കേരളത്തില്‍ 64000 അതിദരിദ്രരുണ്ടെന്നാണ് കണക്ക്. ഭാഗ്യം, അത്രയല്ലെ ഉള്ളൂ എന്നാശ്വസിക്കാം. ഇത് ഇന്നത്തെയും ഇന്നലത്തേയും കണക്കല്ല. എത്രയോവര്‍ഷങ്ങളായിട്ടുള്ള കണക്കാണ്. കേരളത്തില്‍ ആദ്യമായി ഭരണമേറ്റത് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയാണ്. അതിനെ ഭൂര്‍ഷ്വാഭരണകൂടം അട്ടിമറിച്ചു. അതിനുശേഷം ഭാരതപുഴയിലൂടെ വെള്ളമെത്രയൊഴുകി. വല്ലകണക്കുമുണ്ടോ? ആദ്യത്തെ സര്‍ക്കാര്‍ പിന്നിട്ടശേഷം പരീക്ഷണങ്ങള്‍ പലതുനടന്നു. സിപിഐ മുഖ്യമന്ത്രിമാര്‍ രണ്ടുതവണയുണ്ടായി. സി.അച്യുതമേനോനും പി.കെ.വാസുദേവന്‍നായരും. അതിനേക്കാള്‍ ഉണ്ടായി സിപിഎം മുഖ്യമന്ത്രിമാര്‍. ഇ.കെ.നായനായര്‍, വി.എസ്.അച്യുതാനന്ദന്, അതിനുശേഷം പിണറായി വിജയന്. ഇന്നത്തെ ഭരണത്തിന് പ്രത്യേകതയുണ്ട്. തുടര്‍ഭരണം ലഭിച്ചിരിക്കുന്നു. ഏഴുവര്‍ഷമായി അല്ലലും അലട്ടുമില്ലാതെ ഭരണം തുടരുകയാണ്. എന്നിട്ടും ആവര്‍ത്തിക്കുകയാണ് അതിദരിദ്രരുടെ കണക്ക്.
അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ എന്തുണ്ട് പരിപാടി? അത് ചോദിക്കരുത്. ഇടതുസര്‍ക്കാറിന് ഇഷ്ടപ്പെട്ട കണക്കാണത്. പാര്‍ട്ടിപരിപാടികളില്‍, യാത്രകളില്‍, സമരവീഥികളില്‍ പാടിനടക്കാനുള്ള കണക്കാണല്ലോ. അതിദരിദ്രരേക്കാള്‍ പട്ടിണിക്കാരനായിരുന്നു കാറല്‍ മാര്‍ക്സ്. കമ്മ്യൂണിസ്റ്റ് തത്വസംഹിതയുടെ പെരുന്തച്ചന്. കാറല്‍ മാര്‍ക്സിന്റെ ശവകുടീരത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അതും ഗ്രൂപ്പുഫോട്ടോ, പത്നീ സമേതം. കാറല്‍ മാര്‍ക്സ് എന്നെങ്കിലും ആ ഒരു സന്ദര്‍ഭത്തെക്കുറിച്ച് സ്വപ്നം കണ്ടിരിക്കുമോ? കാറല്‍ മാര്‍ക്സിന്റെ ലണ്ടനിലെ ജീവിതത്തെക്കുറിച്ച് എം.ഗോവിന്ദന്റെ ഉപന്യാസമുണ്ട്. അതില്‍ പറയുന്നതിന്റെ ഭാഗം ഇങ്ങിനെ.
‘ലണ്ടനിലെ ഏറ്റവും ദുഷിച്ച, അതിനേക്കാള്‍ ഏറ്റവും വിലക്കുറവുള്ള ദരിദ്രപ്രാന്തങ്ങളിലൊന്നാണ്, മാര്‍ക്സ് താമസിക്കുന്നത്. രണ്ടുമുറികളാണുള്ളത്. തെരുവിനഭിമുഖമായ ഇരിപ്പുമുറിയും പിന്‍ഭാഗത്ത് കിടപ്പറയും. ഒരു മുറിയിലുമില്ല, കൊള്ളാവുന്ന വൃത്തിയുള്ള ഒരു മരസ്സാമാനവും. എല്ലാം ഒടിഞ്ഞതാണ്; കീറിപ്പറിഞ്ഞു പിഞ്ഞിയതും എല്ലാറ്റിലും കനത്തില്‍ പൊടിപറ്റിയിട്ടുണ്ട്. സര്‍വ്വതും കശപിശയായിക്കിടക്കുന്നു. ഇരിപ്പുമുറയില്‍ ഒരു പഴഞ്ചന്‍മട്ടിലുള്ള മേശയുണ്ട്; ഒരെണ്ണത്തുണിവിരിപ്പ് അതിന്മേല്. കൈയെഴുത്തുപ്രതികള്‍, പുസ്തകങ്ങള്‍, വൃത്താന്തപത്രങ്ങള്‍, കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍, ജെന്നിമാര്‍ക്സിന്റെ തുന്നല്‍ക്കടയില്‍ നിന്നുള്ള തുമ്പും വാലും, പിടിപൊട്ടിയ കോപ്പകള്‍, വൃത്തികെട്ട കരണ്ടികള്‍, കത്തികള്‍, മുള്ളുകള്‍, വിളക്കുകള്‍, മഷിക്കുപ്പി, കളിമണ്‍ പൈപ്പുകള്‍, പുകയിലച്ചാരം, എല്ലാം കൂമ്പാരമായി അതേ, മേശമേല്‍.’
”നിങ്ങള്‍ മാര്‍ക്സിന്റെ മുറിയിലേക്ക് കടക്കുമ്പോള്‍, പുകയും പുകയില നാറ്റവും നിങ്ങളുടെ കണ്ണില്‍ വെള്ളം നിറയ്ക്കും. ആദ്യ നിമിഷത്തില്‍, ഒരു ഗുഹയില്‍ നിങ്ങള്‍ തപ്പിത്തടയുകയാണെന്നനുഭവപ്പെടും. പതുക്കെ ചില വസ്തുക്കള്‍ മങ്ങിയ മട്ടില്‍ നിങ്ങളുടെ കണ്ണില്‍പ്പെടുന്നവരെ. എല്ലാം പൊടിപുരണ്ടതാണ്, വെടിപ്പറ്റതാണ്. അവിടെയിരിക്കുക എന്നത് ആപല്‍ക്കരമായ ഒരേര്‍പ്പാടാണ്. ഇതാ ഒരു കസേര, മൂന്നുകാലേ ഉള്ളൂ; അതാ മറ്റൊന്ന്. മുഴുവനുമുണ്ട്. അതിന്റെ മുകളില്‍ കുട്ടികള്‍ കളിക്കുകയാണ്. അതാണ് ആതിഥേയന്നിരിപ്പാനുള്ളത്. കുട്ടികളുടെ വെപ്പുപണ്ടങ്ങള്‍ മാറ്റിയിട്ടില്ല. നിങ്ങളതിന്മേലിരുന്നാല്‍ ഒരു കൂട്ടുകാലുറ പോയതുതന്നെ! മാര്‍ക്സിനെയും പത്നിയെയും ഇവയൊന്നും ലവലേശം വേവലാതിപ്പെടുത്തുന്നില്ല. അങ്ങേയറ്റത്തെ സൗഹൃദപൂര്‍വ്വം നിങ്ങള്‍ സ്വീകരിക്കപ്പെടുന്നു. നിങ്ങള്‍ക്ക് പുകക്കുഴലും പുകയിലയും, അവിടെയുള്ളതെന്തെല്ലാമോ, അതൊക്കെയും ലഭിക്കുന്നു. തുടര്‍ന്ന് സമര്‍ത്ഥവും രസദ്യോതകവുമായ സംഭാഷണമാരംഭിക്കുകയായി. ഗാര്‍ഹിക കുഴപ്പങ്ങളെല്ലാം അതിന്റെ നിവാരണം കാണുന്നു. അസുഖം സഹ്യമായി പരിണമിക്കുന്നു. നിങ്ങള്‍ ആ കൂട് ഇഷ്ടപ്പെടുകയായി. തികച്ചും ഒന്നാംതരം കമ്പനിയാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാവുന്നു.”
ചില നാളുകളില്‍ ആ കുടുംബം വെറും റൊട്ടിയും ഉരുളക്കിഴങ്ങും ഭക്ഷിച്ച് കഴിഞ്ഞുകൂടും. ഒരിക്കല്‍ റൊട്ടിക്കാരന്‍ മേലില്‍ റൊട്ടി കടം തരാന്‍ പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. മാര്‍ക്സ് എവിടെ എന്നന്വേഷിച്ചപ്പോള്‍, ഏഴു വയസ്സായ മാര്‍ക്സിന്റെ കൊച്ചുമകന് ആ പ്രതിസന്ധിയെ ഇങ്ങനെ പറഞ്ഞുതരണം ചെയ്തു: ‘ഇല്ല, അങ്ങേര് മുകളിലില്ല.’ എന്നിട്ടവന്‍ റൊട്ടി പിടിച്ചുവാങ്ങി പിതാവിനെത്തിക്കുകയും ചെയ്തു. അപ്പപ്പോഴായി കൈവശമുണ്ടായിരുന്നതെല്ലാം ഹുണ്ടികക്കടയില്‍ അടങ്ങല്‍ വെച്ചു. കുട്ടികളുടെ കാല്‍രക്ഷകളും മാര്‍ക്സിന്റെ കോട്ടുമുള്‍പ്പെടെ. തന്മൂലം അവര്‍ക്ക് മിക്കപ്പോഴും വീട്ടിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല.
ജെന്നി മാര്‍ക്സിന്നു വീട്ടില്‍നിന്നു വിവാഹം പ്രമാണിച്ചുകിട്ടിയ വെള്ളിപ്പാത്രങ്ങളെല്ലാം പണയപ്പെട്ടു. ഒരിക്കല്‍ ഹുണ്ടിക വ്യാപാരി, പണയം വെക്കാന്‍ ചെന്ന വസ്തുവില്‍ ആര്‍ഗീല്‍ പ്രഭുവിന്റെ മുദ്രകുത്തിയിരിക്കുന്നതുകൊണ്ട് സംശയഗ്രസ്തനായി വിവരം പോലീസിനെ അറിയിച്ചു. മാര്‍ക്സ് ലോക്കപ്പിലായി. അന്ന് ശനിയാഴ്ചയായിരുന്നു; രാത്രി. അദ്ദേഹത്തിന്റെ മാന്യസുഹൃത്തുക്കളെല്ലാം വാരാന്ത്യവിശ്രമാര്‍ത്ഥം നഗരത്തിന് പുറമെ പോയിരുന്നു. ജാമ്യത്തിനെടുക്കാനോ, സംഗതിയുടെ വാസ്തവികാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തി മാര്‍ക്സിനെ വിട്ടുകൊണ്ടുവരുവാനോ ആളാരുമില്ലാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ വരെ മാര്‍ക്സ് ജയിലില്‍ കിടക്കേണ്ടിവന്നു. ചിലപ്പോള്‍ ജെന്നി മാര്‍ക്സ് ഈ പങ്കപ്പാടിലൊക്കെ സങ്കടപ്പെട്ട് രാത്രി ഇരുന്നു കരയും. മാര്ക്സിന് ശുണ്ഠിവരും. അദ്ദേഹം സാമ്പത്തികശാസ്ത്രം സംബന്ധമായ ഗ്രന്ഥരചനയില്‍ മുഴുകിയിരിക്കുകയാണ്!
അയല്പക്കത്തെല്ലാം പകര്‍ച്ചവ്യാധിയുടെ ബഹളം. ”എന്റെ പത്നിക്ക് രോഗമാണ്. ജോലിക്കാരിക്ക് ജ്വരം….” മാര്‍ക്സ് ഒരിക്കല്‍ ഏംഗല്‍സിനെഴുതി. മാര്‍ക്സിന്നിടയ്ക്കിടെ മൂലക്കുരുവും പരുവുമുണ്ടാകും. ഇരുന്നു വായിക്കുവാനോ എഴുതുവാനോ നിവൃത്തിയില്ലാത്ത അന്നൊക്കെ അദ്ദേഹം ഗ്രന്ഥാലയത്തില്‍ പോവുകയില്ല. 1851 മാര്‍ച്ചില്‍ ഒരു പെണ്‍കുഞ്ഞുകൂടി പിറന്നു. അതിന്നൊരിക്കലും ഒരു തൊട്ടിലുണ്ടായിരുന്നില്ല; ആ കുഞ്ഞു മരിച്ചപ്പോള്‍ വശപ്പെട്ടി വാങ്ങാന്‍ പണവും, ജെന്നി മാര്‍ക്സ് ഒരു ഫ്രഞ്ച് അഭയാര്‍ത്ഥിയില്‍ നിന്ന് രണ്ടുപവന്‍ കുഞ്ഞിനെ മറവുചെയ്യാനുള്ള ചെലവിലേക്ക് കടം വാങ്ങി. 1855 ല്‍ മറ്റൊരു പെണ്‍കുഞ്ഞുമുണ്ടായി. ഏപ്രില്‍ മാസത്തില്‍ മകന് മരിച്ചു; അച്ഛന്റെ തനിപ്പകര്‍പ്പായിരുന്നു ആ കൊച്ചുകുട്ടന്. അവനാണ് റൊട്ടിക്കാരനെ കബളിപ്പിച്ച വിരുതന്. അവനെ വേണ്ടപോലെ ചികിത്സിക്കാന്‍ സാധിച്ചില്ല. മാര്‍ക്സ് ഏംഗല്‍സിനെുഴുതി: ”വീട് വിജനവും നിശ്ശൂന്യവുമായി അനുഭവപ്പെടുന്നു, അതിന്റെ ആത്മാവായിരുന്ന കുഞ്ഞിന്റെ മരണശേഷം, അവന്റെ വേര്‍പാടില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്തുമാത്രമാണെന്ന് വിവരിക്കുക അസാധ്യം. പല ഭാഗ്യദോഷങ്ങള്‍ക്കും ഞാന്‍ വിധേയനായിട്ടുണ്ട്. ഇദംപ്രഥമമായാണ് ഞാന്‍ സാക്ഷാല്‍ ദൗര്‍ഭാഗ്യം അനുഭവിക്കുന്നത്. ഞാനാകെ തകര്‍ന്നപോലെ തോന്നുന്നു.”
പിണറായിയിലെ സ്വന്തം വീടിനെക്കുറിച്ച് മിണ്ടരുത്. മിണ്ടിയാല്‍ കുലം കുത്തിയാകും. അതായത് പിന്നെ പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ ഏഴുവര്‍ഷമായി താമസിക്കുന്നത് ക്ലിഫ് ഹൗസിലാണല്ലോ. ചുറ്റുമതിലിന്റെ ഉയരം കൂടി. ഒന്നാംനിലയില്‍ കയറാന്‍ ലിഫ്റ്റുണ്ടാക്കി. ലക്ഷങ്ങള്‍ മുടക്കി തൊഴുത്തുണ്ടാക്കി. നീന്തല്‍ക്കുളം പരിഷ്കരിച്ചു. നായനാരുടെ കാലത്ത് പട്ടിയെ കുളിപ്പിക്കാനും കളിപ്പിക്കാനും ഉപയോഗിച്ചതാണ് നീന്തല്‍ക്കുളം. തനി ജനകീയനായ ഇരട്ടച്ചങ്കന് റോഡിലിറങ്ങാന്‍ രണ്ട് ഡസന്‍ വണ്ടിവേണം. അതില്‍ നിറയെ പോലീസ്. ഇതൊക്കെ മാര്‍ക്സ് കരുതിക്കാണുമോ? കാണും. അതുകൊണ്ടല്ലെ, ‘ഞാന്‍ കാറല്‍ മാര്‍ക്സ്, ഒരിക്കലും മാര്‍ക്സിസ്റ്റല്ലെ’ന്ന് പറഞ്ഞത്. നേരത്തെ ഭരണമുണ്ടായിരുന്ന ബംഗാളും ത്രിപുരയും കൈവിട്ടസ്ഥിതിക്ക് കേരളത്തില്‍ അത് ഉറക്കെ പറയാം. ഇവിടയല്ലെ പറയാന്‍ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: