തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ നേതൃത്വത്തില്‍ ഭാരതമെങ്ങും ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവിയും ഗായകനുമായ സൂര്‍ദാസ് അന്ധനായിരുന്നു. വീട്ടുകാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടിക്കാലത്തു തന്നെ വീടുവിട്ടു പോയ സൂര്‍ദാസ് പില്ക്കാലത്ത് വൈഷ്ണവ ഗുരുവായ വല്ലഭാചാര്യരെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിയ്ക്കുകയുമായിരുന്നു. ഗുരുവില്‍ നിന്ന് ശ്രീമദ് ഭാഗവതം ഹൃദിസ്ഥമാക്കിയ സൂര്‍ദാസ് കൃഷ്ണഭക്തി പ്രധാനങ്ങളായ നിരവധി കീര്‍ത്തനങ്ങളും ഭജനകളും രചിച്ച് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയം കവര്‍ന്നു.
സക്ഷമ തിരുവനന്തപുരം സമിതിയുടെ ആഭിമുഖ്യത്തില്‍ പുതുതായി രൂപീകരിച്ച സക്ഷം വോയിസ് എന്ന ഗാനമേള ട്രൂപ്പിന്റെ ആദ്യ പൊതുപരിപാടിയും ഇതോടൊപ്പം ഗാന്ധിപാര്‍ക്കില്‍ അരങ്ങേറി. കാഴ്ച പരിമിത ഗായകരായ ചന്ദ്രിക, ഷിജു കൃഷ്ണന്, മോഹന്‍ദാസ്, ഡോളി, പ്രശാന്ത്, ഐശ്വര്യ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി.
ക്ഷേത്ര ഉത്സവങ്ങളില്‍ കീര്‍ത്തന സന്ധ്യ അവതരിപ്പിയ്ക്കുന്ന ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയും ഇതോടൊപ്പം പ്രവര്‍ത്തിച്ചു വരുന്നു. ഭിന്നശേഷിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം പെരുന്താന്നിയില്‍ സക്ഷമയുടെ ധീമഹി സേവന കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ഗാനസന്ധ്യയ്ക്ക് മുന്നോടിയായി ഭക്ത സൂര്‍ദാസ് അനുസ്മരണ സമ്മേളനം നടന്നു. സക്ഷമ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സക്ഷമ സംസ്ഥാന സഹ സംഘടനാ കാര്യദര്‍ശി സുഭാഷ് പി. സൂര്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. നമ്മുടെ പൊതുവിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാവേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളത്തിലെ എല്ലാ നഗരങ്ങളും ഈ ദിശയില്‍ വേണ്ടത് ചെയ്യണമെന്നും, തലസ്ഥാനമായ തിരുവനന്തപുരത്തെ കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ നഗരമാക്കി മാറ്റാന്‍ അധികാരികള്‍ മനസ്സു വയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി അനിതാ നായകം ആശംസകള്‍ അര്‍പ്പിച്ചു.സക്ഷമ നെയ്യാറ്റിന്‍കര താലൂക്ക് സെക്രട്ടറി സരിന് ശിവന് ഗായകരെ പരിചയപ്പെടുത്തി. സക്ഷം വോയിസ്, ഭക്തസൂര്‍ദാസ് ഭജനമണ്ഡലി എന്നിവയുടെ പരിപാടികള്‍ ബുക്ക് ചെയ്യുന്നതിനും ധീമഹിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുതുന്നതിനും 88489 76123 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സക്ഷമ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: