പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ നല്ലേപ്പിള്ളിയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ചുണങ്ങി ഭഗവതി ക്ഷേത്രം. ഭദ്രകാളിയായി ഭഗവതി ഇവിടെ കുടികൊള്ളുന്നു. ചോണ്ടത്ത് തറവാട്ടുകാരാണ് ക്ഷേത്രം ഊരാളന്മാര്. ചോണ്ടത്ത് മച്ചിലാണ് ഭഗവതിയുടെ മൂലസ്ഥാനം.
ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ നിന്നും ഒരു വൃദ്ധ നല്ലേപ്പിള്ളിയിലെത്തി. അവിടെനിന്ന് ഒരു മന്നാടിയാര്‍ സമുദായത്തില്പ്പെട്ടയാളോട് ചോണ്ടത്ത് തറവാട്ടിലേക്കുള്ള വഴി ചോദിച്ചുവത്രേ. അദ്ദേഹം അവര്‍ക്ക് ചോണ്ടത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. നേരം വളരെ ഇരുട്ടിയതിനാല്‍ കറുത്തമന്നാട്ടിലെ ഒരു സ്ത്രീ അവരെ വിളക്കുമേന്തി അനുഗമിച്ചു. ചോണ്ടത്ത് തറവാടിന്റെ കിഴക്കേപടിക്കല് എത്തിയ മാത്രയില്‍ അവിടെയെങ്ങും സ്വര്‍ണശോഭ പരക്കുകയും വൃദ്ധ സര്‍വാഭരണ വിഭൂഷിതയായ ഒരു യുവതിയായി ചോണ്ടത്ത് മച്ചില്‍ പ്രവേശിച്ച് കുടികൊള്ളുകയുമാണത്രെ ഉണ്ടായത്. ദേവിയുടെ യഥാര്‍ത്ഥ നാമം ‘സുവര്‍ണാങ്കി’ എന്നാണ്. നാട്ടുഭാഷയില്‍ അത് ചുണങ്ങിയായി. മച്ചില്‍ ആരാധിച്ചിരുന്ന ഭഗവതിയെ നാട്ടുകാര്‍ക്ക് തൊഴാനായി തറവാട്ടുകാര് ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിലെ കൂത്തുമഹോത്സവത്തതിന്റെ എല്ലാ ചടങ്ങുകളും ഈ മച്ചില്‍ നിന്നാണ് ആരംഭിക്കുക. ഭഗവതിയുടെ വാളും ചിലമ്പും ഇവിടെ വെച്ചാരാധിക്കുന്നു.
ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം മീനമാസത്തില്‍ നടക്കുന്ന കൂത്തുമഹോത്സവമാണ്. കുംഭമാസത്തില്‍ ശിവരാത്രി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച ‘കൂത്ത് കുറിക്കല്‍’ ചടങ്ങോടെ ആരംഭിക്കുന്ന ഉത്സവം കൊടിയേറി പതിനഞ്ചാം നാള് ശ്രീരാമ പട്ടാഭിഷേകത്തോടെ സമാ
പിക്കും. എന്നാല്‍ ഇത്തവണ ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന്, മെയ് നാലിനാണ് ഉത്സവം നടക്കുന്നത്. 14 ദിവസം തുടര്‍ച്ചയായി തായമ്പക അരങ്ങേറുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ചുണങ്ങി ഭഗവതി ക്ഷേത്രം. നല്ലേപ്പിള്ളി അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പന് വിളക്കാണ് മറ്റൊരു പ്രധാന ഉത്സവം. നവരാത്രിയും രാമായണമാസവും ഇവിടെ വിശേഷാല്‍ രീതിയില്‍ കൊണ്ടാടുന്നു.
ചിറ്റൂര്‍ – കൊഴിഞ്ഞാമ്പാറ പ്രധാന പാതയോരത്ത് ആല്‍മരം തണലിട്ട മനോഹരമായ അന്തരീക്ഷത്തില്‍ ചുണങ്ങി ഭഗവതി തട്ടകത്തമ്മയായി നാടിനാകെ ഐശ്വര്യം നല്കി നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: