എലത്തൂര്‍ ട്രെയിന്‍ ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുത്തത് വളരെ ഉചിതമായ നടപടിയാണ്. ഈ കേസിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോകാനും, ഇതുമായി ബന്ധമുള്ളവരെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പുറത്തുകൊണ്ടുവരാനും എന്‍ഐഎ അന്വേഷണത്തിലൂടെ മാത്രമേ സാധ്യമാകൂ. യുഎപിഎ സെക്ഷന്‍ 15 പ്രകാരം, ഭീകരപ്രവര്‍ത്തനം നടത്തിയതിന് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് കണ്ടെത്തിയാണ് കേസ് അന്വേഷണം എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയതോടെ അവ്യക്തതകള്‍ നീങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ ഭീകരബന്ധമുണ്ടെന്ന് കൊച്ചി ബ്രാഞ്ച് എന്‍ഐഎ ഹെഡ് ക്വാര്‍ട്ടേഴ്സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയില്‍ പെട്രോളൊഴിച്ച് തീയിട്ടതിന് തീവ്രവാദികളുടെ കേന്ദ്രമായി അറിയപ്പെടുന്ന ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി പിടിയിലായിരുന്നു. സംഭവത്തിനുശേഷം കേരളം വിട്ട പ്രതിയെ മഹാരാഷ്ട്രാ പോലീസിന്റെ ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് രത്നഗിരിയില്‍നിന്ന് പിടികൂടിയത്. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച കേരള പോലീസിന് സെയ്ഫിയെ വിട്ടു നല്‍കിയെങ്കിലും അന്വേഷണം കാര്യമായി പുരോഗമിക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നു. പ്രതിയെ സംബന്ധിക്കുന്ന പല വിവരങ്ങളും കുറ്റകൃത്യത്തിന്റെ സ്വഭാവവുമൊക്കെ വ്യക്തമായിരുന്നിട്ടും മെല്ലെപ്പോക്കു നയമാണ് കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഏറ്റവുമൊടുവിലാണ് വലിയ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ യുഎപിഎ നിയമം ചുമത്തിയത്.
പ്രതിയായ ഷാരൂഖ് സെയ്ഫി കുറ്റസമ്മതം നടത്തിയിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ കേരളാ പോലീസിന് കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്. പ്രതിയെ പത്ത് ദിവസം കസ്റ്റഡിയില്‍ കിട്ടിയിട്ടും വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ കേരളാ പോലീസ് വലിയ താല്‍പ്പര്യമൊന്നും കാണിച്ചില്ല എന്നുതന്നെ പറയേണ്ടിവരും. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്കിയ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി അക്രമാസക്ത സമരവും വര്ഗീയകലാപവുമൊക്കെ നടന്ന ഷഹീന്ബാഗില്നിന്നുള്ളയാളാണ് സെയ്ഫിയെന്നും, ഇയാളുടെ സ്വഭാവത്തിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും തുടക്കത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞതാണ്. ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും, ഇയാളെ കേരളത്തിലെത്തിച്ചതിനു പിന്നില്‍ ആരൊക്കെയാണുള്ളതെന്നും കണ്ടെത്തേണ്ടിയിരുന്നു. കോഴിക്കോട്ട് പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്നും, ട്രെയിനില്‍ ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവരികയുണ്ടായി. എന്നാല്‍ ഈ ദിശയില്‍ കൂടുതല്‍ അന്വേഷിക്കാന്‍ കേരളാ പോലീസ് തയ്യാറായില്ല. ഇതിനുപകരം ആക്രമണത്തിന്റെ ഉത്തരവാദിത്വം സെയ്ഫിയില്‍ ഒതുക്കിനിര്‍ത്താനുള്ള ഒരുതരം വ്യഗ്രതയാണ് പോലീസ് പ്രകടിപ്പിച്ചത്. പ്രതി ചില തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിട്ടുണ്ടെന്നും, അതാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പറയുന്നത് മറ്റ് കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന മട്ടിലാണ്. കേരളത്തിലെത്തി തങ്ങിയ ഇടങ്ങളിലും കൃത്യം നടത്തിയ ട്രെയിനിലും കൊണ്ടുപോയി നടപടിക്രമങ്ങളുടെ ഭാഗമായി തെളിവെടുപ്പുകള്‍ നടത്തിയെന്നല്ലാതെ കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും പോലീസ് നടത്തിയില്ല എന്നു പറയാതെ വയ്യ.
മതതീവ്രവാദത്തോടും ഭീകരാക്രമണങ്ങളോടും സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും കാണിക്കുന്ന അനുഭാവമാണ് എലത്തൂര്‍ ട്രെയിന്‍ ഭീകരാക്രമണക്കേസിന്റെ അന്വേഷണത്തിലും മെല്ലെപ്പോക്കു നയം സ്വീകരിക്കാന്‍ കാരണം. സംഭവം പാളിപ്പോയൊരു ഭീകരാക്രമണമാണെന്ന് തുടക്കത്തില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. കൃത്യം നിര്‍വഹിക്കാന്‍ പ്രതിക്ക് ലഭിച്ച സംഘടനാപരവും വ്യക്തിഗതവുമായ സഹായങ്ങളെക്കുറിച്ചും സൂചന ലഭിച്ചിരിക്കണം. എന്നാല്‍ ഇതിനെക്കുറിച്ചൊക്കെ സ്വന്തം നിലയ്ക്ക് അന്വേഷിച്ചാല്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാവുമെന്ന് ഭരിക്കുന്നവര്‍ ഭയന്നു. കാരണം മുന്‍കാലങ്ങളില്‍ തങ്ങള്‍ പറഞ്ഞ പലതും അവര്‍ക്ക് വിഴുങ്ങേണ്ടി വരും. മതതീവ്രവാദ ശക്തികളുടെ പിന്തുണയോടെയാണ് അധികാരവും ഭരണത്തുടര്‍ച്ചയുമൊക്കെ ലഭിച്ചിട്ടുള്ളത് എന്നതിനാല്‍ ആ ശക്തികളെ പിണക്കാനാവില്ല. അന്വേഷണം നടത്തേണ്ടത് ഇവര്ക്കെതിരെയായിരിക്കും. ഇതിന് സര്‍ക്കാര്‍ തയ്യാറല്ല എന്നതാണ് സത്യം. ആക്ഷേപം ഒഴിവാക്കാനാണ് യുഎപിഎ ചുമത്തിയത്. പന്തീരാങ്കാവ് കേസില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നല്ലോ. സ്വഭാവികമായും എന്തുകൊണ്ട് മതതീവ്രവാദിയായ സെയ്ഫിക്കെതിരെ അതുണ്ടാവുന്നില്ല എന്ന ചോദ്യം ഉയരും. കേരളാ പോലീസിന്റെ അന്വേഷണം നടക്കുമ്പോള്‍ തന്നെയാണ് ഇടതു-ജിഹാദിയായ കെ.ടി.ജലീലിനെപ്പോലുള്ളവര്‍ സംഭവം മറ്റാരൊ ചെയ്തതാണെന്ന മട്ടില്‍ പ്രതികരണം നടത്തിയത്. ഇതിനെ തള്ളിപ്പറയാന്‍ സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ അവര്‍ക്ക് മതപരമായ അജണ്ടയുണ്ട് എന്നതാണ് കാരണം. പോലീസ് ഇക്കാര്യത്തില്‍ എന്തെങ്കിലും കള്ളക്കളികള്‍ നടത്തിയിട്ടുണ്ടോ, തെളിവു നശിപ്പിച്ചിട്ടുണ്ടോ, ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നതും എന്‍ഐഎ അന്വേഷണ വിഷയമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: