ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
അദ്ദേഹം പറഞ്ഞുതന്ന കാര്യത്തെ ഞാന്‍ ശ്രദ്ധയോടെ വിചാരം ചെയ്യാന്‍ തുടങ്ങി. അനുഭവിക്കുന്നയാള്‍ അനുഭവത്തില്‍ ആമഗ്നനാവുമ്പോള്‍ ഭ്രമാത്മകതയാണ്ഫലം.നടന് നാടകത്തില്‍ നടിക്കുമ്പോള്‍ താനറിയാതെ താദാത്മ്യം പ്രാപിക്കുന്നതുപോലെയാണത്. എന്തൊക്കെ സംഭവിച്ചാലും അതെല്ലാം വസ്തുനിഷ്ഠമാണ്, സമയനിബദ്ധമാണ്, എന്ന കാര്യം നാം മറന്നുപോകുന്നു. വന്നുംപോയുമിരിക്കുന്ന കേവലപ്രകടനങ്ങള് മാത്രമാണവ എന്നറിയാതെ അനുഭവങ്ങളെ യാഥാര്‍ത്ഥ്യമെന്ന് തെറ്റിദ്ധരിക്കുമ്പോള്‍ വിഭ്രമവും തുടര്‍ന്ന് ക്ലേശവുമുണ്ടാവുന്നു. ക്ലേശങ്ങളില്‍ നിന്നും മുക്തനാവാന്‍ അനുഭവങ്ങളുടെ സത്യം കണ്ടറിയാനുള്ള പ്രബുദ്ധതയിലേയ്ക്ക് നാം ഉണരേണ്ടതുണ്ട്. വാസ്തവത്തില്‍ താന്‍ ആര് എന്നതിനുള്ള ഉത്തരം സ്വയം കണ്ടെത്തേണ്ടതുണ്ട്. ഞാന്‍ ഉള്ളുണര്‍വിന്റെ അമൂര്‍ത്തമായ നിതാന്ത സാന്നിദ്ധ്യമാണെന്ന്, ഇതുവരെ ഗുരുദേവന് നല്കിയ പാഠങ്ങളില്‍ നിന്നും സംശയലേശമെന്യേ ഞാനറിയുന്നുണ്ട്. ഇപ്പോള്‍ എനിക്കത് അനുഭവത്തിലൂടെ സാക്ഷാത്ക്കരിക്കാനും കഴിയുന്നു. എന്റെ ഗുരുനാഥന് ചൂണ്ടിക്കാട്ടുന്ന ദിശയില്‍ വീണ്ടും സമഗ്രമായി നിരീക്ഷണം ചെയ്യണമെന്ന് എനിക്കാഗ്രഹം തോന്നി.
യമദേവന് പറഞ്ഞു.’ദൃശ്യവും ദൃക്കും തമ്മില്‍ വേര്‍തിരിച്ചു കാണുവാന്‍ ലളിതമായ ചില ഉപായങ്ങളുണ്ട്. ദൃക്കും ദൃശ്യവും വ്യതിരിക്തങ്ങളാണ് എന്ന് നാം ആദ്യമായി മനസ്സിലാക്കണം. രണ്ടാമതായി അറിയേണ്ടത്, ദൃക്ക് ഒന്നേയുള്ളുവെന്നും, ദൃശ്യങ്ങള്‍ വൈവിദ്ധ്യമാര്‍ന്നതും പലതുമാണ് എന്നതാണ്. മൂന്നാമതായി അറിയേണ്ടത്, ആത്യന്തികമായി എല്ലാം അനുഭവിക്കുന്ന ദൃഷ്ടാവ് ഒരിക്കലും മാറ്റമില്ലാത്തതാണെന്നും, ദൃശ്യമായി വര്ത്തിക്കുന്നതെല്ലാം അനുനിമിഷം മാറ്റങ്ങള്‍ക്ക് വിധേയമാണെന്നുമാണ്.
ഈ മൂന്നുപായങ്ങളും ലോകത്ത് എനിക്കു ചുറ്റുമുള്ള പ്രത്യക്ഷവസ്തുക്കളില് ഞാന്‍ പ്രയോഗിച്ചു നോക്കി. കണ്ണുകള്‍, അവ ദര്‍ശിക്കുന്ന വൈവിദ്ധ്യമാര്‍ന്ന വസ്തുരൂപങ്ങള്ക്കും നിറഭേദങ്ങള്‍ക്കും അതീതമാണ്. അവയില്‍ നിന്നും വ്യത്യസ്ഥവുമാണ്. അപ്പോള്‍ കണ്ണാണ് ദൃഷ്ടാവ്. കാരണം അത് ദര്‍ശിക്കുന്നത് മാറ്റങ്ങള്‍ക്ക് വിധേയമായ വൈവിദ്ധ്യമാര്‍ന്ന അനേകം വസ്തുക്കളെയാണ്. അവ ദൃശ്യമാണ്. മറ്റ് ഇന്ദ്രിയങ്ങളുടെ കാര്യവും അങ്ങനെതന്നെ. ചെവി വൈവിധ്യമാര്‍ന്ന അനേകം ശബ്ദങ്ങള്‍ ശ്രവിക്കുന്നു. അതുപോലെ മൂക്ക്, നാക്ക്, ത്വക്ക് എന്നിവയും ദൃക്ക് ആണ്.’
പുഞ്ചിരിയോടെ ഗുരുദേവന് പറഞ്ഞു: ‘തീര്‍ച്ചയായും! കാണുന്ന ദൃശ്യം സുന്ദരമാണെങ്കിലും വിരൂപമാണെങ്കിലും ദര്‍ശനമെന്ന ബോധത്തെയത് ബാധിക്കുന്നില്ല. അതുപോലെ ശബ്ദവ്യതിയാനങ്ങള്‍ ശ്രവണമെന്ന ബോധത്തെ ബാധിക്കുന്നില്ല. സ്പര്‍ശം എന്ന ബോധത്തെ സ്പര്‍ശ വസ്തുവിന്റെ കാഠിന്യമോചൂടോ, തണുപ്പോ ബാധിക്കുന്നില്ല. രസനയുടെ ആസ്വാദനബോധത്തെ എരിവോ പുളിയോ കയ്പ്പോ ബാധിക്കുന്നില്ല. നാസികയുടെ ഘ്രാണബോധം സുഗന്ധമോ ദുര്‍ഗന്ധമോ അനുസരിച്ചല്ല നിലകൊള്ളുന്നത്. നിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ബാഹ്യലോകത്തെ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ ഉണ്ടെന്നുള്ളതിന് നിനക്ക് എന്ത് തെളിവാണുള്ളത്? അവയെ ആരാണ് കാണുന്നത്?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: