തിരുവനന്തപുരം: കാട്ടാക്കട വിളപ്പില്‍ശാല ആസ്ഥാനമായുള്ള ഡോ.എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. രണ്ടാംഘട്ടമായി 50 ഏക്കര്‍ ഭൂമിയാണ് കൈമാറിയത്. റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിന് കൈമാറി. ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനായിരുന്നു. രണ്ട് ഘട്ടങ്ങളിലായി 100 ഏക്കര്‍ ഭൂമിയാണ് സര്‍വകലാശാല ഏറ്റെടുത്തത്.
സാങ്കേതിക സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണം രണ്ടുമാസത്തിനുള്ളില്‍ ആരംഭിക്കും. സര്‍വകലാശാല ആസ്ഥാനത്തിന് സമീപത്തായി തിരുവനന്തപുരം എന്‍ജിനിയറിംഗ് സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്ക് (ട്രെസ്റ്റ് പാര്‍ക്ക്) നിര്‍മിക്കും. ഇതിന്റെ ഭാഗമായാണ് 68 ഭൂവുടമകളുടെ 50 ഏക്കര്‍ ഭൂമി രണ്ടാംഘട്ടമായി ഏറ്റെടുത്തത്. 136 ഭൂവുടമകളുടെ 50 ഏക്കര്‍ ഭൂമി ആദ്യഘട്ടത്തില്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞ വര്‍ഷം കൈമാറിയിരുന്നു. മദ്രാസ് ഐ.ഐ.ടി പാര്‍ക്കിന്റെ മാതൃകയിലുള്ള വ്യവസായ ഗവേഷണ പാര്‍ക്കാണ് പണിയുന്നത്.
21 വീടുകള്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് സര്‍വകലാശാല ഏറ്റെടുത്തത്. കിഫ്ബി വഴി 190 കോടി രൂപയാണ് നഷ്ടപരിഹാരമായി രണ്ടാംഘട്ടത്തില്‍ നല്‍കുന്നത്. നഷ്ടപരിഹാരം ഒരാഴ്ചക്കുള്ളില്‍ ഭൂവുടമകളുടെ അക്കൗണ്ടുകളിലെത്തും. ആദ്യഘട്ടത്തില്‍ 184 കോടി രൂപയുടെ നഷ്ടപരിഹാരം, സര്‍വകലാശാല നല്കി. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമ പ്രകാരം അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയത്. വസ്തുവിന്റെ വില, അതിന്റെ സൊലേഷ്യം, മരങ്ങളുടെ വില, കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും വില, കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയുള്‍പ്പെടെയാണ് നഷ്ടപരിഹാരം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: