കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് ഫഌഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് രാത്രിയോടെ കാസര്‍കോടെത്തി. പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത ശേഷം 15 സ്റ്റേഷനുകളിലെ സ്വീകരണം ഏറ്റു വാങ്ങിയാണ് വന്ദേഭാരത് കാസര്‍കോടെത്തിയത്. ഇതിന്റെ മുന്നോടിയായി പാലക്കാട് ഡിവിഷനില്‍ നിന്ന് എഡിആര്‍എം ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. മൂന്നാം പ്ലാറ്റ്ഫോം അലങ്കരിച്ചാണ് സ്വീകരണം ഒരുക്കിയത്. വൈകിട്ട് കലാപരിപാടികള്‍ ഉണ്ടായിരുന്നു. വന്ദേഭാരത് എത്തുമ്പോള്‍ കാസര്‍കോട് മൂന്നാമത്തെപ്ലാറ്റ് ഫോമില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം റെയില്‍വേ അധികൃതര്‍ ഒരുക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ഉച്ചയ്ക്ക് ട്രെയിനെത്തുമ്പോള്‍ ശുചീകരണവും വെള്ളം നിറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെത്തന്നെ ക്രമീകരിക്കും. ഇന്ന ലെ രാത്രി കാസര്‍കോടെത്തിയ തീവണ്ടി കണ്ണൂരിലേക്ക് പോയി. രാത്രി അവിടെയാണ് നിര്‍ത്തിയിട്ടത്. തീവണ്ടിയിലെ ജീവനക്കാര്‍ താമസ സൗകര്യമൊരുക്കുന്നതിന് കാസര്കോട്അസൗകര്യങ്ങളുള്ളതുകൊണ്ടാത് ഈ തീരുമാനം. കാസര്‍കോട് മൂന്നാം പ്ലാറ്റ്ഫോം പുറത്തെ റോഡരികിലാണ്. അതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാനും പ്രയാസമാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് കണ്ണൂരിലേക്ക് തിരികെ പോകുന്നതെന്ന റെയിവേ അധികൃതര്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കാസര്‍കോടെത്തും. വെള്ളിയാഴ്ച മുതല്‍ പകല്‍ സമയം ഒരുമണിക്കൂര്‍ മാത്രമാണ് വന്ദേഭാരതിന് കാസര്‍കോട് സ്റ്റോപ്പുള്ളത്.അതേ സമയം വന്ദേ ഭാരത് സര്‍വീസിന്റെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തുന്നതിനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വിവിധയിടങ്ങളില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യമുയരുന്നു. പ്രധാനമായും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്ദേ ഭാരത് യാത്രക്കാര്‍ക്ക് കൊല്ലൂര്‍ മൂകാംബികയിലേക്ക് നേരിട്ട് പോകാനും തിരിച്ച് വരാനും കേരള ആര്‍ടിസി സ്കാനിയ ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. രാവിലെ 9 മണിക്ക് കൊല്ലൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്നരയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വിധത്തില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയാല്‍ തിരുവനന്തപുരം വരെയുള്ള വന്ദേ ഭാരത് യാത്രക്കാര്‍ക്ക് വലിയ ഉപകാരമാകുമെന്ന് യാത്രക്കാര്‍ പറയുന്നു. ഇതിലൂടെ തെക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് ഉച്ച തിരിഞ്ഞ് 2.30നുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ കയറി പോകാനാവും. ഇതേ ബസ് തിരിച്ച് 1.50ന് മടങ്ങി പോവുകയാണെങ്കില്‍, ഉച്ചയ്ക്ക് 1.25ന് കാസര്‍കോട് ഇറങ്ങുന്ന വന്ദേ ഭാരത് യാത്രക്കാര്‍ക്കും വളരെ സൗകര്യപ്രദമാകും. വൈകീട്ട് 6.15 മണിക്ക് മുമ്പായി കൊല്ലൂരിലെത്തും. രാത്രി ഒമ്പത് മണിക്ക് നടയടക്കുന്നത് വരെ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ലഭ്യമാണ്.നിരവധി മലയാളികളാണ് വിവിധ ഇടങ്ങളില്‍ നിന്നായി ക്ഷേത്ര ദര്‍ശനത്തിനായി കൊല്ലൂരില്‍ എത്തുന്നത്. അത്യുത്തര കേരളത്തിലെ ചെറു പട്ടണങ്ങളായ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലേക്കും തലപ്പാടി, മംഗ്ളുരു, കൊല്ലൂര്‍, മണിപ്പാല്‍, ഉഡുപ്പി തുടങ്ങിയ വിദ്യാഭ്യാസ, ചികിത്സയ്ക്കായി പോകുന്ന രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് വലിയ ഗുണം ചെയ്യും. കാഞ്ഞങ്ങാട്, സുള്ള്യ, കാസര്‍കോടിന്റെ മലയോര മേഖലകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും തിരിച്ചും വന്ദേ ഭാരത് ട്രെയിന്‍ സമയത്തിന് അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക നേട്ടം നല്‍കുന്നതിന് പുറമെ വലിയൊരളവില്‍ യാത്രാക്ഷാമം കൂടി പരിഹരിക്കാനാവുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: