പി.മോഹനന് പിള്ള
ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തില്‍ പുണ്യനദിയായ അച്ചന്കോവിലാറിനെ തൊട്ടുരുമ്മിയാണ് ശാര്‍ങ്ഗക്കാവ് (ചാമക്കാവ്) ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യോഗീശ്വരനായ ശാര്‍ങ്ഗ മഹര്‍ഷി തപസ്സു ചെയ്ത വനപ്രദേശമെന്നതിനാലാണ് സ്ഥലപ്പേര് ശാര്‍ങ്ഗക്കാവ് ആയതെന്നു ചരിത്രരേഖകളില്‍ കാണാം. മേടത്തിലെ വിഷുവിനാണ് ദേവിയുടെ തിരുനാള്‍ ആഘോഷം. ഏറെ സവിശേഷതയുള്ളതാണ് വിഷുവിനു ഇവിടെ പ്രദര്‍ശിപ്പിക്കുന്ന വേലത്തേര്. മൂന്നു കൂടാരങ്ങള്‍ അടങ്ങിയ അച്ചുതണ്ടില്‍ കറങ്ങുന്ന ഈ തേര് മറ്റെങ്ങും ദര്‍ശിക്കാന്‍ കഴിയില്ല.
പന്തളം രാജകുടുംബത്തിന്റെ പരദേവതയായി ശാര്‍ങ്ഗക്കാവിലമ്മയെ ആരാധിച്ചു വരുന്നു. അയ്യപ്പന്റെ ബാല്യത്തില്‍ ആയുധാഭ്യാസത്തിനായി പലകുറി ഇവിടെ സന്ദര്‍ശിച്ചിരുന്നതായും പറയപ്പെടുന്നു. സസ്യജന്തു വൈവിദ്ധ്യം കൊണ്ട് അനുഗൃഹീതമായ ക്ഷേത്രവും പരിസരവും അച്ചന് കോവിലാറ് കരകവിഞ്ഞ് ഒഴുകുമ്പോള്‍ മുങ്ങിപ്പോകാറുണ്ട്. ഈ കാലയളവില്‍ ക്ഷേത്രത്തിലേക്ക് നിത്യപൂജക്ക് വള്ളത്തിലാണു ശാന്തിക്കാര്‍ എത്താറുള്ളത്. ദേവിയുടെ മൂലസ്ഥാനത്തു അര്‍പ്പിക്കുന്ന അര്‍ച്ചനാപുഷ്പങ്ങളും നിവേദ്യവും വെള്ളത്തില്‍ രൂപപ്പെടുന്ന ചുഴിയില്‍ തങ്ങിനില്ക്കുന്ന കാഴ്ച അത്ഭുതാവഹമാണ്. ഇത് ദേവിയുടെ സാന്നിദ്ധ്യം തെളിയിക്കുന്നുവെന്നാണ് ഭക്തര്‍ വിശ്വസിച്ചു പോരുന്നത്.
സാധാരണ ക്ഷേത്ര സങ്കല്പങ്ങളില് നിന്നു വിഭിന്നമായി വലിയ ക്ഷേത്രങ്ങളോ, ഗോപുരമോ, വലിയ കെട്ടിടങ്ങളോ, ചുറ്റമ്പലമോ ഇവിടെയില്ല. ഒരു തപോവനത്തിന്റെ പരിശുദ്ധിയും കുളിര്‍മയും ഇവിടെ എത്തുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടും.
ശാര്‍ങ്ഗക്കാവ് അമ്മയുടെ കാവല്‍ക്കാരായി ഇന്നും ഇവിടെ നിറഞ്ഞു നില്ക്കുന്ന വാനരസമൂഹം വേറിട്ട കാഴ്ചയാണ്. സര്‍വ്വാഭീഷ്ടവരദായിനിയായ ശാര്‍ങ്ഗക്കാവ് അമ്മയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടൊരു ഐതിഹ്യം ഇങ്ങനെയാണ്: പ്രദേശത്തെ അതിപുരാതനമായ ഒരു തറവാട്ടിലെ പെണ്‍കുട്ടി എന്നും കുളിച്ചുതൊഴാന്‍ ഈ ക്ഷേത്രനടയിലെത്തുമായിരുന്നു. കല്യാണപ്രായമായപ്പോള്‍ അവളെ അകലെ ഒരിടത്തേയ്ക്ക് മാതാപിതാക്കള്‍ കല്യാണം കഴിപ്പിച്ചയച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തന്റെ ഗ്രാമത്തിലെ ശാര്‍ങ്ഗക്കാവ് അമ്മയെ ദര്‍ശിക്കുവാനുള്ള ആഗ്രഹം അവള് ഭര്‍ത്താവിനോടു പറഞ്ഞു. ഭാര്യയുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഇരുവരും ശാര്‍ങ്ഗക്കാവിലെത്തി. അതുവരെ ഇവിടെ വന്നിട്ടല്ലാത്ത ഭര്‍ത്താവ്, കാടുകേറി വാനരര്‍ മേഞ്ഞു നടക്കുന്ന ക്ഷേത്രസങ്കേതം കണ്ടിട്ട് പരിഹാസഭാവത്തില്‍ ഭാര്യയെ നോക്കി ആക്ഷേപിച്ചു. ‘എവിടെയാണു ക്ഷേത്രം? ഇതാണോ നിന്റെ ദേവിയുടെ ശ്രീകോവില്‍? ഇതു കാണാനാണോ ഇത്രയും ദിവസം നീ എന്നെ ശല്യം ചെയ്തത്? ‘ എന്നു ചോദിച്ചു. ഇതിനൊന്നും മറുപടി പറയാതെ ഭാര്യ ഏകാഗ്രതയോടെ പ്രാര്‍ത്ഥനയില്‍ ലയിച്ചു. ഭര്‍ത്താവാകട്ടെ, പരിഹാസത്തിനു സ്വല്പം ശമനം ഉണ്ടായപ്പോള്‍ കൈകാലുകള്‍ കഴുകാന്‍, ആറ്റുപടികള്‍ ഇറങ്ങിച്ചെന്നു. പടവിലിരുന്ന് മുഖം കഴുകാന്‍ കൈക്കുമ്പിളില്‍ വെള്ളമെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരോ പിടിച്ചു വലിക്കുന്ന പ്രതീതിയില്‍ അയാള്‍ വെള്ളത്തിലേക്ക് വീണു. പ്രാര്‍ത്ഥനയില്‍ മുഴുകി നിന്ന ഭാര്യ, ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ ഭര്‍ത്താവിനെ കാണാനില്ലായിരുന്നു. ഉള്ളുരുകി പ്രാര്‍ത്ഥിച്ച യുവതി ഭര്‍ത്താവില്ലാതെ തിരിച്ചുപോകില്ലന്ന് ശപഥം ചെയ്തു. ജലപാനമില്ലാതെ മൂന്നു ദിനരാത്രങ്ങള്‍ അമ്മയുടെ സങ്കേതത്തില്‍ അവള് കഴിഞ്ഞു. നിരാശയാല്‍ അവള് ജീവന് ഹോമിക്കാനായി ആറ്റിലേക്ക് ചാടാന്‍ തുടങ്ങിയപ്പോള്‍ ആ ഭാഗത്തായി ആവി പറക്കുന്ന പായസവുമായി രണ്ടു കൈകള്‍ ഉയര്‍ന്നു വരുന്നതായി കണ്ടു. ഇത് തന്റെ ഭര്‍ത്താവാണെന്നു തിരിച്ചറിഞ്ഞതോടെ യുവതിക്ക് സന്തോഷമായി. ആറ്റില്‍ നിന്നും ചവിട്ടുപടിയില്‍ കയറിയ ഭര്‍ത്താവ് അവിടെ കൂടി നിന്നിരുന്ന ഭക്തജനങ്ങളെ സാക്ഷിയാക്കി പറഞ്ഞു, ഇവിടെ എല്ലാമുണ്ട്, തങ്ക ഗോപുരങ്ങളോടുകൂടിയ സുവര്‍ണ്ണ ക്ഷേത്രം ഞാന്‍ കണ്ടു, എന്നാല്‍ മൂന്നുദിവസങ്ങള്‍ കൊണ്ടു ക്ഷേത്രത്തിന്റെ കുറച്ചു ഭാഗങ്ങളില്‍ മാത്രമെ എനിക്കു ദര്‍ശിക്കുവാന്‍ സാധിച്ചുള്ളു… മനോഹരവും വിശാലവുമായ ഒരു സുവര്‍ണ്ണ ക്ഷേത്രസമുച്ചത്തിലാണു സാക്ഷാല്‍ ശാര്‍ങ്ഗക്കാവ് ഭഗവതി വാഴുന്നതെന്നും ഇയാള്‍ സാക്ഷ്യപ്പെടുത്തി.
ഇതു തന്നെയാണ് ഇന്നും ഇവിടുത്തുകാരുടെ വിശ്വാസം. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലെ ഉദാരമതികളായ ഭക്തജനങ്ങളും നാട്ടുകാരും, കരക്കാരും ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ദേവപ്രശ്നത്തില്‍ ഇത്തരം ക്ഷേത്രം ഇവിടെ ആവശ്യമില്ലെന്നും, സ്വയംഭൂവായ ദുര്‍ഗ്ഗ കുടികൊള്ളുന്നതിനാല്‍ നയന സുന്ദരമായ ഈ കാവ് ഇതേപടി നിലനിര്‍ത്തി പോകണമെന്നും തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: