പാട് ന: ‘മോദി ‘ അപകീര്‍ത്തിക്കേസില്‍ കീഴ്ക്കോടതിയുടെ ഉത്തരവ് മേയ് 15 വരെ പട്ന ഹൈക്കോടതി സ്റ്റേ ചെയ്തത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി. മോദി എന്ന പേരുളളവരെല്ലാം കളളന്മാര് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി 2019 ല്‍ നല്കിയ ഹര്‍ജിയില്‍ ഏപ്രില്‍ 12 ന് ഹാജരാകാന്‍ കീഴ്ക്കോടതി ആവശ്യപ്പെട്ടിരുന്നു.
സുശീല്‍ കുമാര്‍ മോദി നല്കിയ മാനനഷ്ടക്കേസില്‍ കീഴ്ക്കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് രാഹുല്‍ ഗാന്ധി പട്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സൂറത്ത് കോടതിയില്‍ വിചാരണയിലായിരിക്കുന്ന വിഷയത്തില്‍ മറ്റൊരു കോടതിയില്‍ മറ്റൊരു വിചാരണ നടത്താന്‍ കഴിയില്ല..ഇത് നിയമവിരുദ്ധമാണ്. അടുത്ത വാദം മേയ് 15 നാണ്.അതുവരെ എല്ലാ കീഴ്ക്കോടതി നടപടികളും സ്റ്റേ ചെയ്തിരിക്കുന്നു-രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന് വീരേന്ദ്ര റാത്തോഡ് പറഞ്ഞു.
അതേസമയം, വിഷയത്തില്‍ വാദം തുടരാന്‍ കോടതി തന്നോട് ആവശ്യപ്പെട്ടതായി സുശീല്‍ മോദിയുടെ അഭിഭാഷകന് അഡ്വക്കേറ്റ് എസ് ഡി സഞ്ജയ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളുടെ പേരില്‍ ഇതിനകം സൂറത്ത് കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും തുടര്‍ന്ന് ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. പ്രോട്ടോക്കോള്‍ പ്രകാരം ശനിയാഴ്ച രാഹുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: