അഞ്ചു പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രചാരകനായിരുന്ന ജി. അപ്പുക്കുട്ടന് ശനിയാഴ്ച വൈകുന്നേരം അന്തരിച്ച വിവരം ജന്മഭൂമി പത്രാധിപര്‍ കെ.എന്‍.ആര് രാവിലെ വിളിച്ചുപറഞ്ഞപ്പോള്‍ ഒട്ടേറെ ഓര്‍മകള്‍ മനസ്സിലൂടെ പാഞ്ഞുപോയി. അദ്ദേഹം ഫോണ്‍ ചെയ്ത് പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ പൊന്‍കുന്നത്തു ഇളംകുളത്തുനിന്നും മുതിര്‍ന്ന സ്വയംസേവകന് ഗോപിനാഥന് പതിവുപോലെ വിളിച്ചു. അതും അതേ വിവരം അറിയിക്കാനായിരുന്നു. അദ്ദേഹം തലേന്ന് വിഷു പ്രമാണിച്ച് അപ്പുക്കുട്ടനെയും കുടുംബത്തെയും സന്ദര്‍ശിച്ച് ഓര്‍മകള്‍ അയവിറക്കാന്‍ പോയിരുന്നു. അപ്പുക്കുട്ടന് പൊന്‍കുന്നത്തും ചുറ്റുപാടും പ്രചാരകനായിരുന്നകാലത്തു വളര്‍ന്നുവന്ന സംഘപ്രചാരകനാണദ്ദേഹം. ഇടയ്ക്കിടെ പുനലൂരിനടുത്തു മാപ്ര ക്ഷേത്രത്തിനു സമീപത്തെ വസതിയില്‍ ചെന്ന് ഉപഹാരങ്ങള്‍ നല്കി, കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുകയും ചെയ്യുന്ന ഇളംകുളത്തെ പഴയ സംഘപ്രവര്‍ത്തകരില്‍ ഒരാളാണദ്ദേഹം. ഭാര്യ മരിച്ചശേഷം അപ്പുക്കുട്ടന് ഏറെ ഒറ്റപ്പെടലിലാണ്. പഴയ ധാരാളം സഹപ്രവര്‍ത്തകര്‍ ചെല്ലുകയും സൗഹൃദവും സഹായവും പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഗോപി മടങ്ങിപ്പോന്ന് അല്പസമയം കഴിഞ്ഞപ്പോഴാണ് പരിഭ്രാന്തയായ മകളുടെ സന്ദേശം എത്തിയത്. അഞ്ചു മണിക്കു ചായ കുടിക്കാനിരിക്കെ അതു മുഴുവനാക്കാനാകാതെ ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ പോലും കഴിയുന്നതിനു മുന്‍പേ അനിവാര്യമായത് സംഭവിച്ചുവത്രേ.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃശ്ഛികമായാണ് അപ്പുക്കുട്ടന് മാപ്രയിലുണ്ടെന്ന വിവരം അറിയാനായത്. പുനലൂരില്‍ പ്രാഥമിക ശിക്ഷണ ശിബിരം നടക്കവേ കണ്ടാല്‍ പ്രാകൃതനെന്നു തോന്നുന്ന ഒരാള്‍ അവിടെ ചെല്ലുകയും മുതിര്‍ന്ന സംഘപ്രചാരകന്മാരെ അന്വേഷിക്കുകയും ചെയ്തു. കൂട്ടത്തില്‍ എന്റെ പേരുമുണ്ടായിരുന്നതിനാല്‍ ശിബിരാധികാരി വിവരമറിയിച്ചു. ഞങ്ങള്‍ ഒരുമിച്ചു പ്രചാരകന്മാരായി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിച്ചവരായതിനാല്‍ അപ്പുക്കുട്ടനെപ്പറ്റി ‘സംഘപഥ’ത്തില്‍ എഴുതിയിരുന്നു. അതുവായിച്ച പല ശാഖകളിലെയും കാര്യകര്‍ത്താക്കള്‍ അവിടെ പോയതായറിഞ്ഞു. ഇരിഞ്ഞാലക്കുട സംഘജില്ലയിലെ പഴയ കാര്യകര്‍ത്താക്കള്‍, പുതുതായി ആരംഭിച്ച പാസഞ്ചര്‍ വണ്ടിയിലെ യാത്ര അങ്ങോട്ടാക്കി. മടങ്ങിയശേഷം വിവരമറിയിച്ചു. അങ്ങിനെ പല സ്ഥലങ്ങളിലുമുള്ളവര്‍ പോയിരുന്നു.
അദ്ദേഹം ആലപ്പുഴക്കാരനായിരുന്നു. സ്വന്തമായി അമ്മൂമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ. എസ്എഫ്ഐക്കാരനായിരുന്നു. അടുത്ത സഖാവ് വൈക്കം ഗോപകുമാറും 1953 ല്‍ പൂജനീയ ഗുരുജി ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ സനാതനധര്‍മ വിദ്യാലയ വളപ്പില്‍ നടന്ന പൊതുപരിപാടിയെ ആക്രമിക്കാന്‍ സഖാക്കള്‍ ഉദ്യമിച്ചപ്പോള്‍ അവരുടെ മുന്‍നിരയില്‍ ചെന്നു കല്ലെറിഞ്ഞതിനു പിന്നാലെ ദണ്ഡപ്രയോഗമേറ്റു പലായനം ചെയ്യുകയുമായിരുന്നു. ഏതാനും മാസങ്ങള്‍ക്കകം ഇരുവരും സംഘകാര്യകര്‍ത്താക്കളുടെ സമ്പര്‍ക്കത്തിലായി, കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും ധരിക്കുകയും ചെയ്തു. രണ്ടുപേരും ഒരേ കാലത്തുതന്നെ പ്രചാരകന്മാരായി. ഗോപകുമാറിന്റെ ജീവിതം പ്രസിദ്ധമായിക്കഴിഞ്ഞു. അപ്പുക്കുട്ടന്റെ ജീവിതവും സംഘത്തിനു സമര്‍പ്പിക്കപ്പെട്ടതായി. കോട്ടയം ജില്ലയിലെ കൂരോപ്പടയില്‍ മധുമലക്കുന്നില്‍ ക്ഷേത്രസ്ഥലം കയ്യേറി കുരിശു സ്ഥാപിച്ച സംഭവം 1967-68 കാലത്തു വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. അക്കാലത്തു ഹിന്ദുക്കളെ സംഘടിപ്പിച്ച് സമരം വിജയകരമാക്കാന്‍ അപ്പുക്കുട്ടന്റെ പരിശ്രമം ഏറെയുണ്ടായി. അവിടെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹത്തെ ക്ഷണിച്ചുവെങ്കിലും രണ്ടു ദിവസം മുമ്പ് വന്ന് കൃതകൃത്യതാബോധത്തോടെ തിരിച്ചുപോയത്രേ.
അദ്ദേഹം നല്ല ഗായകനായിരുന്നു. സമൂഹഗാനങ്ങളും ഭജനകളും മറ്റും നയിച്ച് ശ്രോതാക്കളെ ലയിപ്പിക്കുമായിരുന്നു. സംഘശിബിരങ്ങളിലും അത്തരം ഗാനങ്ങള്‍ നയിക്കാന്‍ വലിയ താല്പര്യമായിരുന്നു.
”ഇതിഹാസ് ഗാരഫാഹൈ, ദിനരാത് ഗുണ ഹമാരാ ദുനിയാകേ ലോഗ് സുനലോ” ഇഷ്ടഗാനം.
ഒരു വാച്ച് അദ്ദേഹത്തിന്റെ മോഹമായിരുന്നു. കോട്ടയത്ത് പ്രചാരകനായിരുന്ന മാധവനുണ്ണി എനിക്കൊരു എച്ച്എംടി വാച്ച് തന്നിരുന്നു. എന്റെ കയ്യിലെ പ്രീവാര്‍ ക്വാളിറ്റി ‘വെസ്റ്റ് എന്‍ഡ്’ അപ്പുക്കുട്ടനു കൊടുത്തു. ദീര്‍ഘചതുരമായിരുന്ന അത് റൗണ്ട് ഡയലാക്കിക്കൊടുക്കാമെന്നു പറഞ്ഞ വാച്ച്മേക്കറെ അതദ്ദേഹമേല്‍പ്പിച്ചു. ജാംബവാന്‍കാലത്തെ ആ സാധനം ഉപയോഗശൂന്യമായി.
അക്കാലത്ത് വിഭാഗ് പ്രചാരക് ഹരിയേട്ടനായിരുന്നു. ചീനയുമായുള്ള യുദ്ധാന്തരീക്ഷത്തില്‍ ആകാശവാണിക്കാര് ദേശഭക്തിഗാനങ്ങള്‍ ചെറുപുസ്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജില്ലാ സന്ദര്‍ശനത്തിനിടെ മാധവനുണ്ണി ഈ പുസ്തകം കാണിച്ച് ചില ഗാനങ്ങള്‍ സംഘഗീതങ്ങളായി ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടു. ഒന്നുരണ്ടു ഗീതങ്ങള്‍ക്ക് രീതി ശരിപ്പെടുത്തിയത് ജില്ലയിലെ പ്രചാരകന്മാര് ഒരുമിച്ചുകഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലാണ്. അപ്പുക്കുട്ടനെക്കൊണ്ട് ആലാപനം ചെയ്യിച്ചാണ് അതിന് തെളിമ വരുത്തിയത്.
ആലപ്പുഴ കോട്ടയം ജില്ലയിലെ ബാലസ്വയംസേവകരുടെ ഒരു ദിവസത്തെ ശിബിരം 1966 ല്‍ കോട്ടയം നായര്‍ സമാജം സ്കൂളില്‍ നടന്നപ്പോഴും, ആ കുട്ടികളെ രസിപ്പിക്കുന്നതിലുള്ള അപ്പുക്കുട്ടന്റെ സാമര്‍ഥ്യം കണ്ടു. 1967ല്‍ ഭാരതീയ ജനസംഘത്തിലേക്കു നിയോഗിക്കപ്പെട്ടശേഷം ഈ ലേഖകന്‍ പ്രവര്‍ത്തനകേന്ദ്രം കോഴിക്കോട്ടാക്കേണ്ടിവന്നു. അഖിലേന്ത്യാ സമ്മേളനം, തുടര്‍ന്നു നടന്ന മുസ്ലിം ഭൂരിപക്ഷവിരുദ്ധജില്ലാ പ്രക്ഷോഭം, തളി ക്ഷേത്ര വിമോചനസമരം മുതലായവയില്‍ മുഴുകിക്കഴിഞ്ഞതിനാല്‍ അപ്പുക്കുട്ടനെക്കുറിച്ച് വിവരം ലഭിച്ചില്ല. അടിയന്തരാവസ്ഥ, അതെത്തുടര്‍ന്ന് ജന്മഭൂമിയുടെ പ്രവര്‍ത്തനം എന്നിവയില്‍ കെട്ടിമറിഞ്ഞു കഴിയുന്നതിനിടെ ഞാന്‍ വിവാഹിതനുമായി. ഒരു സായാഹ്നത്തില്‍ പത്നീഗൃഹത്തിലിരിക്കെ ഗോസായിവേഷധാരിയായി അപ്പുക്കുട്ടന് അവിടെയെത്തി. അദ്ദേഹം പല നാടുകളില്‍ സഞ്ചരിക്കുകയാണ്. വയനാട്ടില്‍ ഒരു പാരമ്പര്യവൈദ്യന്റെ ശിഷ്യത്വമുണ്ട്. എനിക്ക് അക്കാലത്തുണ്ടായിരുന്ന ചില ബുദ്ധിമുട്ടുകളെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു ഭസ്മവും രണ്ടുതരം ഗുളികകളും തന്നു. വയനാട്ടില്‍ സഞ്ചരിക്കവേ പരിചയമായ ചിലരില്‍നിന്നാണ് എന്നെപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞത്.
യാത്ര തുടരുകയാണ് എന്നു പറഞ്ഞ് അന്നു പിരിഞ്ഞു. പിന്നെ ആളെപ്പറ്റി വിവരമുണ്ടായില്ല, പുനലൂരിലെ സംഘശിക്ഷാവര്‍ഗില്‍നിന്നുള്ള ഫോണ്‍ ലഭിക്കുന്നതുവരെ. ഇപ്പോഴിതാ കെഎന്‍ആറിന്റെ ഫോണ്‍ സന്ദേശവും എളംകുളത്തെ ഗോപി അപ്പുക്കുട്ടനെ മരണത്തിനു തൊട്ടുമുമ്പ് സന്ദര്‍ശിച്ച വിവരവും മിനിട്ടുകള്‍ക്കുള്ളില്‍ ലഭിക്കുന്നു. ആ പുണ്യാത്മാവ് പരമപദം പ്രാപിക്കട്ടെയെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ ശ്രേയസ്സും പ്രേയസ്സും ഉണ്ടാകട്ടെയെന്നും പ്രാര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: