ബെംഗളൂരു: കര്‍ണാടകയിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാരിനെ ട്രിപ്പിള്‍ എഞ്ചിന് സര്‍ക്കാര്‍ ആയി മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം എത്രയും വേഗം നടപ്പാക്കണമെന്ന വാശിയിലാണ് മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും എറണാകുളം സൗത്ത് കൗണ്‍സിലറുമായ പത്മജ എസ്. മേനോന്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോര്‍ച്ചയുടെ കര്‍ണാടകയുടെ മുഴുവന്‍ പ്രചരണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് പത്മജയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വം തന്നെ വിശ്വസിപ്പിച്ചേല്‍പ്പിച്ച ദൗത്യം എത്രയും വേഗം പൂര്‍ത്തിയാക്കി കര്‍ണാടകയില്‍ ട്രിപ്പിള്‍ എഞ്ചിന് സര്‍ക്കാര്‍ കൊണ്ട് വരികയാണ് തന്റെയും മഹിളാ മോര്‍ച്ചയുടേയും ലക്ഷ്യമെന്നാണ് പത്മജ പറയുന്നത്. പ്രചരണത്തിന്റെ ഭാഗമായി എവിടെ ചെന്നാലും ബിജെപിക്ക് ജനങ്ങളില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മാത്രമായുള്ള ഡബിള്‍ എഞ്ചിന് സര്‍ക്കാരല്ല ഇനി തങ്ങള്‍ക്ക് വേണ്ടതെന്നും എല്ലാ മണ്ഡലങ്ങളിലും ബിജെപി എംഎല്‍എമാരുള്ള സര്‍ക്കാരാണ് ഇത്തവണ കര്‍ണാടകയില്‍ വേണ്ടതെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാര്‍ വിജയിച്ച മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പല പദ്ധതികളും നടപ്പാക്കിയിട്ടില്ല. അതിനാല്‍ തന്നെ കഴിഞ്ഞ തവണത്തെപ്പോലെയുണ്ടായ തെറ്റ് ഇനി ഇത്തവണ ഉണ്ടാകില്ലെന്നാണ് ജനങ്ങള്‍ തന്നെ പറയുന്നത്.
മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍
എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മലയാളി പ്രവര്‍ത്തകരെ അഞ്ച് സംഘങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇവര്‍ മംഗളൂരു, കലബുര്‍ഗി, ഗുല്‍ബെര്‍ഗ, ബെംഗളൂരു, മൈസൂരു, തുമകൂരു, ബെല്ലാരി തുടങ്ങിയ ഇടങ്ങളിലെ മണ്ഡലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
ഒരോ സംസ്ഥാനത്തെയും ഒരോ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പല സംഘങ്ങള്‍ രൂപീകരിച്ച് മണ്ഡലങ്ങളിലെ വീടുകള്‍ കയറിയുള്ള പ്രചരണമാണ്. പല സംസ്ഥാനത്തുള്ള ആള്‍ക്കാരും ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടവകാശമുണ്ട്. അതിനാല്‍ തന്നെ മഹിളാമോര്‍ച്ചയിലെ സംഘത്തിലുള്ളവര്‍ക്ക് ഇവരുമായി എളുപ്പത്തില്‍ ആശയ വിനിമയം നടത്താന്‍ സാധിക്കും.
ബിജെപി വനിതകള്‍ക്ക് നല്കുന്ന പ്രാതിനിധ്യം
ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പുകളിലൂടെ വനിതകള്‍ക്ക് വലിയൊരു അവസരം നല്‍കുകയാണ്. ഓരോ സംസ്ഥാനത്തും എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. എങ്ങനെയാണ് ക്യാംപെയ്ന് നടത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലൂടെ അറിയുവാന്‍ സാധിക്കുന്നു. കോണ്‍ഗ്രസിനും ജെഡിഎസിനും ഇത്തരത്തില്‍ ഒരു സംവിധാനമില്ല. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാ സംസ്ഥാനങ്ങളിലേയും സ്ത്രീകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയെന്നുള്ളതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. യുപി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഘാലയ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വീടുകയറിയുള്ള പ്രചരണം നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ണാടകയിലും മഹിളാമോര്‍ച്ച രംഗത്തിറങ്ങുന്നത്.
കേന്ദ്ര പദ്ധതികള്‍
കര്‍ണാടകയില്‍ നിലവിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ എല്ലാം തന്നെ താഴെത്തട്ടിലുള്ള ജനങ്ങളില്‍ എത്തിച്ചു. ഇതിനാല്‍ തന്നെ ജനങ്ങള്‍ ഏറെ സന്തുഷ്ടരാണ്. പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, പ്രധാനമന്ത്രി ജന്‍ ധന് യോജന, അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി മുദ്ര യോജന, സുകന്യാ സമൃദ്ധി യോജന, ജനനി സുരക്ഷാ യോജന, പ്രധാനമന്ത്രി സൗഭാഗ്യ യോജന, പ്രധാനമന്ത്രി ശൗചാലയ യോജന ഇവയെല്ലാം തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. കുട്ടികള്‍ക്ക് പോലും പ്രധാനമന്ത്രിയുടെ പല പദ്ധതികളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
മലയാളികളുടെ സ്വാധീനം
കര്‍ണാടകയില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കാണ് വോട്ടവകാശം ഉള്ളത്. ഇവരെല്ലാം തന്നെ തങ്ങള്‍ ഗൃഹ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ ബിജെപിക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ വന്നതിന് ശേഷം നിരവധി ആനൂകൂല്യങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ളത്.
മലയാളികള്‍ക്കും മലയാളി സംഘടനകള്‍ക്കും വേണ്ടി ബിജെപിയുടെ മന്ത്രിമാരും എംഎല്‍എമാരും അനവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ ത്രിബിള്‍ എഞ്ചിന് സര്‍ക്കാരിന്റെ വരവിനായി കാതോര്‍ത്തിരിക്കുകയാണ് കര്‍ണാടകയിലെ മലയാളികളെന്ന് പത്മജ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: