മഞ്ചേരി: സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന കളിയില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ആദ്യം പിന്നിട്ടു നിന്ന ശേഷമാണ് മുംബൈ സിറ്റി ജയം സ്വന്തമാക്കിയത്. കളിയുടെ പരിക്ക് സമയത്ത് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലാലിയന്‍സുല ചാങ്തെയാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. റൗലിന് ബോര്ഗസാണ് മറ്റൊരു ഗോള്‍ നേടിയത്. ചര്‍ച്ചിലിനായി അന്‍സുമാന ക്രോമയാണ് ലക്ഷ്യം കണ്ടത്.
ഒരു വിദേശ താരവുമില്ലാതെയാണ് മുംബൈ സിറ്റി കളത്തിലിറങ്ങിയത്. കളിയുടെ തുടക്കത്തില്‍ ചര്‍ച്ചിലിന്റെ മുന്നേറ്റമായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ മുംബൈ സിറ്റി പ്രതിരോധ താരം രാഹുല്‍ ബെക്കെയുടെ പിഴവില്‍ നിന്ന് ചര്‍ച്ചിലിന്റെ അന്‍സുമാന ക്രോമ പന്ത് റാഞ്ചിയെടുത്ത് ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നാലെ ഒന്‍പതാം മിനിറ്റില്‍ ചര്‍ച്ചില്‍ ലീഡ് നേടി. മുംബൈ ഗോളിയുടെ പിഴവാണ് ഗോളിന് വഴിവച്ചത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത അന്‍സുമാന ഗോളിയെ മറികടന്ന് അനായാസം വല കുലുക്കി. 26-ാം മിനിറ്റില്‍ റഫറിയോട് തര്‍ക്കിച്ചതിന് ചര്‍ച്ചിലിന്റെ അനില്‍ റാമക്ക് മഞ്ഞ കാര്‍ഡ് വിധിച്ചു. തൊട്ടടുത്ത മിനിറ്റില്‍ മുംബൈ മിഡ്ഫീല്‍ഡര്‍ റൗലിങ് ബോര്‍ഗസ് എടുത്ത ഫ്രീകിക്കിന് മെഹത്താബ് സിങ് കൃത്യമായി തലവച്ച് മുംബൈ സിറ്റിയെ സമനിലയിലെത്തിച്ചു. പിന്നീട് 37-ാം മിനിറ്റില്‍ റൗലിംഗ് ബോര്‍ഗസ് നല്കിയ മറ്റൊരു മനോഹര ക്രോസ്സിന് രാഹുല്‍ ബെക്ക കൃത്യമായി തല വച്ചെങ്കിലും നോറ ഫെര്‍ണണ്ടസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 43-ം മിനിറ്റില്‍ മറ്റൊരു നല്ല അവസരവും മുംബൈ നഷ്ടമാക്കിയതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍ പിരിഞ്ഞു.
രണ്ടാംപകുതിയില്‍ ചര്‍ച്ചില്‍ സര്‍ദോര്‍ ജാക്ക്നോവിനെ പിന്‍വലിച്ച് ലാലൊംപ്യുയ സെയ്ലോയെ ഇറക്കി. 54-ാം മിനിറ്റില്‍ ചര്‍ച്ചിലിന്റെ മാര്ട്ടിന് നിക്കോളാസ് ഇടത് വിങ്ങില്‍ക്കൂടി മുന്നേറി ഷോട്ട് ഉതിര്‍ത്തെങ്കിലും മുംബൈ ഗോള്‍ കീപ്പര്‍ ഫ്യൂബ ടെംപ പന്ത് കൈയിലൊതുക്കി. 64-ാം മിനിറ്റില്‍ പരിക്കേറ്റ മുംബൈയുടെ റാള്‍ട്ടെക്ക് പകരം ഗുര്‍കിറത് സിങ്ങിനെ മൈതാനത്തിറക്കി. തൊട്ടുപിന്നാലെ റൗലിങ് ബോര്‍ഗസിന്റെ ഫ്രീകിക്ക് ഗുര്കിരത്ത് സിങ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ കളി സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പിച്ച അവസരത്തില്‍ മുംബൈയ്ക്ക് പെനല്‍റ്റി ലഭിച്ചു. വിക്രം പ്രതാപിനെ ചര്‍ച്ചില്‍ താരം ബോക്സില്‍ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത ചങ്തെ അനായാസം ലക്ഷ്യം കണ്ടതോടെ വിജയം മുംബൈ സിറ്റിക്കൊപ്പം നിന്നു. ശനിയാഴ്ച മുംബൈ സിറ്റി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: