ഫരീദാബാദ്: ആരോഗ്യ പരിപാലന രംഗത്ത് ആധുനിക വത്കരണം അനിവാര്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഫരീദാബാദിലെ അമൃത ആശുപത്രി കാമ്പസില്‍ ആരംഭിച്ച അമൃത സ്കൂള്‍ ഓഫ് മെഡിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത ആശുപത്രിയില്‍ നടന്ന സി 20 ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് ഉച്ചകോടിയുടെ വേദിയിലായിരുന്നു ഉദ്ഘാടനം. പാരമ്പര്യ ചികിത്സാരീതികളുടെ അധുനികവത്കരണവും ഉപയോഗവും ആരോഗ്യ പരിപാലനത്തിന് അനിവാര്യമാണെന്നും ഹരിയാന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ നിലനില്‍പ്പ് ശാരീരികമായ ആരോഗ്യത്തെ മാത്രം അടിസ്ഥാനമാക്കിയല്ലെന്നും മാനസികവും ബൗദ്ധികവും വൈകാരികവുമായ ആരോഗ്യവും പ്രധാനമാണെന്നും സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് നല്കിയ സന്ദേശത്തില്‍ സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിത്സാ സമ്പ്രദായങ്ങളുടെയും പങ്ക് ഒട്ടും അവഗണിക്കാവുന്നതല്ല. ആധുനിക വൈദ്യ ശാസ്ത്രത്തിനും ചികിത്സാ സമ്പ്രദായങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. സമഗ്രമായ ആരോഗ്യത്തിന് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് മുന്നോട്ട് നീങ്ങുക എന്നത് പ്രധാനമാണെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
കേന്ദ്ര ഊര്‍ജ, വ്യവസായ സഹമന്ത്രി കൃഷന് പാല് ഗുര്‍ജാര്‍ , ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്, ഹരിയാന ഊര്‍ജ്ജ വകുപ്പ് മന്ത്രി രഞ്ജിത്ത് സിംഗ്, രാജേഷ് നഗാര്‍ എം.എല്‍.എ, കേന്ദ്ര ആയുഷ് മന്ത്രാലയം ഉപദേഷ്ടാവ് ഡോ. മനോജ് നെസരി, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്മാന് സ്വാമി അമൃത സ്വരൂപാനന്ദപുരി എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള എന്‍ഐആര്‍എഫ് റാങ്കിങില്‍ 2022 ലെ രാജ്യത്തെ മികച്ച 5-ാമത്തെ സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ട അമൃത വിശ്വവിദ്യാപീഠത്തിന്റെ എട്ടാമത് കാമ്പസാണ് ഫരീദാബാദിലെ അമൃത സ്കൂള്‍ ഓഫ് മെഡിസിന്. 5.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ കാമ്പസുള്ള അമൃത സ്കൂള്‍ ഓഫ് മെഡിസിനില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 150 എംബിബിഎസ് സീറ്റുകളിലേക്കാണ് അഡ്മിഷന്. നീറ്റ് യോഗ്യത അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം.
ഫരീദാബാദ് അമൃത ആശുപത്രിയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സി 20 ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് ഉച്ചകോടിയില്‍ 700-ലധികം സിഎസ്ഒ കളില്‍ നിന്നുള്ള പ്രതിനിധികള്‍, ആരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ , പൊതുജനാരോഗ്യ മേഖലയിലുള്ളവര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതിനിധികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. അര്‍ജന്റീന, റുവാണ്ട, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍ ആരോഗ്യ മന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: