കൊച്ചി: ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്ക്കുമായി വിശ്വ രക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രില്‍ 25 ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കമാകുന്നു.
25 മുതല്‍ 28 വരെയാണ് പാവക്കുളം മഹാദേവക്ഷേത്രത്തില്‍ യാഗം നടക്കുന്നത്. തുടര്‍ന്ന് വരും മാസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലും യാഗങ്ങള്‍ നടത്തി 2024 ഏപ്രില്‍ മാസത്തില്‍ തൃശ്ശൂരില്‍ 10 ദിവസം നീണ്ടു നില്ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ പരിസമാപ്തി കുറിക്കും. ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധരായ സാധകരും, കര്‍മ്മികളും, ഹൈന്ദവ, സന്യാസി ശ്രേഷ്ഠന്മാരും, ആചാര്യ ശ്രേഷ്ഠന്മാരും ഈ യാഗങ്ങളില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും സല്‍സംഗങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റും വിശ്വരക്ഷാ യാഗസമിതി ചെയര്‍മാനുമായ വിജി തമ്പി, സംഘടനാ സെക്രട്ടറി ഗിരീഷ് കള്ളിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ ത്രിവിക്രമന്‍ അടികള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാഞ്ചി മഠാധിപതി ശ്രീശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികള്‍ ആണ് യാഗത്തിന്റെ മുഖ്യരക്ഷാധികാരി.സ്വയ രക്ഷ, കുടുംബ രക്ഷ, സാമ്പത്തിക രക്ഷ , മാനസിക രക്ഷ,സമാജ രക്ഷ,രാജ്യ രക്ഷ, ലോക രക്ഷ മനുഷ്യന് എല്ലാക്കാലവും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആണ്. പലര്‍ക്കും അവരുടെ കുലദേവതയെയോ ധര്മ്മദേവതയെയോ പോലും അറിയാന്‍ വയ്യാത്ത അവസ്ഥ. അതുമൂലം ഉണ്ടാകുന്ന മാനസ്സിക, സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങളാണ് പലരെയും വേട്ടയാടുന്നത്. ഈ അവസ്ഥയ്ക്ക് ഒരേ ഒരു പരിഹാരമാണ് ആഗമനിഗമങ്ങളിലും വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിരിക്കുന്നത്. അത് പരാശക്തിയായ ചണ്ഡികാ ദേവിയുടെ അനുഗ്രഹം ഒന്ന് മാത്രമാണെന്നും വി.എച്ച്.പി നേതാക്കള്‍ വ്യക്തമാക്കി.
കലിയുഗത്തിലെ പ്രത്യക്ഷ ശക്തികള്‍ ചണ്ഡികാ ദേവിയും, ഗണപതിയും ആകുന്നു. ധര്‍മ്മദേവതാ പ്രീതിക്കായും ഭരദേവതാ പ്രീതിക്കായും പരാശക്തി സ്വരൂപിണിയായ ചണ്ഡികാ ദേവിയെ ആശ്രയിക്കാവുന്നതാണ്. ഈ മഹാ ചണ്ഡികാ യാഗത്തില്‍ ശാരീരികമായിട്ടോ മാനസികമായിട്ടോ സാമ്പത്തിക സഹായമായിട്ടോ സമര്‍പ്പണം ചെയ്യുന്നവര്‍ക്ക് അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: