കൊല്‍ക്കത്ത: അധ്യാപക നിയമന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് സിബിഐയുടെ നോട്ടിസ്. ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാനുള്ള കല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്ത് രണ്ട് മണിക്കൂറിനുളളിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. എന്നാല്‍ നോട്ടീസ് ഞായറാഴ്ച തയാറാക്കിയതാണെന്നും പിന്നാലെ ഇന്ന് അയച്ചതാണെന്നുമാണ് അറിയുന്നത്.
അതേസമയം സിബിഐ നോട്ടിസിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഉടന്‍ തന്നെ നിയമനടപടി സ്വീകരിച്ചേക്കും.എന്നാല്‍ സുപ്രീം കോടതി ഉത്തരവ് അനുസരിക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്ര ഏജന്‍സികള്‍ തന്നെ വേട്ടയാടുകയാണെന്ന് അഭിഷേക് ബാനര്‍ജി ആരോപിച്ചു. പരീക്ഷയില്‍ പരാജിതരായവര്‍ ജോലിക്കായി 5 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ കോഴ നല്‍കിയെന്നാണ് ആരോപണം. 2014 മുതല്‍ 2022 വരെ നടന്ന അഴിമതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ 100 കോടി രൂപ ശേഖരിച്ചതായാണ് സിബിഐ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: