ന്യൂദല്‍ഹി: ഹിന്ദു സമ്രാജ്യദിനത്തില്‍ ഛത്രപതി ശിവജിയുടെ ഉടവാളായ ‘ജഗദംബ’യെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധീര്‍ മുംഗന്തിവാര് പറഞ്ഞു. മറാത്ത സമ്രാജ സ്ഥാപനത്തിന്റെയും ശിവജിയുടെ കിരീടോധാരണത്തിന്റെ 350ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാള്, അന്നത്തെ വെയില്‍സ് രാജകുമാരനും പിന്നീട് എഡ്വേര്‍ഡ് ഏഴാമന് രാജാവുമായ ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന് 1875-76ലാണ് ശിവാജി നാലാമന് വാള് സമ്മാനിച്ചത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നിന്ന് വാള് വാങ്ങുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് വാള് രാജ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് കേന്ദ്രം ഉറപ്പ് നല്‍കിയെന്നും അദേഹം പറഞ്ഞു. ഇതിനായി യുകെയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ മെയ് മാസത്തില്‍ ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് മന്ത്രി.
ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെ സമീപിക്കും. ശിവാജി മഹാരാജിന്റെ കരശ്പര്‍ശം വീണ വാള് നമ്മുക്ക് അമൂല്യമാണ്. ഒരു വര്‍ഷമെങ്കിലും മഹാരാഷ്ട്രയില്‍ വാള് സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. 2024ല്‍ ശിവാജിയുടെ പട്ടാഭിഷേകത്തിന്റെ 350ാം വാര്‍ഷികം ആഘോഷിക്കാന്‍ ജഗദംബ വാള് തിരികെ ലഭിച്ചാല്‍ അത് അഭിമാനത്തിന്റെ നിമിഷമായിരിക്കും. വാള് കിട്ടിയാല്‍, ആ പ്രത്യേക ദിവസത്തിനായി സംസ്ഥാനത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
1674 ജൂണ്‍ ആറിനാണ് റായ്ഗഡ് കോട്ടയില്‍ വെച്ച് ശിവാജി തന്റെ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി കിരീടമണിഞ്ഞത്. അദ്ദേഹത്തിന് ‘ഭവാനി’, ‘ജഗദംബ’, ‘തുള്‍ജ’ എന്നിങ്ങനെ മൂന്ന് വാളുകള്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രം. യുദ്ധ വാളുകളായ ഭവാനിയും തുള്‍ജയും യഥാക്രമം സത്താറയിലും സിന്ധുദുര്‍ഗ് കോട്ടയിലുമാണ്. എന്നാല്‍ ഉടവാളായ ജഗദംബ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പരിധിയിലുള്ള സെന്റ് ജെയിംസ് കൊട്ടാരത്തിലാണ്. വാള് തിരികെ കൊണ്ടുവരാനുള്ള ആദ്യ ശ്രമം സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകാണ് നടത്തിയത്. സ്വാതന്ത്ര്യാനന്തരം, മഹാരാഷ്ട്രയിലെ ആദ്യ മുഖ്യമന്ത്രി യശ്വന്ത്റാവു ചവാന് ഉള്‍പ്പെടെ നിരവധി മുഖ്യമന്ത്രിമാര്‍ ഇതിനായി ശ്രമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: