ന്യൂദല്‍ഹി : പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് വന്‍ തിരിച്ചടി. കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പോലീസ് ചോദിച്ച പണം നല്‍കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതിയും. ചെലവ് ചോദിച്ചതിന് എതിരെയുള്ള ഹര്‍ജിയില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിമാസം ഇരുപത് ലക്ഷം രൂപയാണ് സുരക്ഷ ഒരുക്കാന്‍ വേണ്ടി കര്‍ണാടക പോലീസ് ചോദിച്ചത്. ചെലവിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നേരത്തെ കേരളത്തിലേക്ക് വരാനുള്ള അനുവാദം മഅദനിക്ക് സുപ്രീം കോടതി നല്‍കിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ പ്രത്യേകസുരക്ഷ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. സുരക്ഷ ഒരുക്കാന്‍ ആവശ്യമായ ചെലവ് മഅദനിയില്‍ നിന്ന് ഈടാക്കാം എന്നാണ് കോടതി വ്യക്തമാക്കിയത്. തുടര്‍ന്നാണ് പ്രതിമാസം 20 ലക്ഷം രൂപ സുരക്ഷ ചെലവിനായി നല്കാന് നിര്‍ദ്ദേശിച്ചത്. ആകെ 55 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ ഇത്രയധികം സുരക്ഷാ ചിലവ് നല്കാന് സാധിക്കില്ലെന്ന് അറിയിച്ച് മഅദനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കപില്‍ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരായത്. ഈ ഹര്‍ജിയാണ് പരിഗണിക്കാതെ കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: