കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി
ആധികാരികവും വസ്തുനിഷ്ഠവും എന്ന പേരില്‍ ചില വ്യാഖ്യാനങ്ങള്‍ പലപ്പോഴും അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ പലപ്പോഴും സ്ഥാപിത താല്‍പ്പര്യക്കാരുടെ അജന്‍ഡയാണെന്നു മനസിലാക്കേണ്ടതു വളരെ പ്രധാനമാണ്. ഇ.എച്ച്. കാര്‍ പറഞ്ഞതുപോലെ ”വസ്തുതകളില്ലാതെ ചരിത്രകാരന് പറയുന്നത് അടിസ്ഥാനരഹിതവും നിരര്‍ഥകവുമായിരിക്കും; ചരിത്രകാരനില്ലാത്ത വസ്തുതകള്‍ നിര്ജീവവും അര്‍ഥശൂന്യവുമാകും”
ഇതുപോലെയാണ് രാജ്യത്തെ എണ്ണവിലയുടെ കാര്യവും അതിനു പിന്നിലെ ധാരണകളും. സ്ഥിരമായി പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു നില്‍ക്കണം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് അല്ലെങ്കില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ലോകത്താണ് എന്നു കരുതേണ്ടി വരും. ഇന്ത്യയിലെ പെട്രോള്‍ വില എപ്പോഴും കൂടി നില്‍ക്കുന്നുവെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നടത്തുന്നവര്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെയും ആഴത്തില്‍ പഠനം നടത്താതെയുമാണ് സംസാരിക്കുന്നത്. എന്നാല്‍ വളരെ കുറഞ്ഞ വിലയിലാണതു ലഭ്യമാക്കുന്നതെന്നാണു യാഥാര്‍ഥ്യം.
ഇന്ധനവിലയില്‍ നിന്ന് ലഭിക്കുന്ന കേന്ദ്ര എക്സൈസ് തീരുവ 2022 മെയ്, 2021 നവംബര്‍ മാസങ്ങളിലായി കേന്ദ്രഗവണ്മെന്റ് രണ്ടു തവണ ഒഴിവാക്കിയതാണ്. ഒരു ലിറ്റര്‍ പെട്രോളിന് 13 രൂപ, ഡീസലിന് 15 രൂപ എന്നിങ്ങനെയാണ് ഈ ഇനത്തില്‍ കേന്ദ്രം ഒഴിവാക്കിയത്. ഇതിലൂടെ കേന്ദ്ര ഖജനാവിന് 2.2 ലക്ഷം കോടി രൂപയാണു ചെലവായത്. കൂടാതെ, ആഭ്യന്തര ഉപഭോക്താക്കളുടെ ചെലവില്‍ കയറ്റുമതിക്കാര്‍ ലാഭം നേടുന്നതു തടയാനായി, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. എണ്ണവില കൂടി നില്ക്കുന്ന വേളയില്‍ എണ്ണ വിപണന കമ്പനികള്‍ വലിയ നഷ്ടം സഹിച്ചാണു രാജ്യത്തെ പൗരന്മാര്ക്കു കുറഞ്ഞ വിലയില്‍ വിതരണം ചെയ്തിരുന്നത്. പൊതുമേഖലയിലെ എണ്ണ വിപണന കമ്പനികള്‍ 2022 ഏപ്രില്‍ 6 മുതല്‍ ഈ വിലയില്‍ വ്യത്യാസം വരുത്തുകയും ചെയ്തിട്ടില്ല.
വാറ്റ് വരുമാനം വെട്ടിച്ചുരുക്കി സാധാരണക്കാര്‍ക്കുമേല്‍ ഭാരമുണ്ടാകാതിരിക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ മുന്നോട്ടു വന്നു. ഇതിലൂടെ പെട്രോള്‍ – ഡീസല്‍ വില കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തിലൊരു നീക്കത്തിനു തയ്യാറായിട്ടില്ല. ചിലര്‍ വാറ്റ് നിരക്ക് കുറയ്ക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ ആ സംസ്ഥാനങ്ങളില്‍ എണ്ണവിലയില്‍ കുറവുവന്നില്ല.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഒപ്പം വാറ്റ് നികുതി കുറയ്ക്കാന്‍ തയ്യാറായ സംസ്ഥാനങ്ങളിലും പെട്രോള്‍, ഡീസല്‍ വിലയുടെ വ്യത്യാസം വാറ്റ് നികുതി കുറയ്ക്കാത്തവരില്‍ നിന്നും 14.50 രൂപ മുതല്‍ 17.50 രൂപ വരെയാണ്. വാറ്റ് നികുതി ഇനത്തില്‍ ഒരു ലിറ്ററിന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് 26 രൂപ മുതല്‍ 32 രൂപ വരെയാണ്. ഇതില്‍ നിന്ന് സാധാരണക്കാരന്റെ പോക്കറ്റിലെ പണം എത്രത്തോളമാണ് നഷ്ടമാകുന്നത് എന്ന് വ്യക്തമാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 108.48 രൂപയും ഡീസലിന് 93.80 രൂപയുമാണ്. തൊട്ടടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ പെട്രോള്‍ വില 96.57 രൂപയും ഡീസലിന് 89.76 രൂപയുമാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് രാജസ്ഥാനില്‍ എത്തുമ്പോള്‍ പെട്രോളിന് 12 രൂപയും ഡീസലിന് നാല് രൂപയുമാണ് ഒരു ലിറ്ററിന് അധികമായി നല്‍കേണ്ടി വരുന്ന തുക.
യുപിഎ ഗവണ്മെന്റിന്റെ ഭരണകാലത്ത്. 2005-12 കാലഘട്ടത്തില്‍, ഒഎംസികള്‍ക്ക് അണ്ടര്‍ റിക്കവറിക്ക് പകരം 1.44 ലക്ഷം കോടി രൂപയുടെ ദീര്‍ഘകാല ഓയില്‍ ബോണ്ടുകളാണ് നല്‍കിയത്. ഇതിന്റെ പ്രതിസന്ധികള്‍ അനുഭവിക്കുന്നത് നികുതിദായകരാണ്. പലിശയും മുതലുമായി 3.2 ലക്ഷം കോടി രൂപ ഇപ്പോഴും തിരിച്ചടയ്ക്കേണ്ടിവരുന്നു.
വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110.48, ഡീസലിന് 98.27 രൂപ എന്നിങ്ങനെയാണ് വില. അയല്‍സംസ്ഥാനമായ കര്‍ണാടകത്തിലെ വിലയെക്കാള്‍ പത്ത് രൂപയോളം കൂടുതലാണ് ഇത്. കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.94 രൂപയും ഡീസലിന് 87.89 രൂപയുമാണ് വില. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രാജ്യത്ത് ഏറ്റവും അധികം വിലയ്ക്ക് ഇന്ധനം വില്‍ക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
ടിആര്‍എസ് ഭരിക്കുന്ന തെലങ്കാനയിലാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വില ഇന്ധനത്തിനായി നല്‍കുന്നത്. പെട്രോളിന് 109.66 രൂപയാണ് ഒരു ലിറ്ററിന് വില. ഇത് ഉത്തര്‍പ്രദേശിനെക്കാള്‍ ലിറ്ററിന് 13 രൂപ വരെ കൂടുതലാണ്. ശതമാനക്കണക്കില്‍ പരിശോധിച്ചാല്‍ വാറ്റ് ഇനത്തില്‍ പെട്രോളിന് 35.2 ശതമാനവും ഡീസലിന് 27 ശതമാനവുമാണ് തെലങ്കാന ഈടാക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇത് യഥാക്രമം 26.8%, 17.48% എന്നിങ്ങനെയാണ്.
പശ്ചിമ ബംഗാളില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ് വില. എന്നാല്‍ അസമില്‍ യഥാക്രമം 97.02, 88.30 എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ വില. ദീദിക്കു സ്വന്തം സംസ്ഥാനത്തെ ജനങ്ങളോടു കൂറുണ്ടെങ്കില്‍ എന്തുകൊണ്ടാണു പെട്രോള്‍ വില നൂറ് രൂപയില്‍ താഴെയാക്കാത്തത്?
ഇത്തരം കാപട്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയാത്തതരത്തിലാണ്. വ്യോമയാന മേഖലയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ കാര്യമായാലും ചില സംസ്ഥാനങ്ങളുടെ അത്യാഗ്രഹം വ്യക്തമാണ്. മഹാരാഷ്ട്രയിലെ 2023 ബജറ്റില്‍ വ്യോമയാന ഇന്ധനത്തിന് മേലുള്ള വാറ്റ് നികുതി 18 ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ഗവണ്മെന്റ് ഇതിന് തയ്യാറായില്ല. 25 ശതമാനമാണ് വാറ്റ് നികുതി ഇനത്തില്‍ ഡല്‍ഹി ചുമത്തുന്നത്.
2021 ജനുവരി മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രകൃതിവാതകത്തിന്റെ വില 228 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇന്ത്യയില്‍ സിഎന്‍ജി വിലവര്‍ധന 83 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു.
വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഉത്തേജനം പകരുന്നതിന്, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയരീതി പരിഷ്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അടുത്തിടെ തീരുമാനമെടുത്തിരുന്നു. ഇന്ത്യന്‍ പ്രകൃതിവാതകവില ഇന്ത്യന്‍ ക്രൂഡ് ശേഖരത്തിന്റെ പ്രതിമാസ ശരാശരിയുടെ 10% ആയിരിക്കണമെന്നു നിര്‍ണയിക്കുന്ന ഈ സന്തുലിതമായ തീരുമാനം വ്യവസായവും ഉപഭോക്താക്കളും സന്തുലിതമായ പരിഷ്കാരമായാണു കാണുന്നത്. കൂടുതല്‍ ചലനാത്മകവും കരുത്തുറ്റതുമായ വില നിര്‍ണയസംവിധാനത്തില്‍ നിന്ന് വ്യവസായത്തിന് പ്രയോജനം ലഭിക്കുമ്പോള്‍, ആഭ്യന്തര പിഎന്‍ജി, സിഎന്‍ജി എന്നിവയില്‍ 7-8 രൂപ വിലക്കുറവിന്റെ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കുന്നു.
പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തില്‍ 140 കോടി പൗരന്മാര്ക്ക് താങ്ങാവുന്ന നിരക്കില്‍ ഊര്‍ജം വിതരണം ചെയ്യുന്ന കേന്ദ്രഗവണ്മെന്റിനെ ലോകം മുഴുവന്‍ അഭിനന്ദിക്കുമ്പോഴും ചില സംസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വവും അവരുടെ ജനവിരുദ്ധ നയങ്ങള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയും വിഡ്ഢിത്തങ്ങള്‍ പറയുകയുമാണ് ചെയ്യുന്നത്. അവര്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ഭീമമായ ഇന്ധനനികുതി ഒഴിവാക്കേണ്ട സമയം എത്തിച്ചേര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: