റൂളിനെതിരായ വിനേഷ് പൊഗാട്ട്, സാക്ഷി മാലിക് എന്നിവര്‍ പ്രതിഷേധം ശക്തമാക്കുകയും ഗുജറാത്തിലെ നാഷണല്‍ ഗെയിംസിലും ദല്‍ഹിയില്‍ ഡിസംബറില്‍ നടന്ന സെലക്ഷന് ട്രയല്‍സിലും അവര്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തു. ബജ്രംഗ് പൂനിയ, ദീപക് പൂനിയ, രവികുമാര്‍ ദഹിയ എന്നിവരും നാഷണല്‍ മീറ്റില്‍ നിന്ന് പലപല കാരണങ്ങള്‍ പറഞ്ഞ് മാറി. ഏഷ്യന്‍ ഗയിംസില് പങ്കെടുക്കണമെങ്കില്‍ സെലക്ഷന് ട്രയലില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ദേശീയ ഫെഡറേഷന് 2022 ഡിസംബറില്‍ വീണ്ടും നിര്‍ദ്ദേശം നല്കി. ബജ്രംഗ് പൂനിയയുടേയും വിനേഷ് പൊഗാട്ടിന്റെയും സാക്ഷി മാലിക്കിന്റെയും കായിക ഭാവിയെ തന്നെ ഇല്ലാതാക്കുന്ന നടപടികളിലേക്ക് ഇതു മാറി. ഇത്തരം വിവിധ വിഷയങ്ങളാണ് ബ്രജ്ഭൂഷണ്‍ സിങിനെതിരെ ഈ വര്‍ഷം ജനുവരിയില്‍ ദല്‍ഹിയില്‍ സമരം ആരംഭിക്കാന്‍ കായിക താരങ്ങളെ പ്രേരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ ബ്രജ്ഭൂഷന്റെ കര്‍ക്കശ നിലപാടുകളും മറ്റുമായിരുന്നു കായിക താരങ്ങളുടെ പരാതിക്ക് കാരണമായി ഉന്നയിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി അംഗീകരിക്കാനാവില്ലെന്നായിരുന്നു മൂന്നു കായികതാരങ്ങളുടേയും പരാതി. എന്നാല്‍ പിന്നീട് ലൈംഗിക പീഡന പരാതികള്‍ കൂടി ഉയത്തി ബ്രജ് ഭൂഷണെതിരെ ഹരിയാനയില്‍ നിന്നുള്ള കായിക താരങ്ങള്‍ സമരം ശക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ തലപ്പത്ത് നിന്ന് ബ്രജ്ഭൂഷണ്‍ സിങിനെ മാറ്റിനിര്‍ത്തി അഡ്ഹോക്ക് സമിതിക്ക് ചുമതല കൈമാറുകയും ചെയ്തു.
2023 മേയ് മാസമാണ് റെസ്ലിങ് ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഒരാള്‍ക്ക് മൂന്നുതവണയില്‍ കൂടുതല്‍ പ്രസിഡന്റ് പദവിയില്‍ ഇരിക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണ ദീപേന്ദര്‍ സിങ് ഹൂഡ ദേശീയ ഫെഡറേഷന് തലപ്പത്തെത്തുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ബ്രജ്ഭൂഷണ്‍ തന്റെ മകനെ ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചതും കാര്യങ്ങള്‍ വഷളാക്കി. ട്രയല്‍സ് കൂടാതെ ഏഷ്യന്‍ ഗയിംസിലേക്ക് വിടണമെന്നതാണ് ബജ്രംഗിന്റെയും സാക്ഷിയുടേയും വിനേഷിന്റെയും ആവശ്യം. ഹൂഡയുടെ ആവശ്യം ദേശീയ ഫെഡറേഷന് തലപ്പത്തെത്തുകയെന്നതും. പൊതു ശത്രുവായ ബ്രജ്ഭൂഷണെതിരെ ഇവര്‍ യോജിച്ചാണ് നീക്കം നടത്തുന്നതെന്നാണ് ബ്രജ്ഭൂഷന്റെ അനുയായികളുടെ ആക്ഷേപം. ബ്രജ്ഭൂഷന്‍ പീഡിപ്പിച്ചെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിപ്പെട്ട കായിക താരങ്ങളെല്ലാം തന്നെ ഹരിയാന ഫെഡറേഷന് കീഴിലുള്ളവരാണെന്നും ബ്രജ്ഭൂഷന്റെ ഒപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അപമാനിക്കപ്പെട്ട ഏഴു കായികതാരങ്ങളാരാണെന്ന് പോലും ആര്‍ക്കും വ്യക്തതയില്ല. ദീപേന്ദര്‍സിങ് ഹൂഡയുടെ അഖാഡയിലുള്ളവര്‍ മാത്രമാണ് തനിക്കെതിരെ പരാതിപ്പെട്ടതെന്ന് ബ്രജ്ഭൂഷണ്‍ ആരോപിച്ചിട്ടുണ്ട്. കായികതാരങ്ങളുടെ പരാതിയില്‍ രണ്ട് എഫ്ഐആറുകള്‍ ഇട്ട് ബ്രജ്ഭൂഷണെതിരെ ദല്‍ഹി പോലീസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫെഡറേഷന് തലപ്പത്തേക്കെത്താനുള്ള കിടമത്സരമാണ് ഈ നടക്കുന്നതെന്ന് രാഷ്ട്രീയക്കാര്‍ക്കും കായിക മേഖലയിലുള്ളവര്‍ക്കും വ്യക്തമായും ബോധ്യമുള്ള കാര്യമാണ്. ലൈംഗിക പീഡന പരാതി ഉയര്‍ത്തുന്ന കായിക താരങ്ങള്‍ അടക്കം ആരും തന്നെ പലതവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെ അന്വേഷണ സമിതിക്ക് മുന്നില്‍ എത്തി മൊഴി നല്‍കാത്തതും ദുരൂഹമാണ്. കായികതാരങ്ങളുടെ പ്രവര്‍ത്തി രാജ്യത്തെ നാണംകെടുത്തുന്നതാണെന്നും ഒളിംപിക്സ് അസോസിയേഷനെയാണ് താരങ്ങള്‍ സമീപിക്കേണ്ടതെന്നും പറഞ്ഞ ഐഒഎ പ്രസിഡന്റ് പി.ടി ഉഷ എംപിയെ അപമാനിക്കാനാണ് സമരം ചെയ്യുന്ന കായികതാരങ്ങള്‍ക്കും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്കും താല്‍പ്പര്യം.
2015ല്‍ തുര്‍ക്കിയില്‍ വെച്ച് ബ്രജ്ഭൂഷണ്‍ സിങ് തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് മേരിക്കോം അധ്യക്ഷയായ കേന്ദ്രസര്‍ക്കാര്‍ സമിതിക്ക് മുന്നില്‍ വിനേഷ് പൊഗാട്ട് നല്കിയ മൊഴി. എന്നാല്‍ വിനേഷ് പൊഗാട്ട് 2015ല്‍ തുര്‍ക്കിയില്‍ പോയിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞു. ഇതു ചോദിച്ചപ്പോള്‍ സംഭവമുണ്ടായത് 2016 മംഗോളിയയിലെന്ന് മൊഴിമാറ്റി. 2018ല്‍ ഒരു ഇന്റര്‍വ്യൂവില്‍ വിനേഷ് പറയുന്നത് തന്റെ കരിയറില്‍ ഒരിക്കല്‍ പോലും ലൈംഗികാതിക്രമത്തിന് വിധേയയാവേണ്ടി വന്നിട്ടില്ല എന്നായിരുന്നു.
ബ്രജ്ഭൂഷണ്‍ തന്നെ മോശം രീതിയില്‍ കെട്ടിപ്പിടിച്ചെന്നാണ് സാക്ഷി മാലിക്കിന്റെ പരാതി. എന്നാല്‍ പുറത്തുവന്ന ചിത്രങ്ങളിലെല്ലാം ഇരുവരും തോളില്‍ കയ്യിട്ടും സന്തോഷത്തോടെയും വിജയങ്ങള്‍ ആഘോഷിക്കുന്നവയാണ്. ബ്രജ്ഭൂഷണ്‍ സാക്ഷിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഒരിക്കല്‍ പോലും ബ്രജ്ഭൂഷന്‍ സാക്ഷിയെ വിളിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബള്‍ഗേറിയയില്‍ വെച്ച് മസാജ് ചെയ്തു നല്‍കണമെന്ന് ബ്രജ്ഭൂഷണ്‍ ആവശ്യപ്പെട്ടെന്ന് പരാതിപ്പെട്ട വനിതാ ഫിസിഷ്യോ, സമിതിക്ക് മുന്നില്‍ പറഞ്ഞത് അദ്ദേഹം പെയിന്‍ കില്ലര്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ്. മേരികോംസമിതി റിപ്പോര്‍ട്ടിലെ ഈ വിവരങ്ങള്‍ എക്കണോമിക്സ് ടൈംസ് രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.
വിഷയത്തില്‍ ഇടപെട്ട് കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുടെ ലക്ഷ്യം കേന്ദ്രസര്‍ക്കാരിനെ നാണംകെടുത്തുക എന്നതു മാത്രമാണ്. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷത്തെ ഹരിയാന തെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. ബിജെപിയെ സ്ത്രീ വിരുദ്ധരായും ജാട്ട് വിരുദ്ധരായും ചിത്രീകരിക്കാ
നുള്ള അവസരമായി കോണ്‍ഗ്രസ് വിഷയത്തെ മാറ്റാന്‍ ശ്രമിക്കുന്നു. ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കിനെ ഭിന്നിപ്പിക്കാനുള്ള അവസരമായും വിഷയത്തെ ഉപയോഗിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. ജന്തര്‍മന്തറില്‍ നടക്കുന്ന ഹരിയാനയിലെ കായികതാരങ്ങളുടെ സമരത്തിനായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരെ പത്തുലക്ഷത്തോളം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. സമരത്തിന് പിന്നില്‍ വലിയ സംഘങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി കാഴ്ചകള്‍ ജന്തര്‍മന്തറില്‍ കാണാനാവും. ദീപേന്ദര്‍സിങ് ഹൂഡയുടെ ആഖാഡകളില് നിന്നാണ് സമരത്തിനായി കായികതാരങ്ങളെത്തുന്നത്. ആദ്യഘട്ട സമരത്തില്‍ രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തിയെങ്കിലും രണ്ടാംഘട്ട സമരം പൂര്‍ണ്ണമായും രാഷ്ട്രീയവല്ക്കരിക്കപ്പെട്ടുകഴിഞ്ഞു. ബ്രജ്ഭൂഷണ്‍ തെറ്റു ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കായിക മേഖലയെ താറുമാറാക്കാന്‍ ഈ സമരങ്ങള്‍ വഴിവെയ്ക്കുമെന്ന ആശങ്ക ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: