തിരുവനന്തപുരം: എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.
എഐ ക്യാമറ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കരാറിലോ ടെക്നിക്കല്‍ സംവിധാനത്തിലോ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്ന് രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിച്ചു. ആരോപണം ഉയര്‍ന്ന ഉടനെ കെല്‍ട്രോണില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ഇത് പരിശോധിച്ചതില്‍ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്നാണ് വ്യക്തമായത്. എസ്ആര്‍ഐടിക്ക് കരാര്‍ നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. ഉപകരാര്‍ നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. ഉപകരാര്‍ നല്‍കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ട കാര്യമില്ല. കെല്‍ട്രോണിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ഗതാഗത വകുപ്പിനെ കുറിച്ചും അതിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ലഭിച്ച പരാതി വിജിലന്‍സ് അന്വേഷിക്കും. പരാതിയിലെ ഒരുഭാഗത്തു മാത്രമേ മാത്രമാണ് സേഫ് കേരള പദ്ധതിയെകുറിച്ച് പരമാര്‍ശമുള്ളൂ. അന്വേഷണത്തിന് ആവശ്യമായ എല്ലാ ഫയലുകളും കെല്‍ട്രോണ്‍ വിജിലന്‍സിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ക്യാമറകള്‍ക്ക് 35 ലക്ഷം എന്ന ആരോപണത്തെയും മന്ത്രി ന്യായീകരിച്ചു. ഒരു ക്യാമറ എന്നത് ക്യാമറയും 13 കമ്പോണന്റികളും ചേര്‍ന്നതാണെന്നും അവ ഒരുമിച്ച് സെറ്റ് ചെയ്തത് മണ്‍വിളയിലെ യൂണിറ്റിലാണെന്നും മന്ത്രി ന്യായീകരിച്ചു. മെയിന്റന്‍സിനല്ല 235 കോടി നല്‍കിയത്. അതില്‍ 25.63 കോടി ജിഎസ്ടി ആണ്. 12 കണ്ട്രോള് റൂമുകള്‍, 146 പേരുടെ ശമ്പളം, ലാപ്
ടോപ്, വൈദ്യുതിബില്‍, ചെല്ലാന്‍ പ്രിന്റ്, പോസ്റ്റല്‍ ചാര്‍ജ്ജ്, വാഹനങ്ങളുടെ മെയിന്റനന്‍സ് തുടങ്ങിയ കൂടി ഉള്‍പ്പെടുത്തിയാണ് തുക നല്‍കുന്നത്. 20 തവണ ആയാണ് തുക നല്‍കുന്നത്. എല്ലാ വിവരങ്ങളും കെല്‍ട്രോണിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെല്‍ട്രോണില്‍ നിന്നും കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രമേ സര്‍ക്കിരിന്റെ അന്വേഷണം എത്തുകയുള്ളൂ. ഉപകരാര്‍ ഏറ്റെടുത്ത കമ്പനികളെ കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരോ കെല്‍ട്രോണോ നേരിട്ട് അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന ന്യായീകരണം പറഞ്ഞാണ് ഉപകരാരിലെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ദുരൂഹമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വിജിലന്‍സ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: എഐ ക്യാമറകള്‍ സ്ഥാപിച്ചത് അടക്കം ഗതാഗത വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു. 2023 ഫെബ്രുവരിയില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായില്ല. അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷല്‍ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്.
മേശയ്ക്ക് അടിയിലെ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് എ.കെ.ശശീന്ദ്രന്
തിരുവനന്തപുരം:മേശയ്ക്ക് അടിയിലെ ഇടപാടുകള്‍ ഞങ്ങളാരും നടത്തിയിട്ടില്ലെന്ന് മുന്‍ ഗതാഗതമന്ത്രികൂടിയായ വനം മന്ത്രി എ.കെ. ശശീന്ദ്രന്. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നല്ലതിനാകും. അന്വേഷണത്തില്‍ ഉത്കണ്ഠയില്ല. എന്താണ് സംഭവിച്ചതെന്ന് പുറത്ത് വരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളില്‍ ആര്‍ക്കെങ്കിലും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത് ഒരു ഏജന്‍സിയുമായാണെന്നും എ.കെ.ശശീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: