കോഴിക്കോട് :എലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ പ്രതി ഷാരുഖ് സെയ്ഫിയെ കോഴിക്കോട് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലെത്തിച്ചു. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് പ്രതിയെ കേരളത്തില്‍ എത്തിച്ചത്. എഡിജിപി എം.ആര്. അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ രാജ് പാല് മീണയും ഇതിനായി പോലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്.
ഷാരുഖിനെ കൊണ്ടുവരുമ്പോള്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. ഷാരൂഖ് സെയ്ഫിയുമായി പുലര്‍ച്ചെ 3.35ന് കണ്ണൂര്‍ മേലൂരിന് സമീപം എത്തിയപ്പോള്‍ ടയര്‍ പഞ്ചറായി. 4.40 ന് പ്രതിയെ മറ്റൊരുവാഹനത്തിലേക്ക് മാറ്റികയറ്റി. 4.40 ന് പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അതിനിടയില്‍ ഈ വാഹനം ബ്രേക്ക്ഡൗണുമായി. കണ്ണൂര്‍ കടാച്ചിറയിലാണ് വാഹനം ബ്രേക്ക്ഡൗണായത്. തുടര്‍ന്ന് സ്വകാര്യ വാഹനത്തിലാണ് പ്രതിയെ 6.10 ന് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലെത്തിച്ചത്. ഇയാള്‍ക്കൊപ്പം മൂന്ന് പോലീസുകാര്‍ മാത്രമാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഷാരുഖ് സെയ്ഫി ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. തന്റെ ‘ കുബുദ്ധി’യിലാണ് ട്രെയിനില്‍ ആക്രമണം നടത്തിയതെന്നാണ് ഷാരുഖ് അന്വേഷണ സംഘത്തിന് ആദ്യം നല്‍കിയിട്ടുള്ള മൊഴി. ആക്രമണത്തിന് ശേഷം പുലര്‍ച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പര്‍ട്ട്മെന്റിലായിരുന്ന യാത്ര ചെയ്തതെന്നും ഇയാള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം കേസില്‍ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും. കോടതിയില്‍ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷന്‍ 15, 16 എന്നിവയാണ് ചുമത്തുക. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: