ന്യൂദല്‍ഹി : ഉക്രൈന്‍ ജനതയ്‌ക്കായി മെഡിക്കല്‍ ഉപകരണങ്ങളും വൈദ്യ സഹായങ്ങളും നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി എമൈന്‍ ജാപറോവ വഴിയാണ് സെലന്‍സ്‌കി ഇതുസംബന്ധിച്ച കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുകയായിരുന്നു.
റഷ്യന്‍ ആക്രമണങ്ങളെ തുടര്‍ന്ന ഉക്രൈന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ 15 വര്‍ഷത്തെ സാമ്പത്തിക പുരോഗതിയാണ് റഷ്യന്‍ അധിനിവേശത്താല്‍ ഇല്ലാതായിരിക്കുന്നത്. ഈ ഘട്ടത്തില്‍ ഇന്ത്യയുടെ സഹായം അത്യന്താപേക്ഷിതമാണെന്നും ജി20 യോഗത്തില്‍ ഉക്രൈന്‍ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും സെലന്‍സ്‌കിയുടെ കത്തില്‍ പറയുന്നുണ്ട്.
റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ 461 കുട്ടികള്‍ ഉള്‍പ്പെടെ 9,655 സാധാരണക്കാര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2 ദശലക്ഷത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്‌ക്കായി 135 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. ഡൊനെറ്റ്സ്‌ക്, ഖാര്‍കിവ്, ലുഹാന്‍സ്‌ക്, കെര്‍സണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശഷ്ടം ഉണ്ടായിരിക്കുന്നത്.
അതേസമയം യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ സഹായം നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ജി 20 ഉച്ചകോടിയില്‍ സെലന്‍സ്‌കിയെ പങ്കെടുപ്പിക്കണമെന്ന ഉക്രൈനിന്റെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി കീവ് സന്ദര്‍ശിക്കണമെന്നും, റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് അറുതി വരുത്തുന്നതിനായി ഇന്ത്യ ഇടപെടലുകള്‍ നടത്തണമെന്നും ജാപറോവ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: