ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കര്‍ണ്ണാടകത്തില്‍ ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന പ്രകടനപത്രികയിലെ കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ്. ഈ പ്രഖ്യാപനം കര്‍ണ്ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന് പറഞ്ഞു. ഈ വിഷയത്തില്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്.
“ബജ് രംഗ് ദള്‍ എന്ന സംഘടന ഒരിയ്ക്കലും ഒരു തീവ്രവാദ സംഘടനയല്ല. ബജ് രംഗ് ദള്‍ എന്ന സംഘടന തീവ്രവാദ സംഘടനയായിരുന്നെങ്കില്‍ അതിനെ നിരോധിക്കണമെന്ന് ഞങ്ങള്‍ തന്നെ ആവശ്യപ്പെടുമായിരുന്നു. വാലന്റൈന്‍സ് ഡേയെ എതിര്‍ക്കുന്ന ബജ് രംഗ് ദള്‍ എന്ന സംഘടന ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു സംഘടനയാണെന്നേയുള്ളൂ.” – ആചാര്യ പ്രമോദ് കൃഷ്ണന് പറയുന്നു.
എന്നാല്‍ ബജ് രംഗ് ദളിനെ തീവ്രവാദി സംഘടന എന്ന് ആരോപിച്ച് നിരോധിക്കുമെന്ന് പറയുന്നത് മാന്യതയല്ല. പ്രകടനപത്രികയില്‍ ഈ വിഷയം ഉന്നയിക്കുക വഴി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ബിജെപിയ്ക്ക് വടികൊടുക്കുകയായിരുന്നു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. കോണ്‍ഗ്രസിനെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപിയ്ക്ക് ഇത് നേട്ടമായി- ആചാര്യ പ്രമോദ് കൃഷ്ണന് പറഞ്ഞു.
ഈ വിഷയം ഉയര്‍ത്തിയ കര്‍ണ്ണാടക കോണ്‍ഗ്രസ് മേധാവി ഡി.കെ. ശിവകുമാറും പ്രതിരോധത്തിലായി. ഈ വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ഡി.കെ. ശിവകുമാര്‍.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുപോലെ അധികാരത്തില്‍ വന്നാല്‍ കര്‍ണ്ണാടകത്തില്‍ ബജ് രംഗ് ദളിനെയും നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനം പരമാബദ്ധമാണെന്ന് ബജ് രംഗ് ദള്‍ നേതാക്കള്‍ പറയുന്നു. നിറയെ തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെയും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബജ് രംഗ് ദളിനെയും എങ്ങിനെ ഒരേ പോലെ കാണാനാവുമെന്നും ബജ് രംഗ് നേതാക്കള്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: