ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഗുസ്തി ഫെഡറേഷന് മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡന ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍നിര വനിതാ ഗുസ്തി താരങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് എഫ്ഐആറിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചത്.
പ്രതികള്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട ഫയല്‍ ചെയ്യുന്നതിന് മുമ്പ് ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആവശ്യമാണെന്ന് പൊലീസ് രണ്ട് ദിവസം മുമ്പ് സുപീം കോടതിയെ അറിയിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ കോടതി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി. ബ്രിജ് ഭൂഷണ് സിംഗിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച മറ്റ് ആറ് ഗുസ്തിക്കാര്‍ക്കെതിരായ ഭീഷണിയും അന്വേഷിക്കണമെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നാല് മാസത്തിനിടെ രണ്ടാം തവണയാണ് ബിജ് ഭൂഷണ് സിംഗിനെതിരെ ലൈംഗികാരോപണം ഉയരുന്നത്. ബ്രിജ് ഭൂഷണിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം ജനുവരിയില്‍ ഗുസ്തിക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ബ്രിജ് ഭൂഷണെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ താരങ്ങള്‍ സമരത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: