ന്യൂദല്‍ഹി: കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യംവെച്ച് ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടെ, മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി. റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന പാംപ്ലാനിയുടെ പ്രസ്താവന സൃഷ്ടിച്ച ചര്‍ച്ച കെട്ടടങ്ങുന്നതിന് മുന്‍പാണ് അടുത്ത നീക്കമുണ്ടായിരിക്കുന്നത്.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഓര്‍ത്തോഡ്ക്സ് സഭാധ്യക്ഷനോടൊപ്പം കേന്ദ്രമന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് വി.മുരളീധരന് ട്വിറ്ററില്‍ കുറിച്ചു. കോട്ടയത്തുള്ള തങ്ങളുടെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചതും ഈ സന്ദര്‍ശനത്തിന്റെ രാഷ്ട്രീയ ഗൗരവം വര്‍ധിപ്പിക്കുന്നു. ദല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായാണ് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ തലസ്ഥാനത്തെത്തിയത്.
‘സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തെ കണ്ടതിന് ശേഷം, ശരിക്കും സന്തോഷം തോന്നുന്നു, അദ്ദേഹം സഭയുടേയും പള്ളിയുടേയും പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ചു, ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ‘ – ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത തവണ കേരളത്തിലെത്തുമ്പോള്‍ തങ്ങളുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സഭയുടെ ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ, ചാരിറ്റി സ്ഥാപനങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് നല്ല പോലെ അറിയാമെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: