ന്യൂദല്‍ഹി : ദേശീയ പഞ്ചായത്ത് പുരസ്കാര വാരവും പഞ്ചായത്ത് പുരസ്കാര വിതരണവും രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിച്ചു. ഗ്രാമങ്ങള്‍ ആദ്യം വികസിക്കണമെന്നും അതുവഴി രാജ്യം വികസിക്കുമെന്നും സദസിനെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു.
ഗ്രാമവാസികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഗ്രാമം വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് മാത്രമേ സമൂഹത്തിന്റെ സര്വതോന്മുഖമായ വികസനം സാധ്യമാകൂവെന്ന് പറഞ്ഞ രാഷ്ട്രപതി സ്ത്രീകളുടെ പ്രയത്നത്തെ അഭിനന്ദിക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ സമാധാനവും സൗഹാര്‍ദവും പുലരാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏപ്രില്‍ 24 ലെ ദേശീയ പഞ്ചായത്തി രാജ് ദിനത്തിന് മുന്നോടിയായി ആസാദി കാ അമൃത് മഹോത്സവ് 2.0 യുടെ ഭാഗമായി ദേശീയ പഞ്ചായത്ത് അവാര്‍ഡ് വാരം ഇന്ന് മുതല്‍ ഈ മാസം 21 വരെ ആഘോഷിക്കുകയാണ്. പഞ്ചായത്ത് രാജ് മന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്.’പഞ്ചായത്തുകളുടെ സങ്കല്പങ്ങള് സാക്ഷാത്കരണ ആഘോഷം ‘ എന്ന വിഷയത്തെ അധികരിച്ചുളള സമ്മേളനങ്ങളുടെ പരമ്പര ഇതോടനുബന്ധിച്ച് മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലൂടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം, 2047ലേക്കുള്ള വഴി എന്നിവയോടനുബന്ധിച്ച ഒമ്പത് വിഷയങ്ങളില്‍ അഞ്ച് ദേശീയ സമ്മേളനങ്ങള്‍ വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളമുള്ള ആയിരത്തി അഞ്ഞൂറിലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി ഗിരിരാജ് സിംഗ്, കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി കപില്‍ മൊരേശ്വര്‍ പാട്ടീല്‍, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: