കലഹം, കലാപവീര്യം. അധികമാര്‍ക്കും ലഭിക്കുന്ന ഗുണകരമായ മഹിമയല്ല അത്. എന്നാല്‍ എ.കെ.ശങ്കരമേനോന് ഈ സവിശേഷ പാരമ്പര്യത്തിന് ഉടമയാണ്. പഠന കാലം മുതല്‍ പ്രകടമായതാണ് അനീതിക്കെതിരായ പോരാട്ടം. അത് കലാപമായി ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുക എന്നതും പ്രത്യേകതയുള്ളതാണ്. സ്വാതന്ത്ര്യ സമരത്തിലും തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും അത് മങ്ങലില്ലാതെ ജ്വലിച്ചു നിന്നു.
സ്വാതന്ത്ര്യാനന്തരം തിളച്ചുമറിഞ്ഞ കശ്മീര്‍ പ്രക്ഷോഭത്തില്‍ യുവസമര ഭടനായി പങ്കെടുത്തതിന് ഭാരതത്തിന്റെ വടക്കെ അറ്റത്തെ ജയിലുകളിലൊന്നില്‍ കഴിയുക, അതിനിടയില്‍ ഈ നാടിന്റെ രാഷ്ട്രീയ ഗതിയെ മാറ്റിമറിച്ച സാക്ഷാല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണം കൊലപാതകമാണെന്നു ലോകത്തോട് ആദ്യം വിളിച്ചു പറയുന്നതിനു നിയുക്തനാവുക, അവിടെ നിന്നും ആളിക്കത്തിയ ദേശീയതയുടെ കാവല്‍ ഭടനായി സത്യത്തിനും നീതിക്കും വേണ്ടി ദീര്‍ഘ കാലത്തെ പോരാട്ടവീര്യവുമായി 2008ല്‍ ഇഹലോക വാസം വെടിയും വരെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ തികച്ചും നിര്‍മ്മമനായി ഇടപെടുകയും അണുവിട വിട്ടുവീഴ്ച ചെയ്യാത്ത നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്യുക. ഓര്‍ക്കുമ്പോള്‍ ആവേശവും ഒപ്പം ആശ്ചര്യകരവുമായ വ്യക്തിത്വത്തിനുടമയായിരുന്നു ഭാരതീയ ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയുടെയും സമുന്നത നേതാവായിത്തീര്‍ന്ന എ.കെ. ശങ്കരമേനോന്.
ചെറുപ്രായം മുതല്‍ തിരയടങ്ങാത്ത കടലുപോലെ അനീതിക്കും അടിമത്തത്തിനും എതിരായ പ്രക്ഷോഭങ്ങളിലൂടെ സഞ്ചരിച്ചതു കൊണ്ടായിരിക്കാം ജയ പരാജയങ്ങളെയും ജയിലുകളെയും ഭീഷണികളെയുമൊക്കെ തന്റെ സ്വതസിദ്ധമായ നര്‍മവും തമാശകളും ചേര്‍ത്ത് നേരിടുന്നതിനും പരിചയപ്പെട്ടവരുടെയൊക്കെ മനസ്സില്‍ സ്നേഹാര്‍ദ്രമായ സ്ഥാനം നേടുന്നതിനും എന്നും മേനോന്റെ ഓര്‍മകള്‍ക്ക് കഴിയുന്നത്.
ജനനം
കൊയിലാണ്ടി പന്തലായനി ആറ്റുപുറത്ത് കുഞ്ഞിക്കണ്ണന് നായരുടെയും ചുട്ടടത്തില്‍ ശ്രീദേവി അമ്മയുടെയും രണ്ടാമത്തെ മകനായാണ് ശങ്കരമേനോന്റെ ജനനം. അച്ഛന് മലബാറിലെ ബ്രിട്ടീഷ് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. കൊയിലാണ്ടി ബോയ്സ് സ്കൂളിലായിരുന്നു പ്രാഥമിക പഠനം. മുന്‍ മന്ത്രി സി.എച്ച് മുഹമ്മദ് കോയ, എഴുത്തുകാരന് യു.എ.ഖാദര്‍ എന്നീ പ്രമുഖരായിരുന്നു അന്ന് സഹപാഠികള്‍. ഇന്റര്‍മീഡിയറ്റ്, ഡിഗ്രി പഠനം ബാംഗ്ലൂരിലായിരുന്നു. അവിടെ വെച്ച് സുദര്‍ശന്‍ജിയുമായുള്ള സൗഹൃദം രാഷ്ട്രീയ സ്വയം സേവക് സംഘത്തിലേക്ക് അടുപ്പിച്ചു. ഗാന്ധിജി കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ ജ്യേഷ്ഠനായ ഗംഗാധരമേനോനോടൊപ്പം രാഷ്ട്ര പിതാവിനെ സന്ദര്‍ശിക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ കെ.കേളപ്പനോടൊപ്പം പങ്കെടുക്കുകയുമുണ്ടായി.
ദേശീയ പ്രക്ഷോഭങ്ങളിലേക്ക്
സ്കൂള്‍ കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ അനീതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന ശങ്കരമേനോന് രാജ്യത്തെ പിടിച്ചു കുലുക്കിയ 1953 ലെ കശ്മീര്‍ സത്യഗ്രത്തിലൂടെയാണ് ദേശീയ സമരമുഖത്ത് പ്രവേശിക്കുന്നത്. അന്ന് നെഹ്രു-ഷേക്ക് അബ്ദുള്ള ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ചു ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം കശ്മീര്‍ വിമോചനസമരത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഏക വ്യക്തിയാണ് ശങ്കരമേനോന്. 1953 മെയ് 14നാണ് ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം മേനോനെ അറ്സറ്റ് ചെയ്ത് കശ്മീര്‍ ജയിലാക്കിയത്. നാല്പത് ദിവസമാണ് അന്നത്തെ കശ്മീര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചത്. തുടക്കത്തില്‍ മേനോനോടൊപ്പം ഒരേ സെല്ലില്‍ ആയിരുന്ന മുഖര്‍ജിയെ മറ്റാരു സെല്ലിലേക്ക് മാറ്റുന്നതിനെതിരായി പ്രതികരിച്ചതിന് മേനോനെ കൊടും തണുപ്പത്ത് തറയില്‍ കിടത്തി. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ആകസ്മിക മരണം കൊലപാതകമാണെന്ന് ആദ്യം വിളിച്ചു പറഞ്ഞ സമര ഭടന്മാരില് ഒരാളായിരുന്നു ശങ്കരമേനോന്.
ഗോവ സമരം
1955ല്‍ ഗോവ വിമോചന സമരത്തില്‍ കേരള സംഘത്തെ നയിച്ചത് ശങ്കരമേനോനായിരുന്നു. കാര്‍വാറിലെ കിസാന്‍ നേതാവ് ടി.നായിക്കിന്റെ നേതൃത്വത്തിലുള്ള 125 അംഗ സന്നദ്ധഭടന്മാരോടൊപ്പം കേരള സംഘവുമായി 1955 ഓഗസ്റ്റ് 15ന് വിലക്കുകള്‍ ലംഘിച്ചു ഗോവയിലേക്ക് കടന്ന് പോര്‍ച്ചുഗീസ് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. അന്ന് ജീവന് അവശേഷിച്ച ചുരുക്കം സത്യഗ്രഹികളില്‍ ഒരാളായിരുന്നു ശങ്കരമേനോന്. കശ്മീര്‍ ഗോവ സത്യഗ്രഹങ്ങള്‍ക്ക് പുറമെ കച്ച് സത്യഗ്രഹം, ബംഗഌദേശ് സത്യഗ്രഹം എന്നീ ദേശീയ പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്. കേരളത്തില്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് മലപ്പുറം ജില്ലാ വിരുദ്ധ സമരം, കേരളത്തിലെ ആദിവാസി ഭൂമി സമരം എന്നിവയ്ക്ക് ശങ്കരമേനോനാണ് നേതൃത്വം നല്‍കിയത്.
വിവാഹവും ജയിലും
1965ല്‍ ദീനദയാല്‍ജി അഹ്വാനം ചെയ്ത ജയില്‍ നിറക്കല്‍ സമരത്തില്‍ ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ പങ്കെടുത്തത് താലികെട്ടിന് ശേഷമായിരുന്നു. അന്ന് ജയിലില്‍ അടക്കപ്പെട്ട മേനോന് ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് അറിയുന്നത് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് തിരിച്ചുപോയെന്ന്. പിന്നിട് 1968ല്‍ കക്കട്ടില്‍ നിന്നുള്ള അധ്യാപികയായ പി. ജനകി അദ്ദേഹത്തിന്റെ സഹധര്‍മ്മണിയായി.
ആദിവാസികള്‍ക്ക് ഭൂമി കിട്ടി
കോഴിക്കോട് ബിജെപി ജില്ലാ അദ്ധ്യക്ഷനായിരിക്കെ ആദിവാസി മാര്‍ച്ച് നടത്തുകയും അവരുടെ ഭൂമി തിരികെ നല്കാന് സമരം നടത്തുകയും ചെയ്തു. കേരളത്തില്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരികെ പാവപ്പെട്ട ആദിവാസികള്‍ക്ക് ലഭ്യമാക്കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. കേരളത്തില്‍ ആദ്യത്തെയും അവസാനത്തെയും സംഭവമാണിത്.
അടിയന്തിരാവസ്ഥ
അടിയന്തരാവസ്ഥയില്‍ തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍കഴിഞ്ഞു. മലബാര്‍ മേഖലയിലെ ചെറുത്തു നില്‍പ്പിന്റെ കേന്ദ്ര ബിന്ദുവായ മേനോന് അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച് പാളയം മിഠായി തെരുവ് വഴി മുതലക്കുളത്തേക്ക് പ്രകടനം നടത്തിയത് വന്‍വാര്‍ത്തയായിരുന്നു. ഒരു പ്രകടനക്കാരന്‍ പോലും പോലീസ് പിടിയിലാവാതെ എല്ലാവരും അപ്രക്ഷ്യരായത് അന്നത്തെ കെ.കരുണാകന്റെ പോലീസ് സംവിധാനത്തിന്റെ മുഖത്തേറ്റ അടിയായി. പിന്നീട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് മേനോനെ അറസ്റ്റ് ചെയ്തത്. അയോധ്യ കര്‍സേവകനായും മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള മാര്‍ച്ചിലും മേനോന് പങ്കെടുത്തു.
സ്വന്തമായി പത്രവും
സംഘത്തെ ആദ്യം നിരോധിച്ചതോടെ മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ അന്ന് സംഘത്തിനെതിരായി വ്യാപക പ്രചരണം ആരംഭിച്ചപ്പോള്‍ മേനോന് അതിനെ ചെറുക്കാന്‍ ജ്യോതി എന്ന പേരില്‍ സ്വന്തം നിലയ്ക്ക് ഒരു പത്രം തുടങ്ങി. ഉറൂബ് ആയിരുന്നു അന്ന് എഡിറ്റര്‍. ഏതായാലും കോഴിക്കോട്ട് നിന്ന് കേസരി ആരംഭിച്ചതോടെ അതു പിന്നീട് നിര്‍ത്തലാക്കി എന്നാണ് പറയുന്നത്.
പ്രക്ഷോഭങ്ങളില്‍ മാത്രമല്ല പൊതുതെരഞ്ഞെടുപ്പുകളിലും ശങ്കരമേനോന് പതിറ്റാണ്ടുകളോളം പതിവ് സ്ഥാനാര്‍ഥിയായിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പായിട്ടും മത്സരിക്കുകയും സംശുദ്ധമായ രാഷ്ട്രീയം കൊണ്ട് എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങുകയും ചെയ്ത മേനോന് പ്രസംഗവേദിയില്‍ വാരിവിതറാറുള്ള നര്മങ്ങളും വിമര്‍ശനങ്ങളും ഇന്നും ആവേശമാണ്. പകരം വെക്കാനില്ലാത്ത രാഷ്ട്രീയ പ്രതിഭയാണ് എ.കെ.ശങ്കരാമേനോന്‍.
മക്കള്‍: ദല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്ത്തകന് ശരത്ലാല്.കെ.എസ്, അദ്ധ്യാപികമായ ലീന.ജെ.ശങ്കര്‍, ലേഖ.ജെ.ശങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: