തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സാമ്പത്തിക വളര്‍ച്ചയും ലിംഗസമത്വവും ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് കേന്ദ്ര വനിതാ-ശിശുവികസന സഹമന്ത്രി ഡോ. മുഞ്ജപര മഹേന്ദ്രഭായി. ‘സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഗുണപ്രദം’ എന്ന വിഷയത്തിലുള്ള, രണ്ടാമത് ജി-20 എംപവര്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശിച്ച അദ്ദേഹം ഈ മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടം എടുത്തു കാട്ടി. 230 ദശലക്ഷത്തിലധികം സ്ത്രീകള്‍ വ്യാവസായിക വായ്പകളുടെ പ്രയോജനം നേടി. 257 ദശലക്ഷത്തിലധികം ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്കായി തുറന്നു. സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം വര്‍ധിപ്പിച്ചു. സായുധ സേനയില്‍ 2091 ഓളം വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം നിയമനം നല്കി, മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ ജീവിതപ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിന് മാതൃകയായെന്ന് വനിതാശിശുവികസന സെക്രട്ടറി ഇന്ദീവര്‍ പാണ്ഡെ പറഞ്ഞു. 500 ദശലക്ഷത്തിലധികം പൗരന്മാര്ക്ക് സൗജന്യ ചികിത്സ നല്കുന്ന ആയുഷ്മാന്‍ ഭാരതില്‍ 49.3% ഗുണഭോക്താക്കളും സ്ത്രീകളാണ്. ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍, വഴി 310 ദശലക്ഷം ഓക്സോ-ബയോഡീഗ്രേഡബിള്‍ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ഒരു രൂപയ്ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സ്റ്റെം ബിരുദധാരികളില്‍ 43% സ്ത്രീകളാണെന്ന് എംപവര്‍ അധ്യക്ഷ ഡോ. സംഗീത റെഡ്ഡി പറഞ്ഞു. പ്രത്യേക പ്രദര്‍ശനവും കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ഒരുക്കിയ പ്രദര്‍ശനം, സമ്പദ്വ്യവസ്ഥയിലും പരമ്പരാഗത സംരംഭങ്ങളിലും സ്ത്രീകളുടെ സ്വാധീനം ഉയര്‍ത്തിക്കാട്ടുന്നു. ശാസ്ത്രീയവും പാരമ്പര്യേതരവുമായ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തല്‍ അടക്കമുള്ള വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: