ലക്നൗ: തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ കേന്ദ്രമന്ത്രി അമിത് ഷാ നാളെ ഉത്തര്‍പ്രദേശില്‍ രണ്ട് റാലികളില്‍ പങ്കെടുക്കും. അസംഗഡ്, കൗഷാംബി എന്നിവിടങ്ങളിലാണ് റാലികള്‍.
2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ശേഷം ആദ്യമായാണ് അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷനായി ഒരു വര്‍ഷം കൂടി കാലാവധി നീട്ടിയ ശേഷം ബിജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വാരണാസിയും ഗാസിപൂരും സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ലോക് സഭ ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായ അസംഗഡില്‍ ബിജെപി വിജയിച്ചിരുന്നു. മെയിന്‍പുരിയിലെ കര്‍ഹാല്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ അഖിലേഷ് യാദവ് രാജിവച്ച സാഹചര്യത്തിലാണ് അസംഗഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാതിരുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് വലിയ നേട്ടമായിരുന്നു. മുസ്ലീം ഭൂരിപക്ഷ മേഖലയാണ് അസംഗഡ്.
കൗഷാംബിയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും ബി ജെ പി സമാജ് വാദി പാര്‍ട്ടിയോട് പരാജയപ്പെട്ടിരുന്നു. അമിത് ഷായുടെ വരവിനെ സംസ്ഥാന ബിജെപി നേതാക്കള്‍ പ്രതീ്ഷയോടെയാണ് നോക്കി കാണുന്നത്. പ്രത്യേകിച്ചും അടുത്ത വര്‍ഷം നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി ഉടന്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്ന സാഹചര്യത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: