പ്രശസ്ത നടന് സുധീര്‍ കരമന തന്റെ ഇരുന്നൂറാമത്തെ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. കെ. ആര്. ഉണ്ണി സംവിധാനം ചെയ്യുന്ന ‘ഒങ്കാറ’ ചിത്രത്തിന്റെ ലൊക്കേഷനില്‍ സുധീര്‍ കരമനയുടെ ഇരുന്നൂറാമത്തെ ചിത്രം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം എല്ലാവരും ചേര്‍ന്ന് ആഘോഷിച്ചു.
ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീര്‍ കരമന ‘ഒങ്കാറ’ യില്‍ അഭിനയിക്കുന്നത്. വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ തന്റെ ചിത്രം വരുന്നതിന്റെ ത്രില്ലിലാണ് സുധീര്‍ കരമന. ”ഒങ്കാറ എന്റെ ഇരുന്നുറാമത്തെ ചിത്രമാണ്. എന്റെ അഭിനയ ജീവിതത്തിലെ ഏറെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്… ഞാന്‍ ഏറെ പ്രതീക്ഷയോടെയാണ് ഒങ്കാറ എന്ന ചിത്രത്തെ കാണുന്നത്” സുധീര്‍ കരമന പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ ഗോത്ര വിഭാഗമായ മാവിലാന്‍ സമുദായങ്ങളുടെ സംസാരഭാഷയായ മാവിലവുവിലാണ് ‘ഒങ്കാറ’ ഒരുങ്ങുന്നത്. ആദിദ്രാവിഡഭാഷയായ മാവിലവുവിന് ലിപിയില്ല. പാട്ടിലൂടെയും വാമൊഴിയിലൂടെയും നിലനിര്‍ക്കുന്ന ഭാഷയാണിത്. നൂറ്റാണ്ടുകളായി ഗോത്രവിഭാഗങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ശ്രദ്ധേയമായ പാട്ടുകളും വിവിധ ആചാര അനുഷ്ഠാനങ്ങളും, തെയ്യം, മംഗലംകളി, എരുതുകളി എന്നിവയും ‘ഒങ്കാറ’യിലൂടെ പ്രേക്ഷകരില്‍ എത്തുകയാണ്.
ആദിമ ദ്രാവിഡ ഭാഷയായ ‘മാവിളവു’വില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയാണ് ‘ഒങ്കാറ’. സുധീര്‍ കരമനയ്ക്കൊപ്പം കന്നഡത്തിലേയും തുളുവിലേയും പ്രശസ്ത താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ നിന്ന് വെട്ടുകിളി പ്രകാശ്, സുഭാഷ്, സാധിക വേണുഗോപാല്‍, അരുന്ധതി നായര്‍, രമ്യ ജോസഫ്, ഗോപിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാവുന്നു.
ക്രിസ്റ്റല്‍ മീഡിയ, വ്യാസചിത്ര, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ സുഭാഷ് രാമനാട്ടുകര, ജോര്‍ജ് തോമസ് വെള്ളാറേത്ത്, ഡോക്ടര്‍ പ്രഹ്ലാദ് വടക്കെപാട്, സൗമ്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് വിക്രം നിര്‍വ്വഹിക്കുന്നു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ് കഥയും തിരക്കഥയും എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: