മനോജ് പൊന്‍കുന്നം
1983 ലാണ് ഈ തലമുറ കണ്ട ഏറ്റവും വലിയ കുടിവെള്ളക്ഷാമം കേരളം നേരിട്ടത്. ആ വേനല്ക്കാലത്തു ജലദൗര്‍ലഭ്യം ജീവന്മരണ പോരാട്ടങ്ങള്‍ക്കും ക്രമസമാധാന പ്രശ്നങ്ങള്‍ക്കുപോലും കാരണമായി. സാഹചര്യം സ്ഫോടനാത്മകമായ നിലയില്‍ എത്തിയപ്പോള്‍ മാത്രമാണ് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. അങ്ങിനെയൊരു സാഹചര്യത്തെ നേരിടാന്‍ ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്ത യാതൊരു പദ്ധതിയും നിലവിലില്ലായിരുന്നു. അടിയന്തിരമായി ഗ്രാമങ്ങള്‍ തോറും കുടിവെള്ള ടാങ്കുകള്‍ നിര്‍മ്മിക്കുകയും അശ്രദ്ധമൂലം ഉപയോഗശൂന്യമായിത്തീര്‍ന്നിരുന്ന ജലസ്രോതസ്സുകള്‍ വൃത്തിയാക്കുകയും അതില്‍ നിന്നും ജലം സംഭരിച്ചു ടാങ്കര്‍ ലോറികള്‍ വഴി ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും വിതരണത്തിനുമുള്ള ശ്രമങ്ങള്‍ നടത്തുകയുമുണ്ടായി. ധാരാളം കിണറുകള്‍ ആ കാലയളവില്‍ നാട്ടുകൂട്ടായ്മകളാണ് നിര്‍മിച്ചത്. സര്‍ക്കാര്‍ പദ്ധതിപ്രകാരം സ്ഥാനത്തും ആസ്ഥാനത്തും കയ്യും കണക്കുമില്ലാതെ നിര്‍മ്മിച്ച കുഴല്‍ക്കിണറുകള്‍ ഭൂമിയുടെ സന്തുലിതാവസ്ഥയെപ്പോലും പ്രതികൂലമായി ബാധിക്കും എന്ന് പരാതികള്‍ ഉയര്‍ന്നു. എന്നാല്‍ അപ്പോഴത്തെ രൂക്ഷമായ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ആ വിഷയം ആരും വേണ്ടത്ര പരിഗണിച്ചില്ല. അന്ന് കുഴിച്ച കുഴല്‍കിണറുകള്‍ പോലും വ്യക്തിതാല്പര്യങ്ങള് മുന്‍നിര്‍ത്തിയാണ് ചെയ്തത് എന്നും ധാരാളം അഴിമതി അതിന്റെ പിന്നില്‍ നടന്നു എന്നും പരാതികളുണ്ടായി.
എന്തായാലും ആ വേനല്‍ക്കാലം കഴിഞ്ഞതോടെ എല്ലാം വീണ്ടും പഴയപടിയായി. അനുഭവത്തില്‍ നിന്നും ഒരു പാഠവും ആരും ഉള്‍ക്കൊണ്ടില്ല. തുടര്‍ന്നുണ്ടായ വേനലുകളില്‍ അന്ന് ചെയ്ത കാര്യങ്ങള്‍ ചെറിയ തോതിലെങ്കിലും ഉപകാരപ്പെട്ടു എന്നല്ലാതെ കാര്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നുമുണ്ടായില്ല. കാലക്രമത്തില്‍ പൊതുടാപ്പുകള്‍ നശിപ്പിക്കപ്പെട്ടു. പണിത ടാങ്കുകള്‍ തകര്‍ന്നു. പല കുഴല്‍കിണറുകളും ഉപയോഗശൂന്യമായി. റോഡ് വികസനത്തിന്റെ പേരില്‍ പല പൊതുകിണറുകളും നശിപ്പിക്കപ്പെട്ടു. മുന്‍പ് വേനല്ക്കാലത്തു പഞ്ചായത്ത് ചെയ്തിരുന്ന കുടിവെള്ള വിതരണം പതിയെ സ്വകാര്യ വ്യക്തികള്‍ ഏറ്റെടുത്തു ചെയ്യുവാന്‍ തുടങ്ങി. പ്രദേശികമായി ചില കുടിവെള്ളപദ്ധതികള്‍ ഒക്കെ പലയിടങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും വര്‍ധിച്ചു വന്ന ആവശ്യങ്ങള്‍ക്ക് പര്യാപ്തമായിരുന്നില്ല.
ഇപ്പോള്‍ കേരളത്തില്‍ കുടിവെള്ള വിതരണം വന്‍ ബിസിനസ്സ് ആയി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സംവിധാനങ്ങളെ നോക്കുകുത്തികളാക്കിക്കൊണ്ട് ടാങ്കുകള്‍ കയറ്റിയ ലോറികള്‍ തലങ്ങും വിലങ്ങും പായുന്ന കാഴ്ച നമ്മുടെ നാട്ടില്‍ പതിവായിരിക്കുന്നു. വന്‍ തുക പ്രതിഫലം വാങ്ങി എവിടെയും വെള്ളം എത്തിച്ചുകൊടുക്കുന്ന കുടിവെള്ള മാഫിയകള്‍ സമൂഹത്തിനു ഭീഷണിയാവുന്നത് പല രീതിയിലാണ്.
വെള്ളത്തിന്റെ ഗുണനിലവാരം തുടര്‍ച്ചയായി പരിശോധിക്കുവാനുള്ള സംവിധാനങ്ങള്‍ ഇല്ല. എങ്ങനെയുള്ള വെള്ളമാണ് ലഭിക്കുന്നത് എന്നറിയാന്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് കഴിയുന്നില്ല. അത് മാത്രമല്ല പ്രശ്നം, പല സ്ഥലങ്ങളിലും അനിയന്ത്രിതമായ ജലമൂറ്റ് പ്രാദേശിക കുടിവെള്ള സ്രോതസ്സുകള്‍ വറ്റുവാനും ആ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിലേക്ക് നയിക്കുവാനും കാരണമായി. കൂടാതെ വെള്ളത്തിനു വില നിശ്ചയിച്ചിരിക്കുന്നതിനോ അതിന്റെ അളവ് കൃത്യമായി പരിശോധിക്കുന്നതിനോ പോലും സംവിധാനമില്ല. ഇങ്ങിനെ വെള്ളം വിറ്റ് ലക്ഷങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ക്കാറിലേക്ക് നികുതിയായോ മറ്റെന്തെങ്കിലുമായോ നയാ പൈസ അടക്കേണ്ടതില്ല. കുടിവെള്ള വിതരണത്തില്‍ വലിയൊരുപങ്ക് ഇന്ന് സ്വകാര്യവ്യക്തികള്‍ കൈകാര്യം ചെയ്യുകയാണ്. രൂക്ഷമായ ജലക്ഷാമം നേരിടുമ്പോള്‍ ഇങ്ങിനെയുള്ളവരാണ് ഏക ആശ്രയം എന്നതുകൊണ്ട് അവരുടെ ഉപഭോക്താക്കള്‍ക്കും കാര്യമായ പരാതികളില്ല. മാറി മാറി വന്ന ഭരണകൂടങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളോട് കാണിച്ച നിസ്സംഗതയാണ് കാര്യങ്ങള്‍ ഈ നിലയിലെത്തിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ജല ജീവന് മിഷന് പ്രധാനപ്പെട്ടതാവുന്നത് ഈ സാഹചര്യങ്ങളിലാണ്. 2024 ആകുമ്പോഴേക്കും രാജ്യത്തെ ഗ്രാമീണമേഖലകളിലാകെ കുടിവെള്ളമെത്തിക്കുക, ഗ്രാമീണ സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക. താങ്ങാനാവുന്ന നിരക്കില്‍ ക്രമവും ദീര്‍ഘകാലവുമായ അടിസ്ഥാനത്തില്‍ ഓരോ ഗ്രാമീണ കുടുംബത്തിനും മതിയായ അളവില്‍ നിശ്ചിത ഗുണനിലവാരത്തില്‍ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങി ദീര്‍ഘവീക്ഷണത്തോടുകൂടി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ജല ജീവന് മിഷന്. എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുടിവെള്ള സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ജലവിതരണ സംവിധാനത്തിന്റെ ദീര്‍ഘകാല സുസ്ഥിരത നല്‍കുന്നതിന് വിശ്വസനീയമായ കുടിവെള്ള സ്രോതസ്സുകളുടെ വികസനം, അല്ലെങ്കില്‍ നിലവിലുള്ള സ്രോതസ്സുകളുടെ വര്‍ദ്ധന, ആവശ്യമുള്ളിടത്തെല്ലാം ബള്‍ക്ക് വാട്ടര്‍ ട്രാന്‍സ്ഫര്‍, ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, വിതരണ ശൃംഖല എന്നിവ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ഈ പദ്ധതി ഉറപ്പ് നല്കുന്നു. ജലത്തിന്റെ ഗുണനിലവാരം പ്രശ്നമുള്ളിടത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക ഇടപെടലുകള്‍ നടത്തുന്നതിനായുള്ള ആസൂത്രണവും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ചെലവിന്റെ അന്‍പതു ശതമാനവും വഹിക്കുന്നത് കേന്ദ്രമാണ്. സംസ്ഥാനസര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബാക്കി നല്പ്പതു ശതമാനം വിഹിതം വഹിക്കുമ്പോള്‍ പത്തു ശതമാനം വിഹിതം മാത്രമാണ് ഗുണഭോക്താവില്‍ നിന്നും ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: