ബത്തേരി: ഭാരതത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരം അവസാനിച്ചിട്ടില്ലെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്. മധു. ബത്തേരിയില്‍ നടന്ന രാമന് നമ്പി അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച രാമന് നമ്പിയെ പോലുള്ളവരെ ചരിത്രം അവഗണിക്കുകയായിരുന്നു. ഇവരെപ്പോലുള്ള ധീര ദേശാഭിമാനികളെ കണ്ടെത്തി അവര്‍ക്ക് ഉചിതമായ സ്ഥാനവും സ്മാരകവും സ്ഥാപിക്കാനായി നിലവിലുള്ള സാഹചര്യങ്ങളോട് നമ്മള് പൊരുതുകയാണ്. ഇത് ഒരു സ്വാതന്ത്ര്യ സമരമാണ്. രാമന് നമ്പിയെ പോലെ അവഗണിക്കപ്പെട്ട പലര്‍ക്കും ഇപ്പോള്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ട്. 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയോടെ, രാജ്യത്ത് അതുവരെ നിലനിന്ന അനീതികളോട് പോരാടുകയാണ്. നാടിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്ന കാലമാണിത്. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി ഉദ്ഘാടനം ചെയ്തു. ബീട്ടീഷ് ചരിത്ര രേഖകളില്‍ പോലും രാമന് നമ്പിയുടെ ചരിത്രം ഉണ്ടെങ്കിലും ഭാരതത്തിന്റെ ഔദ്യോഗിക ചരിത്രത്തിലും പാഠ്യപദ്ധതിയിലും ആ സ്വതന്ത്ര്യ സമര പോരാട്ടം ഉള്‍പ്പെടാതെ പോയത് ദൗര്‍ഭാഗ്യകരമാണെന്ന് സുജയ പാര്‍വ്വതി പറഞ്ഞു. വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി അധ്യക്ഷന്‍ എ.വി. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ചരിത്രകാരന് വി. കെ. സന്തോഷ് കുമാര്‍ രാമന് നമ്പി അനുസ്മരണ പ്രഭാഷണം നടത്തി. ആസാദി കാ അമൃത് മഹോത്സവ് ജില്ലാ സമിതി ജനറല്‍ കണ്‍വീനര്‍. സി കെ. ബാലകൃഷ്ണന് സ്വാഗതവും രാമന് നമ്പി അനുസ്മരണ സ്വാഗതസംഘം കണ്‍വീനര്‍ എം. ശശികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: